'സ്ഥിരതാമസമുള്ള വിലാസത്തിലല്ല വോട്ട്'. തിരുവനന്തപുരം കോർപറേഷൻ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സിപിഎം. മാനസികമായി തളര്‍ത്താന്‍ ശ്രമമെന്ന് വൈഷ്ണ സുരേഷ്

വോട്ട് കണ്‍ഫേം ചെയ്യാന്‍ വേണ്ടി 14-ാം തീയതി വരെ കാത്തിരിക്കാനാണ് തനിക്ക് ലഭിച്ച മറുപടിയെന്ന് ഹിയറിങ്ങിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് പറഞ്ഞു. 

New Update
img(71)

തിരുവനന്തപുരം: സ്ഥിരതാമസമുള്ള വിലാസത്തില്‍ അല്ല വോട്ടെന്ന് ആരോപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെതിരെ പരാതി. 

Advertisment

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം ആണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വൈഷ്ണ സുരേഷ് ഹിയറിങ്ങിന് ഹാജരായി. അന്തിമ വോട്ടര്‍പട്ടിക വരെ കാത്തിരിക്കാന്‍ ഹിയറിങ്ങിന് ശേഷം അധികൃതര്‍ നിര്‍ദേശിച്ചു. 

വോട്ട് കണ്‍ഫേം ചെയ്യാന്‍ വേണ്ടി 14-ാം തീയതി വരെ കാത്തിരിക്കാനാണ് തനിക്ക് ലഭിച്ച മറുപടിയെന്ന് ഹിയറിങ്ങിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് പറഞ്ഞു. 

ഓള്‍റെഡി ലിസ്റ്റിലുള്ള വോട്ടാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വോട്ടു ഉറപ്പാക്കാന്‍ വേണ്ടി 14 വരെ കാത്തിരിക്കണമെന്നാണ് പറയുന്നത്. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വൈഷ്ണ പറയുന്നു.

സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മാനസികമായി തളര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തന്റെ അച്ഛനും താനുമെല്ലാം ജനിച്ചതും ജീവിക്കുന്നതും ഇതേ വാര്‍ഡില്‍ തന്നെയാണ്. 

ഇവിടെത്തന്നെയാണ് വോട്ടു ചെയ്തു വരുന്നതും. സ്ഥാനാര്‍ത്ഥി ആയപ്പോഴാണ് അവര്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. രാഷ്ട്രീയ വേട്ടയാടലാണെന്നും വൈഷ്ണ സുരേഷ് ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സിപിഎം വൈഷ്ണയ്‌ക്കെതിരെ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കിയത്. വൈഷ്ണ സ്ഥിരമായി താമസിക്കുന്ന സ്ഥലത്തല്ല വോട്ടുള്ളതെന്നാണ് പരാതിയില്‍ പറയുന്നത്. 

വൈഷ്ണ താമസിക്കുന്നത് അമ്പലമുക്കിലാണെന്നും, എന്നാല്‍ വോട്ടുള്ളത് മുട്ടടയിലുമാണ്. അതിനാല്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേരു നീക്കം ചെയ്യണമെന്നാണ് സിപിഎം പരാതിയില്‍ ആവശ്യപ്പെടുന്നത്. 

എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വരെ മുട്ടടയിലാണ് വോട്ടു ചെയ്തതെന്നാണ് വൈഷ്ണ സുരേഷ് പറയുന്നത്.

Advertisment