പോസ്റ്റർ വിവാദവും പാൽസൊസൈറ്റി തെരഞ്ഞെടുപ്പും ആലപ്പുഴയെ ഇക്കുറി പ്രവചനാതീതമാക്കുന്നു ! ജില്ലയിൽ മികച്ച പ്രകടനം പ്രതീക്ഷിച്ച് ഇരു മുന്നണികളും. മൂന്നു മന്ത്രിമാരെ മാറ്റി നിർത്തിയതോടെ അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല മണ്ഡലങ്ങളിൽ ശക്തമായ മത്സരം. അടിയൊഴുക്കുകൾ വിജയിയെ നിർണയിക്കും ! തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ വീണ്ടും വിഭാഗിയത തലപൊക്കുമോയെന്ന ആശങ്കയിൽ സി പി എം. നേതാക്കളുടെ പ്രസ്താവനയിൽ ആശങ്ക വ്യക്തം. കായംകുളത്തും കുട്ടനാട്ടും ഇഞ്ചോടിഞ്ച് പോരാട്ടം. ഇളകാത്ത ഇടതു കോട്ടയായി മാവേലിക്കര തുടർന്നേക്കും !

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Tuesday, April 20, 2021

ആലപ്പുഴ: ഇടതിനു മേൽക്കൈയുള്ള ജില്ലയിൽ കാര്യങ്ങൾ ഇക്കുറി അത്ര പന്തിയല്ല എന്നാണ് നേതാക്കളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. പലയിടത്തും വിഭാഗീയത തലപ്പൊക്കുന്നു എന്ന സൂചനകൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ശേഷം പുറത്തു വരുന്നുണ്ട്. അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു കഴിഞ്ഞാൽ ആലപ്പുഴയിൽ ചില പൊട്ടിത്തെറികൾ പ്രതീക്ഷിക്കാം.

മുതിർന്ന മൂന്നു നേതാക്കൾക്ക് ഇക്കുറി സീറ്റ് നിഷേധിച്ചതോടെയാണ് ആലപ്പുഴയിൽ ഇടതിൽ വിഷയം രൂക്ഷമായത്. മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക്, പി തിലോത്തമൻ എന്നിവർക്കാണ് സീറ്റ് നിഷേധിച്ചത്. ഇതിൻ്റെ പ്രതിഫലനമെന്തെന്നത് അറിയാനാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.

അമ്പലപ്പുഴ ആർക്ക് മധുരിക്കും

കോൺഗ്രസ് സ്വഭാവമുള്ള മണ്ഡലത്തിൽ ജി സുധാകരൻ്റെ വ്യക്തിപ്രഭാവമായിരുന്നു വിജയത്തിന് കാരണമായത്. മണ്ഡലത്തിൽ അദേഹത്തിനുള്ള സ്വാധീനവും വിജയത്തിന് കാരണമായിരുന്നു. പക്ഷേ ഇതേ ഘടകങ്ങൾ ഇക്കുറിയില്ലാത്തത് ആർക്ക് ഗുണം ചെയ്യുമെന്ന് കണ്ടറിയണം.

ഇടതു സ്ഥാനർത്ഥി എച്ച് സലാമിന് ജി സുധാകരൻ്റെ വികസനം എത്രകണ്ട് തുണയാകുമെന്നത് പ്രധാന ചോദ്യമാണ്. ഒപ്പം പോസ്റ്റർ വിവാദവും വലിയ ചർച്ചയായിരുന്നു. സുധാകരൻ ഒപ്പമുണ്ടായിരുന്നു എന്നു പറയപ്പെടുമ്പോഴും തെരഞ്ഞെടുപ്പിന് ശേഷം ഒരു പരസ്യ പ്രതികരണത്തിനും എച്ച് സലാം തയ്യാറായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

യു ഡി എഫ് സ്ഥാനാർത്ഥി എം ലിജുവിൻ്റെ വ്യക്തിപരായ മികവും കഴിവും അദേഹത്തിനും തുണയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ആലപ്പുഴയുടെ തുഴ ആർക്ക് ?

മന്ത്രി തോമസ് ഐസക്കിന് പകരം ജെ ചിത്തരജ്ഞൻ സ്ഥാനാർത്ഥിയായി വന്നതാണ് ഇക്കുറി ആലപ്പുഴയുടെ പ്രത്യേകത. അമ്പലപ്പുഴ പോലെ വലിയ വിവാദമൊന്നും ഫലത്തിൽ ഉണ്ടായെങ്കിലും അടിയൊഴുക്കുകൾ മണ്ഡഡലത്തിൽ ഉണ്ടെന്നു വ്യക്തം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 30000 ലേറെ ഭൂരിപക്ഷം ഐസകിന് ഉണ്ടായിരുന്നു ആലപ്പുഴയിൽ.

അതേസമയം ലത്തീൻ സഭയുടെ പിന്തുണയുള്ള യു ഡി എഫ് സ്ഥാനാർത്ഥി ഡോ. കെ എസ് മനോജ് ആലപ്പുഴയിൽ ശക്തമായ മത്സരം തന്നെയാണ് കാഴ്ചവച്ചത്. ഇതു യു ഡി എഫിന് ഗുണമായേക്കുമെന്നും പറയപ്പെടുന്നു.

