നിക്ക് ജൊനാസിന്റെ പിതാവ് കടക്കെണിയില്‍; പ്രിയങ്കയോട് സഹായമഭ്യര്‍ത്ഥിച്ച് ആരാധകര്‍

ഫിലിം ഡസ്ക്
Sunday, September 2, 2018

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭാവി വരനും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസിന്റെ പിതാവ് പോള്‍ ജൊനാസ് വലിയ കടക്കെണിയില്‍. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് എട്ടു കോടിയോളം രൂപയുടെ കടമുണ്ടെന്നും അദ്ദേഹം കടുത്ത പ്രതിസന്ധിയില്‍ ആണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടം വീട്ടാനായി ന്യൂ ജേഴ്‌സിയിലെ തങ്ങളുടെ കമ്പനിയുടെ നിര്‍മാണത്തിലിരിക്കുന്ന വസ്തു വില്‍ക്കാനാണ് പോളിന്റെ പദ്ധതിയെന്ന് ടിഎംഇസെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിക്കിന്റെ പിതാവിനെ സഹായിക്കണമെന്ന് കോടിശ്വരിയായ പ്രിയങ്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. നിക്കിന് മാത്രമായി 177 കോടിക്കു മുകളില്‍ ആസ്ഥിയുണ്ടെന്നും അതിനാല്‍ പിതാവിനെ സാമ്പത്തികമായി സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഗായകന്റെ ആരാധകര്‍ പറയുന്നു.

2013ല്‍ നിക്കിന്റെയും സഹോദരന്‍മാരുടെയും മ്യൂസിക് ബാന്‍ഡ് പിരിയുന്നതിനു മുമ്പ് ആഗോളതലത്തില്‍ കോടികളുടെ വരുമാനമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും സ്വന്തമായ കരിയര്‍ കെട്ടിപ്പൊക്കുകയായിരുന്നു.

നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹ നിശ്ചയിച്ചത് കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയിലെ പ്രിയങ്കയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹം. പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും ഇപ്പോള്‍ ജോലി തിരക്കിലായതിനാല്‍ 2019 ല്‍ വിവാഹം നടക്കുമെന്നാണ് സൂചനകള്‍.

×