എൻ. വാസു സ്വർണ കവർച്ചയ്ക്ക് ഒത്താശ ചെയ്തു. കൊള്ള ബോർഡിന്റെ അറിവോടെ. റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണക്കൊള്ളയ്ക്കുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു

വാസുവിന്റെ പങ്ക് അക്കമിട്ട് നിരത്തുന്ന റിപ്പോർട്ട്, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനും രണ്ട് അംഗങ്ങൾക്കുമെതിരെ കുരുക്ക് മുറുക്കുന്നതുമാണ്

New Update
vasu

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ കുടുതൽ വിവരങ്ങൾ പുറത്ത്.

Advertisment

വാസു സ്വർണ കവർച്ചയ്ക്ക് ഒത്താശ ചെയ്തെന്നും കട്ടിളപ്പാളിയിലെ സ്വർണം കടത്തിയത് ബോർഡിന്റെ അറിവോടെയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വാസുവിന്റെ പങ്ക് അക്കമിട്ട് നിരത്തുന്ന റിപ്പോർട്ട്, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനും രണ്ട് അംഗങ്ങൾക്കുമെതിരെ കുരുക്ക് മുറുക്കുന്നതുമാണ്.

എൻ. വാസുവാണ് സ്വർണപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തുന്നത്. അത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്ന് റിപ്പോർട്ടിൽ പറയുന്നു.

വാസുവിന് ഗൂഢാലോചനയിൽ പങ്കുണ്ട്. സ്വർണക്കൊള്ളയ്ക്കുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്താൻ നിർദേശം നൽകി.

സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാനുള്ള നടപടി സ്വീകരിച്ചതും വാസുവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സ്വർണം പൂശിയതെന്ന പരാമർശം അന്നത്തെ കമ്മീഷണറായിരുന്ന വാസു ബോധപൂർവം ഒഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്വർണക്കൊള്ള ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗൂഢാലോചനയാണെന്നും തങ്ങൾക്ക് അറിവില്ലെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി. ഇത് പൂർണമായും തള്ളുന്നതാണ് റിപ്പോർട്ട്.

അതേസമയം, എൻ. വാസുവിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. വാസുവിനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേർത്തിട്ടുണ്ട്.

കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേർത്തത്. ഉണ്ണികൃഷ്ണൻ പോറ്റി ഒഴികെയുള്ളവർക്കെതിരെ ഈ വകുപ്പ് ബാധകമാണ്. കേസ് കൊല്ലത്തെ വിജിലൻസ് കോടതിയിലേക്ക് മാറ്റിയേക്കും.

ഇവർക്കെതിരായ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. 

നേരത്തെ ചില രേഖകൾ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിരുന്നു.

 ചോദ്യം ചെയ്യലിൽ, മുമ്പ് അറസ്റ്റിലായവരുടെ മൊഴികൾ സാധൂകരിക്കപ്പെടുകയാണെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെതീരുമാനം.

Advertisment