പാണക്കാട് കുടുംബം ഇത്തവണയും മുശാവറയിൽ ഇല്ല,സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചത് ലീഗ് അനുകൂലികളുടെ ആവശ്യം കണക്കിലെടുക്കാതെ,  സസ്‌പെന്റ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെയും തിരിച്ചെടുത്തില്ല

മുസ്തഫല്‍ ഫൈസിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഇതിന് കാരണമായി നേതൃത്വം പറയുന്നത്.

New Update
panakkad-rasheedali-thangal-897x538

മലപ്പുറം: ലീഗ് അനുകൂലികളുടെ ആവശ്യം കണക്കിലെടുക്കാതെ സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. 

Advertisment

പാണക്കാട് കുടുംബത്തെ ഇത്തവണയും മുശാവറയിലേക്ക് പരിഗണിച്ചില്ല. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപേരെയും മുശാവറയില്‍ ഉള്‍പ്പെടുത്തിയില്ല.

മാത്രവുമല്ല, സസ്‌പെന്റ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെയും തിരിച്ചെടുത്തില്ല. മുസ്തഫല്‍ ഫൈസിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഇതിന് കാരണമായി നേതൃത്വം പറയുന്നത്. 

ആറു പേരെയാണ് നിലവില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗഫൂര്‍ അന്‍വരി, അലവി ഫൈസി കൊളപ്പറം, ബഷീര്‍ ഫൈസി ചീക്കോന്ന്, ഷഫീഖ് ബാഖവി കണ്ണൂര്‍, ടി കെ അബൂബക്കര്‍ വെളിമുക്ക്, മാമ്പുഴ സെയ്താലി മുസലിയാര്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം പാണക്കാട് കുടുംബാംഗങ്ങള്‍ പരിഗണനയ്ക്ക് വന്നില്ലെന്ന് മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.

 മുശാവറയില്‍ രണ്ട് ഒഴിവുകള്‍ കൂടിയുണ്ടെന്നും ഭാവിയില്‍ പരിഗണിച്ച് കൂടായ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുസ്തഫല്‍ ഫൈസി നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു.

Advertisment