Advertisment

ഞാനുണ്ടാക്കുന്ന ഭക്ഷണം ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന കുട്ടി ; മധുര പലഹാരങ്ങളും തൈരും പാലുമൊക്കെ കഴിക്കാൻ ഇഷ്ടപ്പെട്ടവൾ ; അവന്മാർ ഏൽപിച്ച മുറിവു മൂലം അവളുടെ കുടൽ പോലും നീക്കം ചെയ്യേണ്ടി വന്നു , ഭക്ഷണമോ വെള്ളമോ പോലും വായിലിറ്റിക്കാൻ പറ്റാതെയാണ് അവൾ പോയത് ; എന്റെയൊരു സങ്കടം ആലോചിച്ചു നോക്കൂ ; നിര്‍ഭയയുടെ അമ്മ പറയുന്നു

New Update

ഡൽഹി :‘‘7 വർഷം, 3 മാസം- അത്രയുമായി അതു കഴിഞ്ഞിട്ട്. മറക്കാനാവില്ല ആ രാത്രി... ഡൽഹിയിലെ ദ്വാരകയിലുള്ള ഇടത്തരക്കാരുടെ ഹൗസിങ് അപ്പാർട്മെന്റാണത്. ദീപാവലി ആശംസയുടെ ഇനിയും നിറം മങ്ങാത്ത തോരണം തൂങ്ങുന്ന വാതിൽ തുറന്ന് അവർ പുറത്തേക്കു വന്നു. ആശാദേവി - നിർഭയയുടെ അമ്മ.

Advertisment

നീതിക്കു വേണ്ടി ഞങ്ങൾ എത്ര കാലം അലഞ്ഞു. ഓരോ ദിവസവും ഓരോ ഹർജികൾ. പ്രതികൾക്കു വധശിക്ഷ നേടിക്കൊടുക്കാനായി, അതു നടപ്പാക്കിക്കിട്ടാനായി ഞാൻ എന്നും കോടതിയിൽ പോകുകയായിരുന്നു. മറ്റൊന്നും ജീവിതത്തിലില്ലാതെ ഒരമ്മ എത്ര വർഷം നടക്കേണ്ടി വന്നു. ചിലപ്പോൾ എനിക്കു തോന്നിയിട്ടുണ്ട്, നിയമം പ്രതികളുടെ പക്ഷത്താണോ എന്ന്.

publive-image

അവർ ചെയ്ത കുറ്റം തെളിയിക്കാൻ, അവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടാൻ, ഒടുവിലതു നടപ്പാക്കിയെടുക്കാൻ ഒക്കെ കഷ്ടപ്പെടുന്നത് നമ്മളാണ്, ഇരയായവളുടെ കുടുംബം. പക്ഷേ, വിട്ടുകൊടുക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അവരെ തൂക്കിലേറ്റും വരെ ഞാൻ ഓടിക്കൊണ്ടിരിക്കുമെന്നായിരുന്നു തീരുമാനം. ഇങ്ങനെ കഷ്ടപ്പെട്ടു നീതി നേടിയെടുക്കേണ്ടി വരുമ്പോൾ നമുക്കു നിയമങ്ങളിലൊക്കെ വിശ്വാസം നഷ്ടപ്പെടും. സമയത്ത് നീതി ലഭിച്ചെങ്കിലേ ജനങ്ങൾക്ക് അതിൽ വിശ്വാസമുണ്ടാകൂ.

ആം ആദ്മി പാർട്ടി ആദ്യം ഭരണത്തിലെത്തിയപ്പോൾ പറഞ്ഞു, ഡൽഹിയിലെ തെരുവുകളിൽ മുഴുവൻ ക്യാമറകൾ സ്ഥാപിക്കുമെന്ന്. അഞ്ചു വർഷം ഭരിച്ച ശേഷം ഇപ്പോൾ വീണ്ടും അവർ അധികാരത്തിലെത്തി. ഇനിയും അതു പൂർണമായി നടപ്പായിട്ടില്ല. ക്യാമറകളെ ഭയന്നെങ്കിലും ചിലർ കുറ്റകൃത്യത്തിൽനിന്നു പിന്മാറിയേനെ.

പിന്നെ നിയമങ്ങളൊക്കെ നമ്മുടെ സർക്കാരുകൾ ഉണ്ടാക്കിയതല്ലേ. ഇവിടെ കുറ്റവാളികൾ രക്ഷപ്പെടുകയാണ്. പെൺകുട്ടികൾ വീണ്ടും വീണ്ടും ക്രൂരമായി ആക്രമിക്കപ്പെടുന്നു. അധികാരികൾക്ക് ഈ നിയമങ്ങളൊക്കെ ഒന്നു മാറ്റി എഴുതിക്കൂടേ... ഈ രാജ്യത്ത് എന്തിലാണ് ആദ്യം മാറ്റം വരേണ്ടത് എന്നു ചോദിച്ചാൽ ഞാൻ പറയും, നിയമങ്ങളാണ‌ു മാറേണ്ടതെന്ന്.

