സ്പെയ്സ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ് 20 ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം വിപൂലീകരിച്ചു

New Update
Pic-1
തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ നിന്ന് ഇന്ത്യയിലെ ആദ്യത്തെ റൈഡ്ഷെയര്‍ ഉപഗ്രഹം നിര്‍മ്മിച്ച ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള സ്പെയ്സ്ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനി ടെക്നോപാര്‍ക്ക് ഫേസ്-1-ല്‍ പ്രവര്‍ത്തനം വിപുലീകരിച്ചു.
Advertisment


ടെക്നോപാര്‍ക്കിലെ 'നിള' കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ ഹെക്സ് 20 ഓഫീസിന് സമീപമുള്ള എംസ്ക്വേര്‍ഡ് ബില്‍ഡിംഗിലേക്കാണ് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. പുതിയ ഓഫീസിന് 4500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. അനുബന്ധ ക്യാബിനുകള്‍, മീറ്റിംഗ് റൂമുകള്‍, ഭക്ഷണശാല എന്നിവയ്ക്ക് പുറമെ 50 ഓളം പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും ഇവിടുണ്ട്.

നിള കെട്ടിടത്തിലെ ഹെക്സ് 20 യുടെ ലാബും 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലേക്ക് വികസിപ്പിക്കും. ഭാവിയില്‍ ഭാരമേറിയ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്ക് ലാബ് വികസനം മുതല്‍ക്കൂട്ടാകും. ഈ വര്‍ഷം തന്നെ ലാബ് പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ ഹെക്സ് 20 യുടെ തിരുവനന്തപുരത്തെ സ്ഥലസൗകര്യം (ഗ്രൗണ്ട് സ്റ്റേഷന്‍ ഉള്‍പ്പെടെ) ഏകദേശം 7000 ചതുരശ്ര അടിയായി ഉയരും.

യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (സ്പേസ്എക്സ്) സഹകരിച്ചാണ് ഹെക്സ് 20 യുടെ ആദ്യ സാറ്റലൈറ്റായ 'നിള' യുടെ വിക്ഷേപിച്ചത്. സ്പേസ് എക്സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പാണ് ഹെക്സ്20.

ബഹിരാകാശ സാങ്കേതിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി 2023 ല്‍ ടെക്നോപാര്‍ക്കില്‍ ഹെക്സ്20 അത്യാധുനിക ഗവേഷണ-വികസന കേന്ദ്രം സ്ഥാപിച്ചു. സംസ്ഥാനത്തെ ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയില്‍ നവീകരണം, സഹകരണം, മികവ് എന്നിവ സാധ്യമാക്കുന്ന മികച്ച സംവിധാനങ്ങളിലൊന്നാണിത്.

ഓസ്ട്രേലിയ, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആഭ്യന്തര നിര്‍മ്മാണ ശൃംഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഉപഗ്രഹങ്ങളുടെ നിര്‍മ്മാണത്തിനൊപ്പം അനുബന്ധ സേവനങ്ങളും ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളും ഹെക്സ് 20 യിലൂടെ ലഭ്യമാകും.

Advertisment