/sathyam/media/media_files/2025/10/18/veena-george-2025-10-18-20-03-36.jpg)
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ആരോഗ്യ മന്ത്രി വീണാ ജോർജ്. സോഷ്യൽ മീഡിയയിലൂടെ താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് മന്ത്രി നടപടിക്കൊരുങ്ങുന്നത്.
കേരളത്തിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കണ്ട്, പ്രസവം നിർത്തിയ സ്ത്രീ വീണ്ടും പ്രസവിക്കാൻ തയ്യാറായെന്നും അതിനായി ഭർത്താവിനോട് വഴക്കിടുകയാണെന്നും മന്ത്രി പറഞ്ഞതായുള്ള പോസ്റ്ററുകളാണ് ചില പ്രൊഫൈലുകൾ വഴി വ്യാപകമായി പ്രചരിക്കുന്നത്.
എന്നാൽ താൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും, ഈ നുണ പ്രചരിപ്പിക്കുന്നവർ അത് എവിടെയാണ് പറഞ്ഞതെന്ന് തെളിയിക്കണമെന്നും മന്ത്രി വെല്ലുവിളിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് താൻ ആവർത്തിച്ച് പറയാറുണ്ട്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഒരേ നുണ ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒരു പ്രത്യേക 'ഫാക്ടറിയിൽ' നിന്നുള്ള ഉൽപ്പന്നമാണെന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെന്നും മന്ത്രി പരിഹസിച്ചു.
സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയാത്തവരാണ് ഇത്തരം ഹീനമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതെന്നും, ഈ വ്യാജപ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us