Advertisment

നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ഉടൻ ; പത്ത് തൂക്കുകയറുകൾ തയ്യാറാക്കാൻ നിർദേശം ; തൂക്കുകയര്‍ തയ്യാറാക്കാനുള്ള തിരക്കില്‍ ബുക്‌സാര്‍ ജയിലിലെ തടവുകാര്‍

New Update

പട്ന : നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്ന് സൂചന. ബിഹാറിലെ ബുക്സാർ സെൻട്രൽ ജയിലിലെ തടവുകാർ തൂക്കുകയറുകൾ തയ്യാറാക്കാൻ കൂടുതൽ സമയം ജോലി ചെയ്യുകയാണിപ്പോൾ എന്നാണ് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശർമ രാഷ്ട്രപതിയുടെ മുന്നിലുള്ള ദയാഹർജി പിൻവലിച്ചതോടെയാണ് ഈ നീക്കം. പത്ത് തൂക്കുകയറുകൾ തയ്യാറാക്കാനാണ് നിർദേശം കിട്ടിയിരിക്കുന്നത്.

Advertisment

publive-image

തൂക്കുകയറുകളുണ്ടാക്കാൻ പ്രസിദ്ധമായ സെൻട്രൽ ജയിലാണ് ബിഹാറിലെ ബുക്സാറിലേത്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബുക്സാർ ജയിലിൽ തയ്യാറാക്കുന്ന തൂക്കുകയറുകൾ മനില കയറുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. നേരത്തേ പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‍സൽ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള തൂക്കുകയർ തിഹാർ ജയിലിലേക്ക് എത്തിച്ചത് ഇവിടെ നിന്നാണ്. 2013 ഫെബ്രുവരി 9-നാണ് അഫ്സൽ ഗുരുവിനെ തൂക്കിക്കൊല്ലുന്നത്.

''എന്‍റെ മേലധികാരികൾ എന്നോട് പത്ത് തൂക്കുകയറുകൾ തയ്യാറാക്കണമെന്നാണ് നിർദേശം തന്നിരിക്കുന്നത്. ഏത് ജയിലിലേക്കാണ് ഈ കയറുകൾ നൽകേണ്ടത് എന്ന് എനിക്ക് വിവരം ലഭിച്ചിട്ടില്ല. പക്ഷേ കയറുകൾ നിർമിക്കാനുള്ള ജോലി ഞാൻ തുടങ്ങിക്കഴിഞ്ഞു'', ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ വ്യക്തമാക്കി.

മൂന്ന് ദിവസം മുമ്പാണ് തൂക്കുകയർ തയ്യാറാക്കാനുള്ള നിർദേശം ബുക്സാർ ജയിലിൽ ലഭിക്കുന്നത്. നിർഭയ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി വിനയ് ശർമ ദയാഹർജി പിൻവലിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന.

താൻ ഇത്തരത്തിലൊരു ദയാഹർജി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശർമ രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി പിൻവലിച്ചത്. ഇങ്ങനെയൊരു ഹർജിയിൽ താൻ ഒപ്പുവച്ചിട്ടില്ല. ആരെയും ഹർജി നൽകാൻ ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് വിനയ് ശർമ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

തള്ളിക്കളയണമെന്ന ശുപാർശയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ ദയാഹർജി രാഷ്ട്രപതിഭവന് കൈമാറിയത്. ഹർജി ആദ്യം ലഭിച്ച ദില്ലി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലും ഹർജി തള്ളിക്കളയുന്നതായി ഫയലിൽ രേഖപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയത്. അതിനാൽത്തന്നെ വിനയ് ശർമയുടെ ദയാഹർജി പരിഗണിക്കപ്പെടാൻ സാധ്യതയില്ലെന്ന സൂചനയാണ് ലഭിച്ചിരുന്നത്.

Advertisment