/sathyam/media/media_files/2025/10/03/gold-plste-2025-10-03-18-43-46.jpg)
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കരട് കുറ്റപത്രം തയാറായി.
പ്രോസിക്യൂഷന്‍ അനുമതിക്കായി ഈ കുറ്റപത്രവും ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് എസ്.ഐ.ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നിരവധി പേരുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയാണു കുറ്റപത്രം തയാറാക്കിയത്. ഇതില്‍ പലരേയും കേസില്‍ സാക്ഷികളാക്കും.
12 പ്രതികളാണു കുറ്റപത്രത്തിലുള്ളതെന്നാണു വിവരം.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെ കേസില്‍ സാക്ഷികളായേക്കുമെന്നാണു പുറത്തു വരുന്ന സൂചനകള്‍.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12ല്‍ ഒമ്പതു പ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണം.
അറസ്റ്റിലായി 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
എന്നാല്‍, അതിനുള്ള നടപടികള്‍ പ്രത്യേക അന്വേഷണ സംഘം വൈകിപ്പിച്ചതോടെ കൂടുതല്‍ പ്രതികള്‍ കോടതിയെ സമീപിച്ചു പുറത്തിറങ്ങുന്ന സാഹചര്യമാണ്.
ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കു കാരണമായി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണു കരടു കുറ്റപത്രം തയാറായതായി അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇടയ്ക്കിടെ കോടതിയുടെതന്നെ പ്രശംസയേറ്റുവാങ്ങിയും കുറ്റപ്പെടുത്തല്‍കേട്ടുമാണു പ്രത്യേക അന്വേഷണം നീങ്ങുന്നത്.
എന്നാല്‍, സംഘത്തിനുമുന്നില്‍ തെളിവുകളുടെ കുറവു പ്രതിസന്ധിയാണെന്നു സംശയിക്കണം.
നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വര്‍ണം ഇതുവരെ പൂര്‍ണമായി കണ്ടെത്തിയോ എന്നതിലും സംശയം. തെരഞ്ഞെടുപ്പടുത്തിരിക്കെ, അന്വേഷണവേഗം കുറയ്ക്കുന്നോ എന്നാണു പ്രതിപക്ഷം സംശയിക്കുന്നത്. സി.ബി.ഐ. അന്വേഷിക്കണമെന്നാണു ബി.ജെ.പി.യുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us