കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷം വളർത്തും. അൽപ വസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല. എതിർപ്പ് ഭൂരിപക്ഷ വർഗീയതയ്ക്ക് വളംവെക്കും. സൂംബയിൽ നിന്ന് പിന്നോട്ടില്ല: മന്ത്രി വി ശിവൻകുട്ടി

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു.

New Update
images(618)

കോഴിക്കോട്: സ്‌കൂളുകളിൽ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളിൽ നടത്തുന്നത് ലഘു വ്യായാമമാണ്.

Advertisment

അതിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കൾക്ക് ചോയ്‌സ് ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. കോൺടാക്റ്റ് റൂൾസ് പ്രകാരം വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അധ്യാപകന് ബാധ്യതയുണ്ട്.


ആരും അൽപ വസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ലെന്നും കുട്ടികൾ യൂണിഫോമിലാണ് സൂംബ ഡാൻസ് ചെയ്യുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.


ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു.

ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ തീവ്രവാദത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്.


കേരളം പോലെ ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ ഇത്തരത്തിൽ നിലപാടുകൾ ഭൂരിപക്ഷ വർഗീയതയ്‌ക്കേ ഉത്തേജനം നൽകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.


കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റിവ് ചിന്തയും പകർത്താൻ സഹായിക്കും.

ഇത് അവരുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും ബാധിക്കും. സംസ്ഥാനത്തെ 90ശതമാനം സർക്കാർ വിദ്യാലയങ്ങളിൽ സൂംബ അടക്കമുള്ള കായിക ഇനങ്ങളുടെ റിഹേഴ്‌സൽ നടക്കുകയാണ്. ഇത്തരം കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആരോഗ്യകായിക നിർബന്ധപാഠ്യവിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

Advertisment