കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും രാജ്യാന്തര കോൺക്ളേവ് സംഘടിപ്പിക്കാൻ സർക്കാർ. അമർത്യ സെൻ, റോമിലാ ഥാപ്പർ, ശകുന്തള തിൽസ്തദ് തുടങ്ങിയവർ പരിപാടിയുടെ ഭാ​ഗമാകും. 2031ലെ കേരളം എങ്ങനെയാകണമെന്ന് ആലോചിക്കാനാണ് കോൺക്ളേവ് എങ്കിലും പിന്നിൽ വികസന താൽപര്യത്തിന് അപ്പുറം രാഷ്ട്രീയ താൽപര്യമാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം

16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കല്‍ സെഷനുകൾ നടക്കും. വിവിധ വകുപ്പുകൾ 14 ജില്ലകളിലായി 34 സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. അതിന്റെ ക്രോഡീകരണമാണ് അന്താരാഷ്ട്ര കോൺഫറൻസിൽ നടക്കുക.

New Update
pinarayi cabinet

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കും പദ്ധതി വെട്ടിക്കുറയ്ക്കലിനും ഇടയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വീണ്ടും രാജ്യാന്തര കോൺക്ളേവ് സംഘടിപ്പിക്കാൻ സർക്കാർ. വികസനവും ജനാധിപത്യവും എന്ന വിഷയത്തിലാണ് മൂന്ന് ദിവസം തിരുവനന്തപുരത്ത് വെച്ച് രാജ്യാന്തര കോൺക്ളേവ് നടത്തുന്നത്. 

Advertisment

ഈമാസം 15ന് നിയമസഭയിലെ ശങ്കരനാരായൺ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. നോബൽ സമ്മാന ജേതാവ് അമർത്യ സെൻ, റോമിലാ ഥാപ്പർ, ലോകഭക്ഷ്യ പുരസ്ക്കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയവർ സംസാരിക്കും.


16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കല്‍ സെഷനുകൾ നടക്കും. വിവിധ വകുപ്പുകൾ 14 ജില്ലകളിലായി 34 സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. 


അതിന്റെ ക്രോഡീകരണമാണ് അന്താരാഷ്ട്ര കോൺഫറൻസിൽ നടക്കുക. കോൺഫറൻസിൽ ലോകമെമ്പാടുമുള്ള വിദഗ്ധർക്ക് സംസ്ഥാനം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ അവതരിപ്പിക്കാനും മുന്നോട്ടുള്ള വികസനപാതയെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും വേദിയൊരുക്കും. 

സമാപന സമ്മേളനത്തിൽ സെക്യുലറിസം ജനാധിപത്യം സംവേദനാത്മക സർക്കാർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റിസ് ഷാ തുടങ്ങിയവർ പങ്കെടുക്കും.


സമ്മേളന സെഷനുകൾ വിജയകരമായി നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ പൂർണ സഹകരണവും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് ഇക്കാര്യങ്ങൾ ആലോചിക്കാൻ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 


യോഗത്തിൽ പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലക് , പ്ലാനിങ്ങ് ബോർഡ് അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു.

2031ലെ കേരളം എങ്ങനെയാകണമെന്ന് ആലോചിക്കാനാണ് കോൺക്ളേവ് എങ്കിലും പിന്നിൽ വികസന താൽപര്യത്തിന് അപ്പുറം രാഷ്ട്രീയ താൽപര്യമാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം.കോൺക്ളേവിൽ പങ്കെടുക്കാൻ എത്തുന്നവരിൽ അക്കാദമിക -നയരൂപീകരണ വിദഗ്ധരേക്കാൾ രാഷ്ട്രീയ നേതാക്കളാണ്.


സിപിഎമ്മിൻെറ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളള ഡിഎംകെ നേതാവ് കനിമൊഴി എന്നിവരാണ് കോൺക്ളേവിലെ മുഖ്യക്ഷണിതാക്കൾ.


സംസ്ഥാനം കടുത്ത പണഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോൾ കോടികളാണ് കോൺക്ളേവുകളുടെ പേരിൽ തുലച്ചുകളയുന്നത്.

