Advertisment

നിര്‍ഭയ കൂട്ടബലാത്സംഗ കേസ്; സാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി സെഷന്‍സ് കോടതി തള്ളി

New Update

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ ഏകസാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതി പവന്‍ ഗുപ്തയുടെ പിതാവ് ഹീര ലാല്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഡല്‍ഹി സെഷന്‍സ് കോടതി തള്ളി. സാക്ഷിയെ മൊഴി നല്‍കാന്‍ പരിശീലിപ്പിച്ചതാണെന്നും മൊഴി വിശ്വാസയോഗ്യമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതേ ആവശ്യവുമായി നല്‍കിയ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് ഉത്തരവിനെ ചോദ്യംചെയ്താണ് ഹര്‍ജിക്കാര്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

Advertisment

publive-image

വാര്‍ത്താ ചാനലുകളില്‍ അഭിമുഖത്തിനായി ഹാജരാകാന്‍ സാക്ഷി പണം ഈടാക്കിയതായി അടുത്തിടെ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായി അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നിര്‍ഭയുടെ സുഹൃത്തായ ദൃക്‌സാക്ഷി സംഭവം നടക്കുമ്പോള്‍ ബസ്സില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിരുന്നു.

സാക്ഷിയെക്കുറിച്ച്‌ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിക്കാര്‍, കേസിലെ ഏകസാക്ഷിയായതിനാല്‍ അദ്ദേഹത്തിന്റെ മൊഴി വധശിക്ഷയിലേയ്ക്ക് നയിച്ച വിധിയെ സ്വാധീനിച്ചതായും ചൂണ്ടിക്കാണിച്ചു. വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സാക്ഷി മൊഴി കെട്ടിച്ചമച്ചതാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

nirbhaya case
Advertisment