Advertisment

നികേഷ് കുമാറിന് ഇക്കുറി സി പി എം സീറ്റില്ലെന്ന് സൂചന ! അഴീക്കോട് എം പ്രകാശൻ മാസ്റ്ററെ മത്സരിപ്പിക്കാൻ സി പി എമ്മിൽ ധാരണ;  മറുകണ്ടം ചാടാനൊരുങ്ങി നികേഷും ! അഴീക്കോട് വിട്ട് നികേഷ് കുമാർ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; സോളാറിലടക്കം നിലപാട് പരസ്യമായി തിരുത്തുമെന്ന ഉറപ്പുമായി നികേഷ്കുമാർ; രമേശ് ചെന്നിത്തലയുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായി; ചർച്ചകൾക്ക് മധ്യസ്ഥനായി നിന്നത് പി സി ജോർജെന്ന് സൂചന; യു ഡി എഫ് വിരുദ്ധരെ മുന്നണിയിലെത്തിക്കുന്ന രമേശിൻ്റെ നടപടിക്കെതിരെ പ്രതിഷേധവുമായി എ ഗ്രൂപ്പും !

New Update

കോഴിക്കോട്: കഴിഞ്ഞ തവണ സി പി എം സ്ഥാനാർത്ഥിയായി അഴീക്കോട് മത്സരിച്ച എം വി നികേഷ്കുമാറിന് ഇക്കുറി സീറ്റ് നൽകേണ്ടന്ന് സി പി എം തീരുമാനിച്ചതായി സൂചന . നികേഷിന് പകരം മുൻ എംഎൽഎ കൂടിയായ എം പ്രകാശൻ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കാനാണ് സി പി എം നീക്കം. നികേഷ് വീണ്ടും സ്ഥാനാർത്ഥിയായി എത്തിയാൽ കഴിഞ്ഞ തവണ ലഭിച്ച പാർട്ടി വോട്ടുകൾ പോലും കിട്ടില്ലെന്നും സി പി എം വിലയിരുത്തുന്നു.

Advertisment

publive-image

2011ൽ സിറ്റിങ് എംഎൽഎയായിരുന്ന പ്രകാശൻ മാസ്റ്ററെ 600ൽ താഴെ വോട്ടിന് തോൽപ്പിച്ചാണ് കെ എം ഷാജി അഴീക്കോട് പിടിച്ചെടുത്തത്. പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ കഴിഞ്ഞ തവണയും ഷാജി വിജയിച്ചത് സി പി എമ്മിന് വലിയ തിരിച്ചടിയായിരുന്നു. കഴിഞ്ഞ തവണ നികേഷ് മത്സരിച്ചപ്പോൾ ഷാജി ഭൂരിപക്ഷം ഉയർത്തി. ഈ സാഹചര്യത്തിലാണ് പാർട്ടിക്കാരനായ നല്ല സ്ഥാനാർത്ഥിയെ അഴീക്കോട് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.

മന്ത്രി ഇ പി ജയരാജൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന പ്രകാശൻ മാസ്റ്റർ തൽസ്ഥാനം രാജിവച്ച് മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. റിപ്പോർട്ടർ ടിവിയുടെ എം ഡി കൂടിയായ നികേഷ്കുമാറിൻ്റെ ചില വാർത്തകൾ പ്രതിപക്ഷത്തെ തുണയ്ക്കുന്നതാണെന്ന വിലയിരുത്തലും സി പി എമ്മിനുണ്ടായത് നികേഷിന് തടസ്സമായി. നികേഷിനായി വാദിച്ചിരുന്ന ഇ പി ജയരാജനും അദ്ദേഹത്തെ കൈവിട്ടിരുന്നു.

എന്നാൽ ഈ സാഹചര്യം മുതലാക്കി യു ഡി എഫിൽ സീറ്റ് നേടാൻ നികേഷ് കുമാർ നീക്കം തുടങ്ങി. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് നികേഷിൻ്റെ നീക്കങ്ങൾ. നികേഷ്കുമാർ യു ഡി എഫ് സ്ഥാനാർത്ഥിയായാൽ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.

ഇതിനായി പി സി ജോർജിൻ്റെ മധ്യസ്ഥതയിൽ ചില പ്രാരംഭ ചർച്ചകൾ കോൺഗ്രസുമായി നടന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നികേഷ് സംസാരിച്ചിരുന്നു. കണ്ണൂരിലെ എതു സീറ്റും നികേഷിന് നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം.

ഉമ്മൻചാണ്ടിക്കും മുസ്ലിംലീഗിനും നികേഷിനോടുള്ള എതിർപ്പ് മറികടക്കാനുള്ള നീക്കം ചെന്നിത്തല തുടങ്ങിയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് ഈ വിഷയത്തിൽ പരസ്യമായ എതിർപ്പില്ലെന്നാണ് സൂചന. ലീഗിൻ്റെ പച്ചക്കൊടി കൂടി കിട്ടിയാൽ കണ്ണൂർ മണ്ഡലത്തിൽ നികേഷ് കുമാർ യു ഡി എഫ് സ്ഥാനാർത്ഥിയായേക്കും.

അതേസമയം കഴിഞ്ഞ തവണ സോളാർ വിഷയത്തിലടക്കം യു ഡി എഫിനെയും കോൺഗ്രസിനെയും വലിയ പ്രതിരോധത്തിലാക്കിയവരെ ഒന്നൊന്നായി യുഡിഎഫിലെത്തിച്ച് സ്ഥാനമാനങ്ങൾ കൊടുക്കുന്നതിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. രമേശ് ചെന്നിത്തലയുടെ നീക്കം ഉമ്മൻചാണ്ടിയുടെ നേതൃതലത്തിലേക്കുള്ള വരവ് തടയാനാണെന്ന സംശയമാണ് എ ഗ്രൂപ്പിനുള്ളത്.

നേരത്തെ പി സി ജോർജിനെ മുന്നണിയിലെത്തിക്കാൻ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും നടത്തിയ നീക്കങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. തൊട്ടുപിന്നാലെയാണ് നികേഷിനുവേണ്ടിയുള്ള പുതിയ നീക്കവും.

nikesh kumar nikesh kumar ele
Advertisment