/sathyam/media/media_files/2026/02/03/sad-2026-02-03-19-46-09.jpg)
ഡൽഹി : കഴിഞ്ഞ ദിവസം സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിൽ നടത്തിയ പ്രസംഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സിപിഎം അക്രമത്തിൽ കാലുകൾ നഷ്ട്ടപ്പെട്ട ആർ.എസ്. എസ് നേതാവാണ് സി.സദാനന്ദൻ മാസ്റ്റർ .
അദ്ദേഹം അക്രമ രാഷ്ട്രീയത്തിനെതിരെ നടത്തിയ പരാമർശങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.
കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതിനെക്കുറിച്ച് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സദാനന്ദൻ മാസ്റ്റർ വിവരിച്ചത് .
അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ ,
"നന്ദിപൂർവം...🙏
ലോകാരാധ്യനായ പ്രധാനമന്ത്രിയിൽ നിന്ന് നേരിട്ടുള്ള അഭിനന്ദനങ്ങൾ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണിന്ന്.
ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രസംഗം കേട്ടെന്നും ഗംഭീരമായെന്നും കൈപിടിച്ച്, തോളിൽ തട്ടി അദ്ദേഹം പറഞ്ഞപ്പോൾ ആ വാക്കുകൾ തലകുനിച്ച് നെഞ്ചിലേറ്റി.
ഒരു ദൗത്യമേൽപ്പിക്കുന്നു എന്ന മോദിജിയുടെ മുഖവുരയോടെയാണ് രാജ്യസഭാംഗം എന്ന ചുമതല പാർട്ടി നിശ്ചയിച്ചത്. ഏറെ ഗൗരവത്തോടെ തന്നെ അതേറ്റെടുത്തു.
പ്രസ്ഥാനത്തിനായി ജീവനും ജീവിതവും സമർപ്പിച്ച കേരളത്തിലെ പ്രവർത്തക സഹോദരങ്ങളോട് ഐക്യദാർഢ്യവും പ്രതിബദ്ധതയും പുലർത്താനും അവരെ ചേർത്തുപിടിക്കാനും പ്രധാനമന്ത്രി മോദിജി എന്നും ശ്രദ്ധിക്കാറുണ്ട്. ഇന്നു രാവിലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിലും അതുണ്ടായി.
20 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന അദ്ദേഹത്തിന്റ പ്രസംഗത്തിൽ 5 മിനിറ്റെങ്കിലും ഇതിനായി ഉപയോഗിച്ചു. കൂട്ടത്തിൽ ഇന്നലെ രാജ്യസഭയിൽ ആദരണീയ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയമവതരിപ്പിച്ചുകൊണ്ട് ഞാൻ നടത്തിയ പ്രസംഗവും അദ്ദേഹം പരാമർശിച്ചു. നാഴികയ്ക്കു നാല്പതുവട്ടം ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും വാക്കാൽ വാഴ്ത്തുന്നവരുടെ മുഖംമൂടി സഭയിൽ അഴിഞ്ഞുവീണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്നുള്ള മോദിജിയുടെ പെരുമാറ്റം ഏറെ വിസ്മയിപ്പിച്ച, ആവേശം കൊള്ളിച്ച വല്ലാത്തൊരു വികാരമാണുയർത്തിയത്. മീറ്റിംഗിൽ പങ്കെടുത്തു കൊണ്ടിരുന്ന NDA യുടെ നാനൂറോളം വരുന്ന എല്ലാ MP മാരോടും എഴുന്നേറ്റു നിൽക്കാനാവശ്യപ്പെട്ടു.
ഏറ്റവും പിറകിലിരുന്ന എന്നെ ചൂണ്ടിക്കാണിച്ച് അവരോട് എന്നെ അഭിവാദ്യം ചെയ്യാൻ നിർദ്ദേശിച്ചു. ഭാരത് മാതാ ജയകാരത്തോടെ അവരത് ചെയ്തു. ഒരു നിമിഷം അമ്പരന്നുപോയ ഞാൻ അതിരറ്റ അഭിമാനത്തോടെ തിരിച്ചും അഭിവാദ്യം ചെയ്തു. ജീവിതത്തിലെ അസുലഭവും അരിസ്മരണീയവുമായ മുഹൂർത്തം.....
അതെ, മുഴുവൻ ഭാരതവുമാണ് അഭിവാദ്യങ്ങൾ അർപ്പിച്ചത്.
ആദർശ പ്രേരിതമായി പ്രസ്ഥാനത്തെ മറ്റെന്തിനേക്കാളും സ്നേഹിച്ച് വീരമൃത്യു വരിച്ചവരുട ആത്മാക്കളെയുമാണ് നമിച്ചത്.
ദുരിതം പേറി കഴിയേണ്ടി വന്നവർക്കുള്ള ആദരമാണ് പ്രകടമായത്.
സംഘപാതയിൽ അണിനിരന്ന് ആദർശ സാക്ഷാത്ക്കാരത്തിനായി അഹോരാത്രം നിസ്വാർത്ഥമായി അധ്വാനിക്കുന്നവരെയാണ് നാട് വണങ്ങിയത്.
ഈ തണൽ ഒരു കരുത്താണ്. എന്നെപ്പോലെ അനേകരോടുള്ള കരുതലാണ്. ആദർശ പാതയിൽ കുതിച്ചു മുന്നേറാനുള്ള ആത്മവിശ്വാസം വാനോളമുയർത്തുന്ന ഊർജദായിനിയാണ്.
എന്റെ പ്രസ്ഥാനം
എന്റെ അഭിമാനം "
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us