രാജ്യാന്തര കോൺക്ലേവിന് കുറഞ്ഞത് 15കോടി രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.നേരത്തെ വകുപ്പ് അടിസ്ഥാനത്തിൽ നടത്തിയ കോൺക്ളേവുകൾക്കും വികസന സെമിനാറുകൾക്കുമായി പരിപാടി ഒന്നിന് 3 കോടി രൂപ നിരക്കിൽ ചെലവഴിച്ചിരുന്നു.


ക്ഷേമാനുകൂല്യങ്ങളുടെ വിതരണത്തിനും പദ്ധതി പ്രവർത്തനത്തിനും പണമില്ലാതെ വിഷമിക്കുമ്പോഴാണ് കോൺക്ലേവുകളുടെ പേരിൽ കോടികൾ പാഴാക്കുന്നത്. 


വകുപ്പ് അടിസ്ഥാനത്തിൽ നടത്തിയ കോൺക്ളേവുകൾ ഒന്നും ഒരു ചലനവുമുണ്ടാക്കിയില്ല.വഴിപാട് പോലെ നടന്ന കോൺക്ളേവുകൾ കാര്യമായ വാർത്താ പ്രാധാന്യം പോലും നേടാതിരുന്നപ്പോഴാണ് രാജ്യാന്തര  കോൺക്ലേവുമായി എത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൻെറ ആരവങ്ങൾക്കിടയിൽ നടക്കുന്ന രാജ്യാന്തര കോൺക്ളേവും കാര്യമായ ശ്രദ്ധ നേടാനിടയില്ല. കോൺക്ലേവുകൾ വാർത്താ പ്രാധാന്യം നേടിയാലും ഇല്ലെങ്കിലും അവയിലൂടെ എത്രത്തോളം പ്രായോഗികമായ മാറ്റങ്ങൾ അല്ലെങ്കിൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തിയെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. 


പലതും കേവലം 'അക്കാദമിക് ചർച്ചകളായി' ഒതുങ്ങിപ്പോകുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്. 


മാറുന്ന ആഗോള സാഹചര്യത്തിൽ കേരളത്തിന് അനുയോജ്യമായ ഒരു പുതിയ വികസന രേഖ തയ്യാറാക്കുക, കേന്ദ്ര നയങ്ങൾക്കെതിരെ ജനാധിപത്യപരമായ വികസന ബദൽ ഉയർത്തിക്കാട്ടുക, കേരളം നിക്ഷേപ സൗഹൃദവും പുരോഗമനപരവുമായ ഒരു വിജ്ഞാന സമൂഹമാണെന്ന സന്ദേശം ആഗോളതലത്തിൽ എത്തിക്കുക തുടങ്ങിയവയാണ് ഈമാസം 15ന് തുടങ്ങുന്ന രാജ്യാന്തര കോൺക്ളേവിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത് ധൂർത്താണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.


ക്ഷേമ പെൻഷനുകളും ശമ്പള കുടിശ്ശികകളും വൈകുമ്പോൾ ലക്ഷങ്ങൾ പൊടിച്ച് കോൺക്ലേവ് നടത്തുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തൽ.


മുൻപ് നടന്ന കോൺക്ലേവുകളുടെ ആകെത്തുക പരിശോധിക്കുമ്പോൾ, നയപരമായ തീരുമാനങ്ങളിൽ അവ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന അവകാശവാദം ശരിവെച്ചാൽ പോലും  ജനകീയമായ ഒരു ചലനം സൃഷ്ടിക്കാൻ അവയ്ക്ക് സാധിച്ചിട്ടില്ല. പുതിയ കോൺക്ലേവ് കേവലം വിദേശ അതിഥികളുടെ പ്രസംഗവേദി മാത്രമായി മാറുമോ അതോ കേരളത്തിന്റെ താഴേത്തട്ടിലുള്ള വികസനത്തിന് ഊർജ്ജമാകുമോ എന്ന് കണ്ടറിയണം.

Advertisment