Advertisment

സ്വപ്‌നയും സരിതും വിവാഹം കഴിക്കാന്‍ ആലോചിച്ചിരുന്നു; യുഎഇയിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതിന് പിന്നില്‍ ആഫ്രിക്കന്‍ ലഹരിമരുന്ന് സംഘം?; റമീസ് ടാര്‍സാനിയയില്‍ പോയിരുന്നു, അവിടെ നിന്ന് ചില സാധനങ്ങള്‍ ഇറക്കുമതിയും ചെയ്തു; നിർണായക വെളിപ്പെടുത്തലുകളുമായി എൻഐഎ

New Update

കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി എൻഐഎ. സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്ന സുരേഷും വിവാഹം കഴിക്കാൻ ആലോചിച്ചിരുന്നതായി എൻഐഎ കോടതിയെ അറിയിച്ചു.

Advertisment

യുഎഇയിലേക്ക് സ്വർണം കൊണ്ടുവരുന്നതിന് പിന്നിൽ ആഫ്രിക്കൻ ലഹരി മരുന്ന് സംഘം ആണെന്ന് സംശയമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് പിടിയിലായ റമീസ് ടാൻസാനിയയിൽ പോയിരുന്നതായും അവിടെനിന്ന് ചില സാധനങ്ങൾ ഇറക്കുമതി ചെയ്തതായും എൻഐഎ കോടതിയിൽ അറിയിച്ചു.

publive-image

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി വാദ പ്രതിവാദങ്ങളാണ് നിലവിൽ എൻഐഎ കോടതിയിൽ നടക്കുന്നത്. എൻഐഎയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാർ കോടതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇപ്രകാരമാണ്.

കള്ളക്കടത്തിനെപ്പറ്റി സ്വപ്‌നയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായിട്ടും സ്വപ്‌നയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്‌ന പ്രതിഫലം പറ്റിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്‌പെയ്‌സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയത്.

മാത്രമല്ല, സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുമായി സാധാരണ ബന്ധമാണ് ഉള്ളതെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. 'ഷീ ഹാഡ്‌ ക്യാഷ്വൽ കോൺടാക്റ്റ് വിത്ത് സിഎം’എന്നാണ് എൻഐഎ യ്ക്ക് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഉപയോഗിച്ചിരിക്കുന്നത്.

വിദേശത്ത് ഉൾപ്പടെ ഇവർക്ക് സ്വാധീനം ഉണ്ടായിരുന്നു. ഓരോ കൺസെയിൻമെന്റ് വന്ന് പോകുമ്പോഴും ഇവർക്ക് 50,000 രൂപ വീതം ലഭിച്ചിരുന്നു. ഇതിനു പുറമേ സാധനങ്ങൾ വിട്ട് കിട്ടുന്നതിന് സ്വപ്‌ന കസ്റ്റംസ് ഓഫീസറെ വിളിച്ചുവെന്നും പിടിച്ചുവച്ചിരിക്കുന്ന സ്വർണം വിട്ട് കിട്ടുന്നതിന് സ്വപ്‌ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫ്‌ളാറ്റിലേക്ക് പോയിരുന്നു. എന്നാൽ, അദ്ദേഹം ഇതിന് വഴങ്ങിയില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.

swapna suresh gold smuggling case nia
Advertisment