Advertisment

നിര്‍ഭയയുടെ ഘാതകരുടെ വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരില്ല, യുപിയിലെ ഗ്രാമങ്ങള്‍ തോറും ആരാച്ചാരെ തെരഞ്ഞു പോലീസ് !!

New Update

ന്യൂഡൽഹി∙ രാജ്യത്തെ പിടിച്ചുകുലുക്കിയ നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ ആരാച്ചാരില്ല. തിഹാർ ജയിലിൽ ഒരു മാസത്തിനുള്ളിൽ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിൽ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽപോലും ആരാച്ചാർക്കായി പൊലീസ് അന്വേഷണം നടക്കുകയാണ്.

Advertisment

publive-image

തിഹാർ ജയിലിൽ ആരാച്ചാർ പോസ്റ്റിൽ സ്ഥിര നിയമനമില്ല. വധശിക്ഷ അപൂർവ്വമായതിനാൽ കരാർ അടിസ്ഥാനത്തിൽ ആവശ്യഘട്ടത്തിൽ ആളുകളെ നിയോഗിക്കുകയാണ് നിലവിലെ രീതി.

രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിക്കു ഹർജി നൽകുക എന്ന മാർഗം മാത്രമാണു മുന്നിലുള്ളത്. എന്നാൽ പ്രതികളിൽ വിനയ് ശർമ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹർജി നൽകാൻ തയാറായത്.

ദയാഹർജി നൽകാൻ ഏഴു ദിവസം സമയം അനുവദിച്ചെങ്കിലും മുകേഷ്, പവന്‍, അക്ഷയ് എന്നിവർ ദയാഹർജി നൽകിയിട്ടില്ല. ഇവർക്കു കൂടുതൽ സമയം അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും. ദയാഹര്‍ജി നല്‍കിയിട്ടില്ലെങ്കില്‍ വധശിക്ഷ വാറന്‍റ് പുറപ്പെടുവിക്കാന്‍ ജയില്‍ അധികൃതര്‍ക്കു വിചാരണക്കോടതിയെ സമീപിക്കാം.

വിനയ് ശർമ്മയുടെ ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ആഭ്യന്തര മന്ത്രാലയത്തോട് ശക്തമായി ശുപാർശ ചെയ്തിരുന്നു. അപ്രകാരം രാഷ്ട്രപതി ദയാഹർജി തള്ളുന്ന സാഹചര്യമുണ്ടായാൽ കോടതി വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി ‘ബ്ലാക് വാറണ്ട്’ പുറപ്പെടുപ്പിക്കുന്നതാണ് അടുത്ത ഘട്ടം.

പാർലമെന്റ് ഭീകരാക്രമണ കേസ് പ്രതി അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ ലഭിക്കാതെ വന്ന സാഹചര്യത്തിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ തന്നെയാണ് ലിവർ വലിച്ച് വധശിക്ഷ നടപ്പാക്കിയത്.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗം നടക്കുന്നത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‍ രാജ്യമാകെ വന്‍ പ്രതിക്ഷേധമാണ് ഉയര്‍ന്നത്.

delhi case nirbhaya
Advertisment