/sathyam/media/media_files/HleNJbIuXkbef4XdDfKg.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡി.ജി.പി ആർ.ശ്രീലേഖ വിവാദക്കുരുക്കിൽ. ശ്രീലേഖയുടെ പ്രചാരണത്തിനുള്ള പോസ്റ്ററിൽ പേരിനൊപ്പം ഐ.പി.എസ് എന്ന് വലിയ അക്ഷരത്തിൽ ഉപയോഗിച്ചതാണ് കുരുക്ക്.
സിവിൽ സർവീസിൽ നിന്നും വിരമിച്ച ഒരു വ്യക്തി അത് എത്ര ഉന്നത പോസ്റ്റിൽ ആയിരുന്നു എങ്കിലും വിരമിക്കലിന് /രാജിവെച്ചതിന് ശേഷം പേരിനോടൊപ്പം ഐ.എ.എസ്, ഐ.പി.എസ് എന്ന് ഉപയോഗിക്കാനാവില്ല. ഈ യോഗ്യത ഉപയോഗിക്കുന്നതിന് സർവീസ് ചട്ടങ്ങൾ പ്രകാരം കൃത്യമായ വിലക്കും നിരോധനവുമുണ്ട്.
വിരമിച്ചവർ അവരുടെ ലെറ്റർ പാഡിൽ പോലും ഐ.എ.എസ് (റിട്ടയേഡ്), ഐ.പി.എസ് (റിട്ടയേഡ്) എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ പോലും ഉപയോഗിക്കാൻ പാടുള്ളതല്ല എന്ന് കർണ്ണാടക അഡീഷണൽ ചീഫ് സെക്രട്ടറി എം എൻ വിദ്യാശങ്കർ കേസിൽ കേന്ദ്ര സർക്കാരും, ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
ലെറ്റർ പാഡിൽ ഐ.എ.എസ് റിട്ടയേഡ് എന്ന് ഉപയോഗിച്ചതിനെതിരായ കേസാണിത്. എന്നാൽ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് /ഉദ്യോഗസ്ഥക്ക് അവർ അവസാനം വഹിച്ച പദവിയോടൊപ്പം റിട്ടയർഡ് എന്ന് ചേർത്ത് സംബോധന ചെയ്യുന്നതിനോ, ഉപയോഗിക്കുന്നതിനോ അവകാശമുണ്ട്. ഉദാഹരണത്തിന് ആർ. ശ്രീലേഖയ്ക്ക് അവരുടെ പേരിനൊപ്പം ഡിജിപി റിട്ടയേഡ് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല.
എന്നാൽ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീലേഖ പോസ്റ്ററിൽ ആർ.ശ്രീലേഖ ഐ.പി.എസ് എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. റിട്ടയർഡ് എന്നുപോലും എഴുതാത്തത് ഗുരുതരമായ ചട്ട ലംഘനം മാത്രമല്ല, ആൾമാറാട്ടവും, തെറ്റിദ്ധാരണ പരത്തലും, ക്രിമിനൽ കുറ്റവുമാണെന്നാണ് മറ്റ് പാർട്ടികൾ ആരോപിക്കുന്നത്.
ഐപിസി സെക്ഷൻ 170 പ്രകാരം ഒരാൾ തങ്ങൾക്കില്ലാത്ത ഒരു പൊതു പദവി വഹിക്കുന്നതായി നടിക്കുകയും ആ തെറ്റായ സ്ഥാനം ഉപയോഗിച്ച് പ്രവർത്തിക്കുകയും, തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നത് ഈ വകുപ്പ് പ്രകാരം കേസെടുക്കേണ്ട കുറ്റകൃത്യമാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/11/14/r-sreelekha-2025-11-14-18-48-21.jpg)
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2017ൽ ഇറക്കിയ സർക്കുലറിൽ പറയുന്നത് വിരമിച്ച ഉദ്യോഗസ്ഥർ വിസിറ്റിംഗ് കാർഡുകളിലോ ലെറ്റർഹെഡുകളിലോ പൊതു ആശയവിനിമയങ്ങളിലോ ‘ഐ.പി.എസ് റിട്ട. എന്ന പദവിയോ സമാനമായ വിശേഷണങ്ങളോ ഉപയോഗിക്കരുത് എന്നാണ്.
അഖിലേന്ത്യാ സർവീസ് ചട്ടങ്ങളും വിരമിച്ച ഉദ്യോഗസ്ഥരെ അവരുടെ പേരുകൾക്കൊപ്പം സർവീസ് പദവികളോ ചുരുക്കെഴുത്തുകളോ (എ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്പോലുള്ളവ) ഉപയോഗിക്കുന്നത് വ്യക്തമായി വിലക്കുന്നു.
പദവിയുടെ ദുരുപയോഗത്തിനെതിരേ സർവീസ് ചട്ടപ്രകാരം നടപടിയെടുക്കാനുമാവും. ശ്രീലേഖ വിരമിച്ചതാണെങ്കിലും ഈ കുറ്റത്തിന് അവർക്കെതിരേ അച്ചടക്ക നടപടി സാദ്ധ്യമാണ്. പെൻഷൻ/ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കൽ അടക്കം നടപടികളെടുക്കാം. എന്നാൽ ഇത് അപൂർവങ്ങളിൽ അപൂർവമാണ്.
“ഐപിഎസ്” എന്നത് ഒരു സർവീസ് കേഡറാണ്. ഒരു ഉദ്യോഗസ്ഥനുള്ള ആജീവനാന്ത തലക്കെട്ടല്ല. വിരമിച്ച ശേഷം, അത് പേരിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നെന്നാണ് അഖിലേന്ത്യാ ഉദ്യോഗസ്ഥരുടെ സർവീസ് ചട്ടം പറയുന്നത്. ശ്രീലേഖ പേരിനൊപ്പം ഡിജിപി പദവി ഉപയോഗിക്കുന്നതിനെതിരേ മറ്റ് കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us