കോട്ടയം: കോട്ടയത്ത് ശക്തമായ മഴ, ചുങ്കത്ത് കൂറ്റൻ വാകമരം റോഡിലേക്ക് കടപുഴകി വീണു. കോട്ടയം ചുങ്കം മെഡിക്കൽ കോളജ് ബൈപ്പാസിൽ ചുങ്കം പാലത്തിന് സമീപം രാവിലെ 6. 45 ഓടെയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വീണത്.
രാവിലെ ഈ ഭാഗത്ത് വലിയ തിരക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, ഇതുവഴി കടന്നുപോയ ഓട്ടോറിക്ഷ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മരത്തിനടിയിൽ പെടാതെ രക്ഷപ്പെട്ടത്.
മരത്തിന്റെ ശിഖരങ്ങൾ പതിച്ച് സമീപത്തെ ഒരു വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചുങ്കം കോയിക്കൽ ജോണിന്റെ വീടിനാണ് തകരാർ സംഭവിച്ചത്.
വീടിന് പുറത്തിറങ്ങാൻ ആവാത്ത വിധം മരച്ചില്ലകൾ വീണതിനെ തുടർന്ന് ജോണിന്റെ ഭാര്യയെ ഏറെ ബുദ്ധിമുട്ടി ആണ് വീടിന് പുറത്തിച്ചത്. കോട്ടയത്തു നിന്ന് ഫയർഫോഴ്സും ഗാന്ധിനഗർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
മരം വീണതിനെ തുടർന്ന് ചുങ്കം മെഡിക്കൽ കോളജ് ബൈപാസ് റോഡിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നുണ്ട്.
പിന്നീട് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.. പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. അതേ സമയം, ജില്ലയിലെ എല്ലാ താലൂക്കിലും ശനിയാഴ്ച രാത്രി മുതൽ ശക്തമാ മഴയുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.