ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസിയില്‍ ചേര്‍ക്കാന്‍ കഴിയില്ല. അനുവാദം നല്‍കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടിവരും: ഹൈക്കോടതി

എന്‍സിസിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തുല്യ അവകാശം ലഭിക്കണമെന്നതാണ് ആവശ്യം.

New Update
highcourt

കൊച്ചി: നിലവിലുള്ള നിയമപ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസി(നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്)യില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.

Advertisment

1948 നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് ആക്ട് പ്രകാരം ഇതിന് അര്‍ഹതയില്ല. സ്ത്രീ, പുരുഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അനുവാദമെന്നും കോടതി വ്യക്തമാക്കി. 

ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ളവര്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌മെന്‍ ആയ ഒരാള്‍ നല്‍കിയ അപേക്ഷ ജസ്റ്റിസ് എന്‍ നാഗരേഷ് തള്ളി. 

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അവസരം നല്‍കേണ്ടതാണെങ്കിലും അനുവാദം നല്‍കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടിവരുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. 

എന്‍സിസിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തുല്യ അവകാശം ലഭിക്കണമെന്നതാണ് ആവശ്യം. എന്നാല്‍ അവ നയപരമായ കാര്യങ്ങളാണ്. ഇതിന് മതിയായ പഠനങ്ങള്‍ ആവശ്യമാണ്, കോടതി കൂട്ടിച്ചേര്‍ത്തു.

എന്‍സിസി പരിശീലന പദ്ധതിയില്‍ കേഡറ്റുകള്‍ക്ക് പലപ്പോഴും ടെന്റിലും മറ്റുമായി പരിമിതമായ സാഹചര്യങ്ങളില്‍ താമസിക്കേണ്ടി വരുന്നു. കടുത്ത പരിശീലനം ആവശ്യമാണ്. വിവിധ തരത്തിലുള്ള ക്യാംപുകള്‍ ആവശ്യമാണ്.

സിലബസിലെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത ലിംഗത്തിലുള്ള കേഡറ്റുകളുടെ ക്ഷേമം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് ഭരണഘടനാ വിരുദ്ധമോ ഏകപക്ഷീയമോ അല്ലെന്ന് കോടതി പറഞ്ഞു.

എന്‍സിസിയുടെ 30 (കെ) ബെറ്റാലിയനില്‍ ചേരാന്‍ അനുവദിക്കണമെന്ന 22 വയസുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. 

ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ എന്‍സിസിയില്‍ ചേരാന്‍ കഴിയില്ലെന്ന് ആദ്യം തന്നെ അറിയിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. 

എന്തെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം നടത്താന്‍ കഴിയുമോയെന്ന് അറിയാന്‍ വിധിയുടെ പകര്‍പ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനും നിയമ-നീതി മന്ത്രാലയത്തിനും അയച്ചുകൊടുക്കാനും രജിസ്ട്രിയോട് കോടതി നിര്‍ദേശിച്ചു. 

മറ്റൊരു കേസില്‍ ഒരു ട്രാന്‍സ് വുമണിന് വനിതാ കേഡറ്റായി എന്‍സിസിയില്‍ ചേരാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. 2024 മാര്‍ച്ചില്‍ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഈ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

Advertisment