കോളജുകളില്‍ ആരും വിശന്നിരിക്കാന്‍ പാടില്ല. വിശപ്പു രഹിത ക്യാമ്പസ് പദ്ധതി വ്യാപിപ്പിക്കണമെന്ന് ആവശ്യം. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയത് 68 സര്‍ക്കാര്‍ കോളജുകളില്‍. പദ്ധതിയില്‍ ഉള്‍പ്പെടുന്നത് 14,235 വിദ്യാര്‍ഥികള്‍

New Update
campus canteen

കോട്ടയം: കോളജുകളില്‍ ആരും വിശന്നിരിക്കാന്‍ പാടില്ല. വിശപ്പു രഹിത ക്യാമ്പസ് പദ്ധതി വ്യാപിപ്പിക്കണമെന്ന് ആവശ്യം. എല്ലാവരും ഉച്ചയ്ക്കു ഭക്ഷണം കഴിക്കുന്ന സമയത്തു ചിലര്‍ മാത്രം മാറി നില്‍ക്കുന്ന അവസ്ഥ ഭീകരമാണ്. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പൊതിച്ചോര്‍ കൂട്ടുകാര്‍ ഒന്നിച്ചു കഴിക്കുമെങ്കിലും എല്ലാ ദിവസവും കൂട്ടുകാരെ ആശ്രയിക്കേണ്ടി വരുന്നതു ശരിയല്ലെന്ന തോന്നല്‍ പലര്‍ക്കും ഉണ്ടാകും.

Advertisment

ഇവര്‍ ഉച്ചയ്ക്കു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കാനെന്ന മട്ടില്‍ പുറത്തിറങ്ങും. കുറച്ചു സമയം പുറത്തു ചുറ്റിത്തിരിഞ്ഞ ശേഷം തിരിച്ചെത്തും. കയ്യില്‍ ആവശ്യത്തിനു പണമില്ലാത്തതിനാല്‍ ഉച്ചഭക്ഷണം ഒഴിവാക്കുന്നതു ഇന്നും നടക്കുന്ന ഒരു കാര്യമാണ്.

തിരൂര്‍ ഗവ. തുഞ്ചന്‍ കോളജില്‍ പല വിദ്യാര്‍ഥികളുടേയും അവസ്ഥ സമാനമെന്നു മനസിലാക്കിയതോടെ അധ്യാപകരെല്ലാം ചേര്‍ന്നു കോളജ് കാന്റീനില്‍ സൗജന്യമായി ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചത്. ഇതോടെ നൂറിലേറെ വിദ്യാര്‍ഥികളാണ് ഉച്ചക്കഞ്ഞിക്കായി കന്റീനില്‍ എത്തിയത്.

മുന്‍ വിദ്യാര്‍ഥികളും പിടിഎയും അധ്യാപകരുമെല്ലാം ചേര്‍ന്ന് ഇതു നടത്തിക്കൊണ്ടു പോകുന്നതിനിടെയാണു സര്‍ക്കാര്‍ ഇതു മാതൃകയാക്കി കോളജില്‍ വിശപ്പു രഹിത ക്യാമ്പസ് പദ്ധതി തുടങ്ങിയത്. കുടുംബശ്രീയെ കോളജ് കാന്റീനുകള്‍ നടത്താന്‍ ഏല്‍പിക്കുകയും ചെയ്തു.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍, 30 കിലോമീറ്റര്‍ ദൂരം താണ്ടി വരുന്നവര്‍, രക്ഷിതാക്കളില്ലാത്തവര്‍ എന്നിവര്‍ക്കെല്ലാം ഈ പദ്ധതി വഴി വിശപ്പടക്കാം. ഇതിനായി സര്‍ക്കാര്‍ ഫണ്ടും അനുവദിച്ചു. ഇന്നു സംസ്ഥാനത്ത് 68 സര്‍ക്കാര്‍ കോളജുകളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്.

2024-25 അധ്യയന വര്‍ഷം 14,235 വിദ്യാര്‍ഥികളാണു പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. മറ്റു കോളജുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യം വിദ്യാര്‍ഥി സംഘടനകള്‍ ഉന്നയിക്കുന്നു. കൂടുതല്‍ കോളജുകളില്‍ ക്യാന്റീന്‍, കുടുംബശ്രീ യൂണിറ്റുകളുമായി ചേര്‍ന്നു പദ്ധ നടപ്പാക്കുമെന്നാണ് ഉന്നത വിദ്യാഭ്യസ വകുപ്പ് ഉറപ്പു നല്‍കുന്നത്.