20 ലക്ഷം വ്യാജ വോട്ടർമാരുടെ പട്ടികയുമായി കേരളം. വോട്ടർ പട്ടികയിൽ ഇടം നേടി അന്യസംസ്ഥാനക്കാരും ബംഗ്ലാദേശികളും. 5.66ലക്ഷം പേരെ കണ്ടെത്താനായിട്ടില്ല. ആരേയും ഒഴിവാക്കരുതെന്ന് ഇലക്ഷൻ കമ്മിഷൻ. ലക്ഷക്കണക്കിനാളുകളെ ഒഴിവാക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് രാഷ്ട്രീയ പാർട്ടികൾ. വോട്ടർപട്ടിക പരിഷ്കരണം ഫലം കാണുമ്പോൾ

അന്യസംസ്ഥാനങ്ങളിൽ വോട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളെയടക്കം കേരളത്തിൽ വോട്ടർമാരാക്കിയിട്ടുണ്ടെന്ന് ഏറെക്കാലമായി ബിജെപി ആരോപിക്കുന്നതാണ്.

New Update
voters list

തിരുവനന്തപുരം: കേരളത്തിൽ 20 ലക്ഷം വ്യാജ വോട്ടർമാരുണ്ടോ? വോട്ടർപട്ടിക തീവ്ര പരിഷ്കരണം പുരോഗമിക്കവേയാണ് ഇങ്ങനെയൊരു വിവരം പുറത്തുവരുന്നത്.

Advertisment

ഇതിൽ എല്ലാവരും വ്യാജന്മാരായിരിക്കണമെന്നില്ല. രണ്ടിടത്ത് വോട്ടുള്ളവരും പല വിലാസങ്ങളിൽ വോട്ടുള്ളവരും മരണപ്പെട്ടവരും പല സംസ്ഥാനങ്ങളിൽ വോട്ടുള്ള അന്യസംസ്ഥാനക്കാരും ബംഗ്ലാദേശികളുമൊക്കെ കണ്ടേക്കാം.


എന്തായാലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയാവുമ്പോൾ 20ലക്ഷം പേർ പുറത്താവുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.


നിലവിലെ കണക്കനുസരിച്ച് 20.75ലക്ഷം പേരെ പട്ടികയിൽ നിന്നൊഴിവാക്കേണ്ടി വരും. ഇത് ഇനിയും കൂടാനാണ് സാദ്ധ്യത.

കാരണം വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ഇനിയും പുരോഗമിക്കുകയാണ്. ചീഫ് ഇലക്ട്രൽ ഓഫീസ‌ർ രത്തൻ ഖേൽക്കർ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുടെ യോഗത്തിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

ഒഴിവാക്കപ്പെടാനിടയുള്ളവരിൽ 6.11ലക്ഷം പേർ മരിച്ചവരാണ്. ബാക്കിയുള്ളവരിൽ 7.39ലക്ഷം താമസം മാറിപ്പോയെന്നും 5.66ലക്ഷം പേരെ കണ്ടെത്താനായില്ലെന്നും 1.12ലക്ഷം പേർ ഇരട്ടിപ്പും 45000 പേർ എസ്.ഐ.ആറുമായി സഹകരിക്കാത്തവരുമാണെന്നാണ് ബി.എൽ.ഒ.മാർ കൈമാറിയ പ്രാഥമിക റിപ്പോർട്ടിലുള്ളത്.


വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തെ എതിർക്കാനുള്ള പ്രധാന കാരണം ഇതാണെന്നായിരുന്നു തുടക്കം മുതൽ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 


കാരണം ഇത്രയും കള്ളവോട്ടുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ചെയ്യാമായിരുന്നു. ഇനി വോട്ടർപട്ടിക കൃത്യമാവുന്നതോടെ കള്ളക്കളികൾ നടക്കില്ല.

ഇത്രയും ലക്ഷക്കണക്കിനാളുകളെ ഒഴിവാക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് രാഷ്ട്രീയ പാർട്ടികൾ ഒരേ സ്വരത്തിൽ പറയുന്നത്.

അന്യസംസ്ഥാനങ്ങളിൽ വോട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളെയടക്കം കേരളത്തിൽ വോട്ടർമാരാക്കിയിട്ടുണ്ടെന്ന് ഏറെക്കാലമായി ബിജെപി ആരോപിക്കുന്നതാണ്.

ഇതിനെയെല്ലാം ശരിവയ്ക്കുന്ന വിവരങ്ങളാണ് വോട്ടർപട്ടിക പരിഷ്കരണത്തിൽ പുറത്തുവരുന്നത്.

നേരത്തെ ഡിസംബർ നാലുവരെ എനുമറേഷൻ ഫോം വാങ്ങുകയും 9ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്.


സുപ്രീംകോടതിയിൽ ഇതിനെതിരെ പരാതിവന്നപ്പോൾ ഇത് ഒരാഴ്ചകൂടി ദീർഘിപ്പിക്കുകയും പിന്നീട്  ചീഫ് സെക്രട്ടറി അപേക്ഷ നൽകിയത് പരിഗണിച്ച് ഡിസംബർ 18വരെ എനുമറേഷൻ ഫോം സ്വീകരിക്കാനും കരട് വോട്ടർപട്ടിക പുറത്തിറക്കുന്ന തീയതി ഡിംസബർ 23വരെയാക്കാനും തീരുമാനിച്ചിരുന്നു. 


ഇതോടെ രണ്ടാഴ്ചയിലേറെ സമയം കൂടുതലായി കിട്ടിയിട്ടുണ്ട്. ഡിസംബർ 11ന് തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിയും.

അതിന് ശേഷം രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബി.എൽ.എ.മാർ കൂടി പിന്തുണച്ചാൽ ഒഴിവാക്കപ്പെടാനിടയുള്ളവരുടെ കാര്യത്തിൽ കൂടുതൽ തെളിവെടുപ്പുകൾ നടത്തി അത്തരം വോട്ടർമാരുടെ എണ്ണം പൂർണ്ണമായും ഒഴിവാക്കാനാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ആരേയും ഒഴിവാക്കരുതെന്നാണ് ഇലക്ഷൻ കമ്മിഷന്റെ നിലപാട്. എല്ലാവരും സഹകരിച്ചാൽ അത് നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഒരുബൂത്തിൽ 1200 വോട്ടർമാരുണ്ട്. ഇവരിൽ 50മുതൽ 60 വോട്ടർമാരെയാണ് ഒഴിവാക്കപ്പെടാനിടയുള്ളത്.


അതത് ബൂത്ത് തലത്തിൽ തെളിവെടുപ്പുകൾ നടത്തി ഇക്കാര്യത്തിൽ അന്തിമറിപ്പോർട്ട് തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. 


കരട് വോട്ടർ പട്ടികയ്ക്കെതിരെ അവകാശവാദങ്ങളും എതിർപ്പുകളും അടക്കമുള്ള അപ്പീലുകൾ ഇ.ആർ.ഒമാർക്കും ജില്ലാകളക്ടർമാർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കുമായി മൂന്ന് തലത്തിലായി സമർപ്പിക്കാമെന്ന് രത്തൻകേൽക്കർ പറഞ്ഞു.

എസ്.ഐ.ആർ. കഴിയുന്നതോടെ 5060 ബൂത്തുകൾ കൂടി വർദ്ധിപ്പിക്കേണ്ടിവരും. നിലവിൽ 25438 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.

ഫെബ്രുവരി 21ന് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ എത്ര ലക്ഷം പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാകുമെന്ന് വ്യക്തമായി അറിയാനാവും.

Advertisment