ആരോഗ്യ വകുപ്പ് ഐ.സിയുവിൽ, വികലമായി വിദ്യാഭ്യാസം: സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങേലേൽപ്പിച്ച് രണ്ട് വകുപ്പുകൾ. ഉന്നതവിദ്യാഭ്യാസരംഗം കലാപ കലുഷിതം. വിദ്യാഭ്യാസ വകുപ്പിൽ അനാസ്ഥയും ധാർഷ്ട്യവും. കുത്തഴിഞ്ഞ് ആരോഗ്യ വകുപ്പ്. സമരവുമായി വിദ്യാർത്ഥി യുവജന സംഘടനകൾ. ആരോഗ്യ കമ്മീഷനുമായി യു.ഡി.എഫ്

എക്കാലത്തും കേരളം അഭിമാനത്തോടെ പറയുന്ന വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ വന്നിട്ടുള്ള വീഴ്ച്ച സർക്കാരിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. 

New Update
images(1188)

തിരുവനന്തപുരം : പ്രധാനപ്പെട്ട രണ്ട് തിരഞ്ഞെടപ്പുകൾ സംസ്ഥാനത്ത് നടക്കാനിരിക്കെ പത്ത് വർഷം പൂർത്തിയാക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ ഇടിച്ച് വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകൾ. 

Advertisment

രണ്ട് മേഖലയാണെങ്കിലും മൂന്ന് മന്ത്രിമാരാണ് വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. എക്കാലത്തും കേരളം അഭിമാനത്തോടെ പറയുന്ന വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ വന്നിട്ടുള്ള വീഴ്ച്ച സർക്കാരിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. 


ഇരു രംഗങ്ങളിലെയും പല സർഗാത്മകമായ പരീക്ഷണങ്ങളും വിജയിക്കുമ്പോൾ രാജ്യമാകെ കേരളമോഡലെന്ന് കൊട്ടിഘോഷിച്ചാണ് ഇത് പലയിടത്തും നടപ്പാക്കിയിരുന്നത്. 


സർക്കാരിന്റെ അപരിഹാര്യമായ വീഴ്ച്ചകൾ രണ്ട് രംഗങ്ങളിലം നിലവിൽ കരിനിഴൽ വീഴ്ത്തിയ അവസ്ഥയിലാണുള്ളത്. 

സർക്കാർ - ഗവർണർ പോരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കലാപ കലുഷിതമായി തുടരുമ്പോൾ സ്‌കൂൾ സമയ മാറ്റം, അധ്യാപകരുടെ നിയമനം, അടിസ്ഥാന സൗകര്യ വികസനത്തിന്റെ അപര്യാപ്തത എന്നിവമൂലം വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനവും താളം തെറ്റി, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിവിധ പ്രശ്‌നങ്ങൾ പുറത്ത് വന്നതും കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞ് വീണ് ഒരാൾ മരണപ്പെട്ടതും സർക്കാരിന് വിനയായി.


സംസ്ഥാനത്തെ സർവ്വകലാശാലകളിലടക്കം ഭരണസ്തഭനം വരുത്തിയുള്ള എസ്.എഫ്.ഐയുടെ സമരം ഉന്നത വിദ്യാഭ്യാസ രംഗത്തെ പാടെ ഉലച്ചിട്ടുണ്ട്. 


സർക്കാർ - ഗവർണർ പോരിൽ രാഷ്ട്രീയം കലർന്നതോടെ അത് കേരള സർവ്വകലാശാലയടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഭരണസ്തംഭനത്തിനാണ് വഴിതുറന്നത്. 

ചരിത്രത്തിലെങ്ങും കേട്ടിട്ടിലാത്ത വിധം എസ്.എഫ്.ഐ പ്രവർത്തകർ സർവ്വകലാശാല ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഒരേസമയം രണ്ട് രജിസ്ട്രാറുമാർ ഉണ്ടാവുകയും ചെയ്ത സംഭവങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്തതാണ്. 


കേരള സർവ്വകലാശാല ആസ്ഥാനത്ത് മാത്രമല്ല കണ്ണൂരടക്കമുള്ള സർവ്വകലാശാലകളിലും ഇതേ സമരരീതിയാണ് എസ്.എഫ്.ഐ പുറത്തെടുത്തത്. 