ഹരിപ്പാടിൻ്റെ നായകൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇക്കുറിയും കടുത്ത മത്സരം നേരിടേണ്ടി വന്നില്ല എന്നു തന്നെയാണ് പൊതു വിലയിരുത്തൽ. ഭൂരിപക്ഷത്തിൻ്റെ കാര്യത്തിൽ മാത്രമെ സംശയമുള്ളുവെന്നാണ് യുഡിഎഫിൻ്റെ വിലയിരുത്തൽ. ഇടതു ക്യാമ്പും മറിച്ചൊന്നും പറയുന്നുമില്ല.

ചേർത്തലയിലെ തരംഗം ആർക്കൊപ്പം

മൂന്നു ടേം നിബന്ധനയിൽ തട്ടി മന്ത്രി പി തിലോത്തമന് സീറ്റു കിട്ടാതായതോടെ പകരമെത്തിയ പി പ്രസാദിനെ കാര്യമായി പിന്തുണ കിട്ടിയില്ല എന്ന ആക്ഷേപം ചേർത്തലയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തിലോത്തമൻ്റെ സ്റ്റാഫംഗത്തിനെ പാർട്ടി പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ സജീവമല്ലാത്തതിൻ്റെ പേരിലായിരുന്നു നടപടി.

ഇതൊക്കെ ചേർത്തലയിൽ പതിവില്ലാത്തതായിരുന്നു എന്നാണ് പൊതുവിൽ നേതാക്കൾ പറയുന്നത്. ഇത്തരം പ്രശ്നങ്ങളൊക്കെ ഫലത്തെ ബാധിക്കുമോ എന്നറിയാനും മെയ് രണ്ടു വരെ കാത്തിരിക്കണം. യു ഡി എഫ് സ്ഥാനാർത്ഥി ശരത്തും ആത്മവിശ്വാസത്തിലാണ്.

കായംകുളത്തെ സ്റ്റാർവാർ

മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ യു പ്രതിഭ വലിയ ആത്മവിശ്വാസത്തിലാണ്. എന്നാൽ പാർട്ടിയിലെ വിഭാഗീയത കായംകുളത്ത് പ്രതിഫലിക്കുമോയെന്നും ചില പ്രവർത്തകരെങ്കിലും ആശങ്കപ്പെടുന്നുണ്ട്. അതേ സമയം തന്നെ യു ഡി എഫ് സ്ഥാനാർത്ഥി അരിതാ ബാബുവും വിജയപ്രതീക്ഷയിലാണ്.’

അരിതയ്ക്കെതിരെ എഎം ആരിഫ് എം പി നടത്തിയ പരാമർശമൊക്കെ വോട്ടായാൽ അതു വലിയ അട്ടിമറിയുമാകാം. എന്നാൽ അതിനു സാധ്യതയില്ലെന്നാണ് സി പി എം കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്.

അരൂർ പാലം ആരു കടക്കും

സിറ്റിങ് എംഎൽഎ ഷാനിമോൾ ഉസ്മാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇക്കുറി ഭൂരിപക്ഷം കൂടുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഗായിക ദലീമയ്ക്ക് ഷാനിമോളേ അയക്കാനാകും എന്നാണ് സി പി എമ്മിൻ്റെ പ്രതീക്ഷ.

പ്രളയം പ്രതിഫലിക്കുമോ ചെങ്ങന്നൂരിൽ

നിലവിലെ എംഎൽഎ സജി ചെറിയാൻ വലിയ വിജയ പ്രതീക്ഷയിലാണ്. യുഡിഎഫിലെ എം മുരളിയും വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിലെ വീഴ്ചകളിൽ യുഡിഎഫും അന്നത്തെ ഇടപെടലുകളിൽ ഇടതു മുന്നണിയും പ്രതീക്ഷയർപ്പിക്കുന്നുണ്ട്.

കുട്ടനാട്ടിൽ ആരു നീന്തിക്കയറും

ഇരു മുന്നണിയിലെയും ഘടകക്ഷികൾ തമ്മിൽ മത്സരിക്കുന്ന കുട്ടനാട്ടിൽ ശക്തമായ മത്സരമാണ് നടന്നത്. എൻസിപിയിലെ തോമസ് കെ തോമസും ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമും വിജയിക്കുമെന്ന ഉറപ്പിലാണ്. എൻസിപിയിലെ പിളർപ്പ് മണ്ഡലത്തിൽ സ്വാധീനിക്കില്ലെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.

മാവേലിക്കരയിൽ ആര്

ഇടതു കോട്ടയെന്നു കരുതുന്ന മാവേലിക്കരയിൽ ഇക്കുറിയും കാര്യമായ മാറ്റം ഉണ്ടാകാനിടമില്ല. സി പി എം സ്ഥാനാർത്ഥി എം എസ് അരുൺ കുമാർ മികച്ച ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെ. കഴിഞ്ഞ തവണ സി പി എമ്മിലെ ആർ രാജേഷിന് മികച്ച ഭൂരിപക്ഷം ലഭിച്ചതാണിവിടെ.

കോൺഗ്രസ് സ്ഥാനാർത്ഥി കെ കെ ഷാജുവും ആത്മവിശ്വാസത്തിൽ തന്നെ.

×