അൻവർ രാജിവെച്ചിട്ട് മൂന്നര മാസം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതമായി നീളുന്നു. മിണ്ടാതെ തിരഞ്ഞെടുപ്പു കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒരുക്കം സജീവമാക്കി മുന്നണികൾ. സിറ്റിങ് സീറ്റെങ്കിലും എൽഡിഎഫിനും ബിജെപിക്കും ഉപതെരെഞ്ഞെടുപ്പിൽ വലിയ താൽപര്യം ഇല്ലെന്നും സൂചന

ഇക്കഴിഞ്ഞ ജനുവരി 13 നാണ് പി.വി അൻവർ എം.എൽ.എ ഔദ്യോഗികമായി സ്പീക്കർക്ക് രാജി സമർപ്പിച്ചത്. തുടർന്ന് മണ്ഡലത്തിൽ പെട്ടെന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക് കൂട്ടൽ. 

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
udf ldf bjp

മലപ്പുറം : നിലമ്പൂർ മണ്ഡലത്തിലെ എം.എൽ.എയായിരുന്ന പി.വി അൻവർ രാജിവെച്ച് മൂന്നരമാസം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതമായി നീളുന്നു. നിയമസഭയുടെ കാലാവധി ഒരു വർഷം കൂടി നീണ്ടുനിൽക്കേയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നീളുന്നത്. 

Advertisment

ഇക്കഴിഞ്ഞ ജനുവരി 13 നാണ് പി.വി അൻവർ എം.എൽ.എ ഔദ്യോഗികമായി സ്പീക്കർക്ക് രാജി സമർപ്പിച്ചത്. തുടർന്ന് മണ്ഡലത്തിൽ പെട്ടെന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക് കൂട്ടൽ. 


എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വേണമെങ്കിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് വെയ്ക്കാനുള്ള അധികാരവും കമ്മീഷനുണ്ടെന്നും പറയപ്പെടുന്നു.


എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും അത് ചോദ്യം ചെയ്ത് കോടതിയിൽ പോകുമെന്നുമാണ് അൻവർ മുമ്പ് വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിക്കും നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ താൽപര്യം ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ മണ്ഡലത്തിൽ കൺവെൻഷനുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷമാവും തങ്ങൾ ഒരുക്കങ്ങൾ സജീവമാക്കുകയെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്. 


വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് വലിയ രാഷ്ട്രീയമാനങ്ങളാവും ഉപതിരഞ്ഞെടുപ്പിലെ മുന്നണികളുടെ ജയപരാജയങ്ങൾ നൽകുക. 


നിലവിൽ എൽ.ഡി.എഫിനൊപ്പം നിലകൊണ്ടിരുന്ന മണ്ഡലത്തിൽ യു.ഡി.എഫ് വിജയിച്ചാൽ സംസ്ഥാനത്ത് ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന തരത്തിൽ വിലയിരുത്തൽ ഉണ്ടാവും. 

എന്നാൽ ഇടതുമുന്നണി വിജയിച്ചാൽ ഭരണത്തുടർച്ചയെന്ന വാദവും ശക്തിപ്പെടും. ബി.ജെ.പിക്ക് ഇതുവരെ വിജയസാധ്യത കൽപ്പിച്ചിട്ടില്ലാത്ത മണ്ഡലത്തിൽ അവരുടെ വോട്ടു വർധനയും സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിച്ചേക്കാം. 


മൂന്നാം ശക്തിയായി സംസ്ഥാനത്ത് ബി.ജെ.പി ഉയർന്നു വരുന്നതിന്റെ സൂചനയായി മണ്ഡലത്തിലെ വോട്ടു വർധന വിലയിരുത്തപ്പെടും. 


അതേസമയം പാർട്ടിക്ക് വോട്ട് ചോർച്ചയാണ് ഉണ്ടാകുന്നതെങ്കിൽ അത് പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാജയമായും വ്യാഖ്യാനിക്കപ്പെടും.

സ്ഥാനാർത്ഥി നിർണ്ണയം ഇടത്- വലത് മുന്നണികളെ അലോസരപ്പെടുത്തുമ്പോൾ മണ്ഡലത്തിൽ സ്വാധീനം ഉറപ്പിക്കാനാണ് ബി.ജെ.പി നീക്കം. മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവരെ കോൺഗ്രസ് പരിഗണിക്കുമ്പോൾ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷൻ യു.ഷറഫലിയാണ് സി.പി.എമ്മിന്റെ ഒന്നാം പേരുകാരൻ. 


പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സംഭവിച്ചതു പോലെ കോൺഗ്രസിൽ നിന്നും ആരെങ്കിലും പിണങ്ങിയെത്തിയാൽ അവർക്ക് സീറ്റ് നൽകാനുള്ള തന്ത്രവും ഇടതുപക്ഷം പുറത്തെടുത്തേക്കും.


യു ഡി എഫ് വി എസ് ജോയിയെ ആണ് പരിഗണിക്കാൻ സാധ്യതയെന്നാണ് പരക്കെ ധാരണ. അങ്ങനെ വന്നാൽ ആര്യാടൻ ഷൌക്കത്ത് ഇവിടെ എൽ ഡി എഫ് സ്ഥാനാർഥി ആകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത് .

പരമാവധി കോൺഗ്രസിലെ തമ്മിലടി രാഷ്ട്രീയമായി മുതലെടുക്കണമെന്നാണ് സി.പി.എം സംസ്ഥാന നേതൃയോഗങ്ങളിൽ ഉരിത്തിരിഞ്ഞിരിക്കുന്ന ധാരണ.


സംസ്ഥാനത്ത് മൂന്നാം ശക്തിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ചില പോക്കറ്റുകളിൽ ശക്തമാണെങ്കിലും നിയമസഭാ മണ്ഡലത്തിൽ ഒരു ബദൽ രാഷ്ട്രീയകക്ഷിയാകാനുള്ള സാധ്യത തീരെയില്ല. 


അതുകൊണ്ട് തന്നെ മത്സരത്തിൽ തങ്ങളുടെ വോട്ട കൂട്ടുക എന്നതിലുപരി ഒരു രാഷ്ട്രീയവും ബി.ജെ.പി മുന്നോട്ട് വെയ്ക്കുന്നില്ല. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

നിലവിൽ മുന്നണികൾ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കിയിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പൊന്നും വരാത്തത് സി.പി.എം - ബി.ജെ.പി ഡീലിന്റെ ഭാഗമെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്.


മൂന്ന് മുന്നണികളിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നാണ് യു.ഡി.എഫ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.


രാജ്യത്തിനി വിവിധ സംസ്ഥാനങ്ങളിലെ 8 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതിൽ ഗുജറാത്തിലും കശ്മീരിലും 2 മണ്ഡലങ്ങൾ വീതമുണ്ട്. ബംഗാൾ, മണിപ്പുർ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളും. 

കശ്മീരിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപനം വൈകുമെന്ന ആശങ്കയുമുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല

Advertisment