നിങ്ങളിപ്പോൾ അവളെ വിളിക്കുന്ന പേരില്ലേ, നിർഭയ. ആ പേരുപോലെ തന്നെ ആയിരുന്നു അവൾ. വലിയ ധൈര്യശാലി. കരാട്ടെയൊക്കെ പഠിച്ചിട്ടുണ്ട്. തെറ്റ് കണ്ടാൽ ചോദ്യം ചെയ്യുന്നതാണ് കുട്ടിക്കാലം മുതലുള്ള ശീലം. കൂട്ടുകാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ പോലും അവൾ ചോദ്യം ചെയ്യും. സ്കൂളിലൊക്കെ അവൾ അവരുടെ സംരക്ഷകയെ പോലെയായിരുന്നു.

പഠിക്കാൻ ഒരുപാട് മിടുക്കിയായിരുന്നു. പ്ലസ്ടുവിന് 95 ശതമാനം മാർക്ക്. ഡോക്ടറാകണമെന്നായിരുന്നു മോഹം. ഡോക്ടറായി വന്ന് പാവങ്ങളെ സഹായിക്കുമെന്നൊക്കെ ഞങ്ങളോട് പറഞ്ഞിരുന്നു. പക്ഷേ, അവളെ എംബിബിഎസ് പഠിപ്പിക്കാനുള്ള പണം ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഡെറാഡൂണിൽ ഫിസിയോതെറപ്പി കോഴ്സിനു ചേർത്തത്. അവിടെനിന്ന് അവസാന പരീക്ഷ കഴിഞ്ഞുള്ള വരവായിരുന്നു. ഇവിടെ ഡൽഹിയിൽ ഇന്റേൺഷിപ് ചെയ്യാനായിരുന്നു തീരുമാനം.

പൊതുവേ സിനിമയ്ക്കൊന്നും പോകാത്ത കുട്ടിയാണ്. പക്ഷേ, പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു സുഹൃത്ത് വിളിച്ചപ്പോൾ കൂടെ പോയത്. സിനിമ കഴിഞ്ഞുള്ള മടക്കയാത്രയിൽ ബസിൽ കയറിയപ്പോഴാണ് അവന്മാർ എന്റെ മോളെ...

ആ സംഭവത്തിനു ശേഷം കാണുമ്പോൾ അത്രയേറെ ഗുരുതര നിലയിലായിരുന്നു. ആന്തരികാവയവങ്ങളൊക്കെ തകർന്നിരുന്നു. പക്ഷേ, അവൾ തിരിച്ചുവരുമെന്നു തന്നെ ഞങ്ങൾ കരുതി. ആ സമയത്തും അവൾ ധൈര്യം കൈവിട്ടില്ല. ‘‘അമ്മ വിഷമിക്കരുത്, ഞാൻ ഓക്കേയാണ്’’ എന്ന് കയറിക്കണ്ടപ്പോഴെല്ലാം അവൾ എന്നെ ആശ്വസിപ്പിച്ചു. പിന്നെ, നില വഷളായി. സിംഗപ്പൂരിലേക്കു കൊണ്ടുപോയി. അവിടെ വച്ചു പ്രതീക്ഷകളൊക്കെ മങ്ങിത്തുടങ്ങി. ഒടുവിൽ ആ ദിവസം ഡോക്ടർ പറഞ്ഞു, ‘‘ഇനി പിടിച്ചുനിർത്താൻ ബുദ്ധിമുട്ടാണ്’’ എന്ന്. പിറ്റേന്ന് പുലർച്ചെ അവൾ പോയി.

ഞാനുണ്ടാക്കുന്ന ഭക്ഷണം ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന കുട്ടി. മധുരപലഹാരങ്ങളും തൈരും പാലുമൊക്കെ കഴിക്കാൻ ഇഷ്ടപ്പെട്ടവൾ. അവന്മാർ ഏൽപിച്ച മുറിവു മൂലം അവളുടെ കുടൽ പോലും നീക്കം ചെയ്യേണ്ടി വന്നു. ഭക്ഷണമോ വെള്ളമോ പോലും വായിലിറ്റിക്കാൻ പറ്റാതെയാണ് അവൾ പോയത്. എന്റെയൊരു സങ്കടം ആലോചിച്ചു നോക്കൂ.

ഏറ്റവും ക്രൂരമായി മുറിവേൽപിച്ചത് കൂട്ടത്തിലെ പ്രായപൂർത്തിയാകാത്തവനാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, അയാൾ 3 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി ഇപ്പോൾ പുറത്താണ്.

എനിക്കു മനസ്സിലാകുന്നില്ല അവനെ എങ്ങനെ ഇത്ര ചെറിയ ശിക്ഷ നൽകി ഒഴിവാക്കാൻ പറ്റിയെന്ന്. അവന്റെ പ്രവൃത്തി പ്രായപൂർത്തി ആകാത്ത ഒരാളുടെയാണോ? എന്നിട്ട് ശിക്ഷയുടെ കാര്യത്തിൽ എത്തിയപ്പോൾ അവൻ ‘ബാലൻ’! അതുകൊണ്ടാണു നിയമം മാറ്റിയെഴുതണമെന്നു ഞാൻ പറയുന്നത്. ചെയ്യുന്ന ക്രൂരതയ്ക്ക് അർഹിക്കുന്ന ശിക്ഷ വേണം.

nirbhaya case death sentence nirbhaya mother
Advertisment