ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പ് : 40 പേര്‍ കൊല്ലപ്പെട്ടു ,ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ അടച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, March 15, 2019

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലിം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഐലന്‍ഡ് സിറ്റിയിലുള്ള മസ്ജിദ് അല്‍ നൂര്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 30 പേരും തൊട്ടടുത്തുള്ള ലിന്‍വൂഡ് പള്ളിയില്‍ പത്ത് പേരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദി ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസിന്ത അര്‍ഡേണ്‍ പ്രതികരിച്ചു.

വെടിവയ്പ്പിന് പിന്നില്‍ ഓസ്‌ട്രേലിയന്‍ പൗരന്‍മാരായ വലതുപക്ഷ തീവ്രവാദികളാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്.

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി പള്ളിയില്‍ കയറി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും ഈ സമയത്ത് പള്ളിക്ക് സമീപമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കളിക്കാരെല്ലാം സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു

 

×