/sathyam/media/media_files/2024/11/23/zzFk1heXqvEiYhmDi6V6.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് കൊട്ടിക്കലാശം നടക്കാനിരിക്കെ, രാഷ്ട്രീയ കാലാവസ്ഥ ആർക്ക് അനുകൂലം എന്ന ചർച്ചകളാണ് കൊഴുക്കുന്നത്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. തൃശൂർ മുതൽ കാസർകോട് വരെ 11നാണ് പോളിംഗ്.
വിഷയങ്ങളേറെ മാറിമറിഞ്ഞ് ചർച്ചയായ ചൂടുപിടിച്ച പ്രചാരണത്തിനൊടുവിലാണ് ജനം വിധിയെഴുത്തിന് ഒരുങ്ങുന്നത്.
ശബരിമല സ്വർണക്കൊള്ള, രാഹുൽ കേസ്, പി.എം ശ്രീ, ജോൺബ്രിട്ടാസ് ബിജെപിയുമായുള്ള പാലം, വികസനം, ദേശീയപാതയുടെ തകർച്ച എന്നിങ്ങനെ പൊതു വിഷയങ്ങളാണ് എല്ലായിടത്തും ചർച്ചയായത്.
ഇതിനൊപ്പം മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങളില്ലാത്തതും തെരുവുനായ ശല്യവും അഴിമതിയും തുടങ്ങി പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
ആരോപണ പ്രത്യാരോപണങ്ങളുമായി മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. വിജയം ആരെ തുണയ്ക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാവാത്ത സ്ഥിതി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായതിനാൽ ഒരിഞ്ച് വിട്ടുകൊടുക്കാതെയാണ് മുന്നണികളുടെ പോക്ക്.
പ്രചാരണ വിഷയങ്ങൾ മാറിമറിഞ്ഞ തിരഞ്ഞെടുപ്പ് അങ്കത്തിൽ അവസാന ആയുധവുമിറക്കി വിജയം നേടാനാണ് പാർട്ടികളുടെ ശ്രമം.
എന്നാൽ വികസനം എന്ന ഒറ്റ പരിചയാണ് ഇടതുമുന്നണി എല്ലാ ആരോപണങ്ങളെയും പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന ആയുധം ഇടതുമുന്നണിക്ക് കിട്ടിയത്.
പിന്നെ അത് പിന്തുടർന്നായിരുന്നു പ്രചാരണം. വോട്ടെടുപ്പിന് തൊട്ടുമുൻപ് രാഹുലിനെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അത് ചീറ്റി.
തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കോൺഗ്രസ് തന്നെ ആരോപണമുന്നയിച്ചിരുന്നു.
ഒട്ടുമിക്കയിടത്തും അതിശക്തമായ ത്രികോണ മത്സരമാണ്. ചിലയിടങ്ങളിൽ അപരന്മാരുടെ പടതന്നെയുണ്ട്.
റിബലുകളും വാശിയോടെ പ്രചാരണം നടത്തുന്നു. വികസന നേട്ടങ്ങളും വർഗീയതയ്‌ക്കെതിരായ പ്രചാരണവുമാണ് എൽ.ഡി.എഫ് ശക്തമാക്കുന്നത്.
ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും എസ്.ഐ.ആർ വിഷയവുമാണ് യു.ഡി.എഫ് ആയുധങ്ങൾ.
കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളുയർത്തിക്കാട്ടിയാണ് ബിജെപി മുന്നോട്ടു പോവുന്നത്. ശബരിമല വിഷയം ബിജെപിയും പ്രചാരണത്തിനുപയോഗിക്കുന്നുണ്ട്.
നിലവിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതിനാണ് മേൽക്കൈയുള്ളത്. ഇത്തവണയും അഞ്ച് കോർപറേഷനുകളിലും ഭരണം നിലനിർത്താമെന്ന ഉറച്ച വിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്.
ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. സി.പി.എം- ബി.ജെ.പി അന്തർധാരയെന്ന പ്രചാരണവും അവർ ശക്തമാക്കിയിട്ടുണ്ട്.
മികച്ച മുന്നേറ്റമാണ് ലക്ഷ്യം. തിരുവനന്തപുരം കോർപറേഷനടക്കം പിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനൽ ജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
എൽ.ഡി.എഫിനും യു.ഡി.എഫിനും പകരം മാറ്റത്തിനുള്ള അവസരമാണിതെന്നാണ് അവരുടെ പ്രചാരണ വിഷയം.
ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് പോളിങ് സ്‌റ്റേഷനുകളിൽ മോക്ക് പോൾ നടത്തും. ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.
മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ നഗരസഭയുടെ കാലാവധി 2027 സെപ്റ്റംബർ 10 ന് മാത്രമേ അവസാനിക്കൂ.
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റിയിലെ 3205 വാർഡുകൾ, ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 23576 വാർഡുകളിലാണ് മത്സരം. നിലവിലെ ഭരണസമിതിയുടെ കാലാവധി 20 ന് അവസാനിക്കും.
വോട്ടെടുപ്പിനായി 33746 പോളിങ് സ്‌റ്റേഷനുകൾ ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കായി 28127, മുനിസിപ്പാലിറ്റികൾക്ക് 3604, കോർപ്പറേഷനുകൾക്ക് 2015 പോളിങ് സ്‌റ്റേഷനുകളുണ്ട്.
ഓരോ പോളിങ് സ്‌റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസർ, മൂന്ന് പോളിങ് ഓഫീസർമാർ എന്നിവരുണ്ടാകും.
ക്രമസമാധാനപാലനത്തിന് 70,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫർമാരും വെബ്കാസ്റ്റിങ് സംവിധാനവുമുണ്ട്.
പഞ്ചായത്ത് തലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭയിൽ ഒരു വോട്ടും ചെയ്യാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us