/sathyam/media/media_files/2025/11/14/pinarai-vijayan-pension-distribution-2025-11-14-21-20-24.jpg)
തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം ഉറപ്പാക്കാൻ പിണറായി സർക്കാർ പയറ്റുന്നത് ബീഹാറിൽ എൻ.ഡി.എ പരീക്ഷിച്ച് വിജയിച്ച സൗജന്യങ്ങളെന്ന തന്ത്രമാണ്. ബീഹാറിൽ മുഖ്യമന്ത്രിയുടെ വനിതാ തൊഴിൽ പദ്ധതി ആരംഭിക്കുകയും ആദ്യ ഗഡുവായ 10,000 രൂപ വീതം 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതാണ് അവിടെ എൻ.ഡി.എയുടെ കൂറ്റൻ വിജയത്തിന് വഴിതുറന്നത്.
ബിഹാറിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനെന്ന പേരിൽ തുടങ്ങിയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതി പ്രകാരം മൊത്തം 7,500 കോടി രൂപ നേരിട്ട് സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതോടെ വനിതാ വോട്ടുകൾ അപ്പാടെ എൻ.ഡി.എയിലേക്ക് മറിഞ്ഞു.
കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീട്ടമ്മമാർക്ക് പെൻഷൻ അടക്കം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു കോടി കുടുംബങ്ങളിലേക്കാണ് ആനുകൂല്യമെത്തിക്കുക.
60 ലക്ഷം സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു കോടി ജനങ്ങൾക്ക് ആനുകൂല്യങ്ങളുടെ പെരുമഴ പോലെ പ്രഖ്യാപനങ്ങൾ നടത്തിയത് തുടർഭരണം ലക്ഷ്യമിട്ടാണ്. ഇതിന് 10000 കോടി ചെലവുണ്ടാവും.
പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നുമിടയിൽ പ്രായമുള്ള 31.34 ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതമുള്ള സ്ത്രീസുരക്ഷാ പെൻഷൻപദ്ധതി പ്രഖ്യാപിച്ചത് സ്ത്രീകളുടെ വോട്ടിൽ കണ്ണുവച്ചാണ്. സ്ത്രീസുരക്ഷയ്ക്കുള്ള പുതിയ പദ്ധതിക്കൊപ്പമാണ് പെൻഷൻ. ഏതെങ്കിലും സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കാത്തവർക്കായിരിക്കും ഇത് ലഭിക്കുക.
ക്ഷേമപെൻഷൻ 1600ൽ നിന്ന് 2000 ആക്കാൻ മാത്രം പ്രതിമാസം 200 കോടി വേണം. 13000 കോടിയാണ് പ്രതിവർഷം ക്ഷേമ പെൻഷന് വേണ്ടത്. സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഭാഗമായി വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ നൽകാൻ ഒരു വർഷം വേണ്ടത് 3800 കോടിയാണ്. യുവാക്കൾക്ക് മികച്ച ജോലി കണ്ടെത്താനുള്ള സ്കോളർഷിപ്പിന് വേണ്ടത് 600 കോടിയാണ്.
സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും സ്വയം തൊഴിൽ അവസരങ്ങളിലൂടെ അവരുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സൗജന്യ പദ്ധതിയാണ് വിജയത്തിൽ നിർണായകമായത്.
സ്ത്രീകൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ബിഹാർ സർക്കാർ വിപുലമായ തയ്യാറെടുപ്പുകൾ നടത്തി. തിരഞ്ഞെടുപ്പിന് മുൻപ് മൂന്നു ഗഡു തുക അവരുടെ കൈയിലെത്തിച്ചു. അതോടെ സ്ത്രീകൾ വിശ്വസിച്ച് എൻഡിഎയ്ക്ക് വോട്ടുചെയ്തു.
ഒരു സ്ത്രീയുടെ ഭർത്താവിന്റെ വരുമാനം ആദായനികുതിക്ക് വിധേയമാണെങ്കിൽ അവർക്ക് ഈ പദ്ധതിക്ക് അർഹതയുണ്ടായിരിക്കില്ല. ആദായനികുതി അടയ്‌ക്കുന്ന സ്ത്രീകൾക്കും അർഹതയുണ്ടായില്ല. കൂടാതെ സ്ത്രീയോ ഭർത്താവോ സർക്കാർ ജോലിയിലാണെങ്കിൽ അവർക്ക് ഈ പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിക്കില്ല. ഇതിനു പുറമെ സ്ത്രീയോ ഭർത്താവോ കരാർ ജോലികൾ ചെയ്യുന്നുണ്ടെങ്കിൽ അവർക്കും ഈ സ്കീമിന് അർഹതയുണ്ടായിരിക്കില്ല.
സമാനമായി കേരളത്തിലും പെൻഷൻ വർദ്ധനവടക്കം നവംബർ മുതൽ നടപ്പാക്കിക്കഴിഞ്ഞു. വീട്ടമ്മമാർക്ക് 1000 രൂപ പെൻഷൻ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ ആയുധമാവും. ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർത്തു.
നവംബറിൽ 3600രൂപയാണ് ഗുണഭോക്താക്കൾക്ക് കിട്ടുക. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും.
നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1,042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇത് തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us