കേരള സർവ്വകലാശാലയിലെ സമരം കൈവിട്ട് പോയതിനെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയാണ് സമരക്കാരെ സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പിരിച്ചു വിട്ടത്. 

സംസ്ഥാനത്തെ സാധാരണക്കാർക്കിടയിൽ സി.പി.എം ഭരണത്തിലുള്ള അതൃപ്തി വർധിക്കാൻ ഇത് കാരണമായെന്ന് കരുതപ്പെടുന്നു. 


ഇതിന് പുറമേയാണ് കിം പരീക്ഷഫലത്തിൽ സർക്കാരിന് തിരിച്ചടിയായി കോടതിവിധ വന്നത്. ഫലത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന കുട്ടികളുടെ ഭാവിയാണ് തുലാസിലാവുന്നത്. 


മന്ത്രിക്കോ വി.സിമാർക്കോ യാതൊരു ഉത്തരവാദിത്വബോധവും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലില്ലെന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 

നാല് വർഷ ബിരുദ കോഴ്‌സുകൾ സംസ്ഥാനത്താകെയുള്ള കോളേജുകളിൽ നടപ്പാക്കിയെങ്കിലും നിലവിലും പലയിടത്തും അധ്യാപകർക്ക് വേണ്ടത്ര പരിശീലനം നൽകിയിട്ടില്ല. 


കോഴ്‌സ് തുടങ്ങുമ്പോൾ പറഞ്ഞ കോളേജ്, സർവ്വകലാശാല മാറ്റമടക്കം പലയിടത്തും ശരിയായ രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്നും പരിശോധനാ വിധേയമാക്കേണ്ടതാണ്.


വിദ്യാഭ്യാസ വകുപ്പിൽ ഇതിനേക്കാൾ മോശപ്പെട്ട അവസ്ഥയാണ് ഉള്ളത്. സ്‌കൂളുകൾ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും പല സർക്കാർ സ്‌കൂളുകളിലും അധ്യാപകരില്ലാത്ത അവസ്ഥയാണുള്ളത്. 

പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പാലയ്ക്കൽത്തകിടി സ്‌കൂളിൽ ഇക്കാര്യം വ്യക്തമാക്കി സി.പി.എം ലോക്കൽ സെക്രട്ടറി എസ്.വി സുബിൻ തന്നെ സമരപ്രഖ്യാപനം നടത്തിയതും സംഘപരിവാർ സംഘടനയായ എ.ബി.വി.പി അതിന് പിന്തുണ നൽകിയതും പാർട്ടിക്കും സർക്കാരിനും ക്ഷീണം ചെയ്തു.


പാർട്ടി സംഘടനാ ചുമതലയുള്ളവർ തന്നെ വകുപ്പിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വരുന്നതും സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. 


സ്‌കൂൾ സമയമാറ്റ വിവാദത്തിൽ സമസ്തയടക്കമുള്ള സംഘടനകൾ സർക്കാരിനോട് എതിർത്ത് നിൽക്കുകയാണ്. സൂംബവിവാദവും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയിൽ ഇടിവുണ്ടാക്കി. 

ഇതിന് പുറമേയാണ്  കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്‌കൂളിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. 


സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്ന് പോകുന്ന ത്രീ ഫേസ് ലൈനിൽ നിന്നും വൈദ്യതാഘാതമേറ്റ് കുട്ടിക്ക് അപകടമുണ്ടാവുകയായിരുന്നു.  


പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയും ഇതാദ്യമാണ്.

സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അക്ഷരാർത്ഥത്തിൽ ഐ.സി.യുവിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവെയ്ക്കും വിധമാണ് സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയകൾ പോലും മുടങ്ങുന്ന സാഹചര്യം വിശദീകരിച്ച് വകുപ്പ് മേധാവിയായ ഡോ. ഹാരിസ് രംഗത്തെത്തിയതാണ് ആരേഗ്യ മേഖലയുടെ കുത്തഴിഞ്ഞ ചിത്രം പൊതുസമൂഹത്തിന് മുമ്പിൽ തുറന്നുകാട്ടപ്പെട്ടത്.


ഇതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം ഇടിഞ്ഞ് വീണ് ബിന്ദുവെന്ന വീട്ടമ്മ മരിക്കാനിടയായ സാഹചര്യം വകുപ്പിന്റെ യശസിനെ ബാധിക്കുകയും ചെയ്തു. 


മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരത്തിന്റെ കാര്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന കേരളത്തിൽ മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളുടെ അവസ്ഥയും പരിതാപകരമാണ്. 

ഡോ. ഹാരിസിന്റെ ആരോപണങ്ങളെ പരോക്ഷമായി ശരിവെയ്ക്കുന്ന തരത്തിൽ ആരേഗ്യ മന്ത്രി വീണജോർജ്ജ് രപതികരിച്ചതും സർക്കാരിന് പ്രതിച്ഛായ നഷ്ടം സംഭവിക്കാനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നു. 


പിന്നീട് മുഖ്യമ്രന്തിയും മന്ത്രിമാരും ഡോ.ഹാരിസിനെ വിമർശിച്ച് രംഗത്ത് വന്നതും പൊതുസമൂഹത്തിൽ സർക്കാരിന് അവമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. 


ഇതിനെ മറികടക്കാൻ ക്ഷേമപെൻഷൻ തുക ഉയർത്തിയും മറ്റ് പല പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളുടെ മുമ്പിൽ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള രശമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

ആരേഗ്യ രംഗത്തെ അനാസ്ഥകൾ നിറഞ്ഞ സർക്കാർ സമീപനത്തിനെതിരെ പ്രതികരിക്കാൻ യു.ഡി.എഫ് ആരോഗ്യ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. ജൂൺ 30നാണ് പ്രതിപക്ഷം കമ്മിഷൻ  അഞ്ചംഗ കമ്മിഷൻ രൂപീകരിച്ചത്. 


ഡോ. എസ്.എസ് ലാൽ അദ്ധ്യക്ഷനായുള്ള കമ്മീഷൻ പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. 


മെഡിക്കൽ രംഗത്തെ പ്രഗത്ഭരായ ഡോ. ശ്രീജിത്. എൻ കുമാർ (തിരുവനന്തപുരം), ഡോ: പി.എൻ. അജിത (കോഴിക്കോട്), ഡോ: രാജൻ ജോസഫ് മാഞ്ഞൂരാൻ (തിരുവല്ല), ഡോ: ഒ.റ്റി മുഹമ്മദ് ബഷീർ (മണാശ്ശേരി, കോഴിക്കോട്) എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മിഷൻ സെക്രട്ടറിയായി പ്രശാന്തിനെയും നിയമിച്ചിട്ടുണ്ട്.

'ഹെൽത്ത് മിഷൻ 2050' എന്ന ലക്ഷ്യമാണ് യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്. ഇത് പ്രാവർത്തികമാക്കാനുള്ള ആരോഗ്യ നയരേഖയാണ് കമ്മിഷൻ തയ്യാറാക്കുക. 2030 ൽ കൈവരിക്കേണ്ട ഹ്രസ്വകാല നേട്ടങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകും.


കേരളത്തിലെ ആരോഗ്യരംഗത്തുള്ള ഗുരുതര പ്രശ്‌നങ്ങളെപ്പറ്റിയും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും വിശദമായി പഠിക്കുകയും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയുമാണ് കമ്മിഷന്റെ ലക്ഷ്യം. 


മുഖ്യ വിഷയങ്ങളെ വിശദമായും അനുബന്ധ വിഷയങ്ങളെ ഹ്രസ്വമായും രേഖ പരാമർശിക്കും.

ആരോഗ്യരംഗത്ത് കേരളം ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങളെ നിലനിർത്തുന്നതിനും പുതിയ വെല്ലുവിളികളെ നേരിടുന്നതിനും വേണ്ടി സംസ്ഥാനത്തെ സജ്ജമാക്കാനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും കമ്മിഷൻ റിപ്പോർട്ട്. 


കമ്മിഷന്റെ പ്രഥമ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിലും സമ്പൂർണ റിപ്പോർട്ട് ആറ് മാസത്തിനുള്ളിലും തയ്യാറാക്കാനാണ് പദ്ധതി. 


പൊതുജനങ്ങൾ, ആരോഗ്യ വിദഗ്ദ്ധർ, ബന്ധപ്പെട്ട ഇതര രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമ്മിഷൻ സ്വീകരിക്കും.

 

Advertisment