കേരളത്തിലാകെ റെയിൽവേ സുരക്ഷാ സംവിധാനമായ 'കവച്' വരുന്നു. ട്രെയിനുകളുടെ വേഗവും സുരക്ഷയും കൂടും. 107കിലോമീറ്ററിലെ നിർമ്മാണവും ടെൻഡറും അതിവേഗത്തിൽ. ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ വരുന്നത് ഒഴിവാക്കാനും കൂട്ടിയിടി ഇല്ലാതാക്കാനും കഴിയും. സിഗ്‌നൽ തെറ്റായി മറികടന്നാൽ ഓട്ടമാറ്റിക് ബ്രേക്ക് പ്രവർത്തിച്ച് ട്രെയിൻ നിൽക്കും. തെറ്റായ സിഗ്നലിന് മുന്നറിയിപ്പും. കവച് വരുന്നതോടെ ട്രെയിൻയാത്ര കൂടുതൽ സുരക്ഷിതമാവും

ലോകോത്തര നിലവാരത്തിലുള‌ള കവച് സാങ്കേതിക വിദ്യ ഓരോ ട്രെയിനിനും ഒരു സുരക്ഷാ കവചം തീർക്കുന്നതാണ്. 

New Update
1500x900_2376101-train

തിരുവനന്തപുരം: ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനമായ 'കവച്' കേരളത്തിലുടനീളം നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ കേരളത്തിലോടുന്ന ട്രെയിനുകളുടെ വേഗവും സുരക്ഷയും കൂടും.

Advertisment

107 റൂട്ട് കിലോമീറ്റർ ദൂരത്തേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളും ടെൻഡർ നടപടികളും പുരോഗമിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി.


എറണാകുളം-ഷൊർണൂർ പാതയിലാണ് ആദ്യമായി കവച് വരുന്നത്. പദ്ധതി നടപ്പാക്കാനുള്ള കരാർ 105കോടിയുടെ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെആർഡിസിഎൽ)‍ -എസ്എസ് റെയിൽ സംയുക്ത സംരംഭത്തിനാണ്.  


എറണാകുളം സൗത്ത് മുതൽ ഷൊർണൂർ ജംക്‌ഷൻ വരെ 106.8 കിലോമീറ്റർ ദൂരമാണു പദ്ധതി നടപ്പാക്കുക. ട്രെയിനുകൾ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യൻ റെയിൽവേയ്ക്കു വേണ്ടി റിസർച്ച് ഡിസൈൻ ആന്റ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) വികസിപ്പിച്ച സംവിധാനമാണ് കവച്.

സെൻസറുകളും ജിപിഎസ് സംവിധാനവും വാർത്താവിനിയമ സംവിധാനവും ഉൾപ്പെടുന്നതാണ് കവച്.

ട്രെയിനുകൾ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം.

സെക്ഷനിൽ ഉടനീളം ടെലികോം ടവറുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
 
ലോകോത്തര നിലവാരത്തിലുള‌ള കവച് സാങ്കേതിക വിദ്യ ഓരോ ട്രെയിനിനും ഒരു സുരക്ഷാ കവചം തീർക്കുന്നതാണ്. 


അതുവഴി ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ വരുന്നത് ഒഴിവാക്കാനും കൂട്ടിയിടി ഇല്ലാതാക്കാനുമാകും. ഓരോ ട്രെയിനിലും സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഉപകരണങ്ങൾ വഴി വളരെ അകലെ നിന്നുതന്നെ ഇതിനുള‌ള സാദ്ധ്യത അറിയാം. 


ട്രെയിനുകൾ ഒരേ ദിശയിൽ കടന്നാൽ ഉടൻ തനിയെ ഇരു ട്രെയിനുകളും ബ്രേക്ക് ചെയ്യുകയും നി‌ൽക്കുകയും ചെയ്യുന്നതാണ് കവച് സാങ്കേതിക വിദ്യ.

റേഡിയോ ഫ്രീക്വൻസി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കവച് ലോക്കോ പൈലറ്റുമാർക്ക് സിഗ്‌നൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകും. 

ചുവന്ന സിഗ്‌നൽ തെറ്റായി മറികടന്നാൽ ഓട്ടമാറ്റിക് ബ്രേക്ക് പ്രവർത്തിച്ച് ട്രെയിൻ നിൽക്കും. ജി.പി.എസ്, റേഡിയോ ടെക്‌നോളജി എന്നിവ വഴിയാണത്.

പാളത്തിലെ പ്രശ്നങ്ങൾ, അതിവേഗം, അപകട സിഗ്നൽ കടന്ന് വണ്ടി മുന്നോട്ടുപോവുക എന്നിവയിലടക്കം ‘കവച്’ അലേർട്ട് നൽകും.

രാജ്യത്തെ 68000 കി.മീ റെയില്‍ ശൃംഖലയില്‍ 1465 കി.മീ ദൂരത്തിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്. 3000 കി.മീ റെയില്‍ പാതയില്‍ സ്ഥാപിക്കാനുള്ള നിര്‍മാണം നടന്നുവരുന്നു.

അതിന് പുറമെ 7228 കി.മീ പാതയില്‍ കൂടി സ്ഥാപിക്കുന്നതിലാണ് കേരളവും ഉൾപ്പെടുന്നത്.  നിലവിൽ കേരളത്തിലോടുന്ന വന്ദേഭാരത് വണ്ടികളിൽ ‘കവച്’ ഒരുക്കിയിട്ടുണ്ട്.


കേരളത്തിലെ റെയിൽവേ ശൃംഖല ആധുനികവൽക്കരിക്കുന്നതിനും, യാത്രക്കാരുടെ സൗകര്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, സംസ്ഥാനത്തുടനീളമുള്ള സമ്പർക്കസൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് 3,795 കോടി രൂപയാണ് കേരളത്തിനുള്ള റെയിൽവേ വിഹിതം. 


അമൃത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ, യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങളും മികച്ച യാത്രാനുഭവവും പ്രദാനം ചെയ്യുന്നതിനായി കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകളെ സമഗ്രമായ പുനർവികസനത്തിനായി തെരഞ്ഞെടുത്തു.

സ്റ്റേഷൻ നവീകരണത്തിനായി 2,989 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ചിറയിൻകീഴ്, വടകര, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ (ഒന്നാം ഘട്ടം), ചങ്ങനാശ്ശേരി, വടക്കാഞ്ചേരി എന്നീ ആറ് സ്റ്റേഷനുകളിൽ പ്രവൃത്തികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.  

ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിനും സുരക്ഷയും ഗതാഗത സൗകര്യവും മെച്ചപ്പെടുത്തുന്നതിനുമായി 121 ഫ്ളൈ ഓവറുകളും അടിപ്പാതകളും നിർമ്മിച്ചു.

യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുക മാത്രമല്ല, വിനോദസഞ്ചാരം, വ്യാപാരം, പ്രാദേശിക സമ്പർക്കസൗകര്യം എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

Advertisment