Advertisment

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റു നല്‍കരുത് ! നേതാക്കളുടെ ലിസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പട്ടികയിലുള്ളത് കെവി തോമസും പിജെ കുര്യനും എംഎം ഹസനുമടക്കം 15 പേര്‍. ഹസന്‍ വിജയിച്ച മണ്ഡലത്തില്‍ പിന്നീടൊരിക്കലും ഒരു കോണ്‍ഗ്രസുകാരന്‍ വിജയിച്ച ചരിത്രമില്ലെന്നും വിമര്‍ശനം ! പാര്‍ട്ടി പ്രവര്‍ത്തനത്തേക്കാള്‍ ഏറെ ഗ്രൂപ്പുകളിയില്‍ സജീവമായ വാഴയ്ക്കനും സീറ്റുകൊടുക്കരുത്. സ്ഥിരം മുഖങ്ങളൊഴിവാക്കി യുവാക്കളെയും സ്ത്രീകളെയും പരിഗണിക്കണമെന്നും ആവശ്യം

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാണ്. ഓരോ മണ്ഡലങ്ങളിലും വിജയ സാധ്യതയുള്ളവര്‍ തങ്ങളുടെ സീറ്റുറപ്പിക്കാന്‍ നെട്ടോട്ടത്തിലാണ്. ഇതിനിടെയിലാണ് ചില നേതാക്കള്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Advertisment

publive-image

കോണ്‍ഗ്രസ് ടിക്കറ്റില്‍ പലവട്ടം മത്സരിച്ച് തോറ്റവരും ഒരിക്കല്‍ ജയിച്ച് പിന്നീട് പരാജയപ്പെട്ടവരുമെല്ലാം ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവര്‍ക്ക് സീറ്റ് നല്‍കരുത്, തോറ്റു തുന്നം പാടും എന്നാണ് പ്രചരിക്കുന്ന പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

മുന്‍ മന്ത്രി കെ ബാബു, ശൂരനാട് രാജശേഖരന്‍, എം ലിജു, മുന്‍ സ്പീക്കര്‍ എ ശക്തന്‍, മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, തമ്പാനൂര്‍ രവി, പാലോട് രവി, വര്‍ക്കല കഹാര്‍, എ ചന്ദ്രശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്, ജോസഫ് വാഴയ്ക്കന്‍, അജയ് തറയില്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, പന്തളം സുധാകരന്‍, എടി ജോര്‍ജ് എന്നിവരാണ് പട്ടികയിലുള്ളത്.

പിജെ കുര്യനും കെവി തോമസിനും സീറ്റ് നല്‍കിയാല്‍ അതു യുവാക്കളോടുള്ള പരസ്യ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. ആവശ്യത്തിലേറെ കാലം അധികാര സ്ഥാനങ്ങളില്‍ കടിച്ചു തൂങ്ങിയവാരാണ് ഇരുവരും.

എംഎം ഹസനും ഇതുതന്നെയാണ് സ്ഥിതി. ഹസന്‍ വിജയിച്ച മണ്ഡലത്തില്‍ പിന്നീടൊരിക്കലും ഒരു കോണ്‍ഗ്രസുകാരന്‍ വിജയിച്ച ചരിത്രമില്ല. സമുദായത്തിന്റെ പേരു പറഞ്ഞ് സ്ഥിരമായി അധികാര കസേര കൈവയ്ക്കുന്ന ഹസനെതിരെ വലിയ പ്രതിഷേധമാണുള്ളത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് എ ഗ്രൂപ്പിനു കിട്ടിയ സീറ്റുകള്‍ വീതം വച്ച് നശിപ്പിച്ചവരാണ് പാലോട് രവിയും തമ്പാനൂര്‍ രവിയും. ഇക്കുറിയും തലസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളില്‍ ഇരുവരുടെയും പേര് പരിഗണിക്കുന്നുണ്ടെന്നാണ് അറിവ്.

കെ ബാബുവാകട്ടെ എക്‌സൈസ് മന്ത്രിയായ കാലത്ത് ആവശ്യത്തിലേറെ പേരുദോഷം കേള്‍പ്പിച്ചയാളാണ്. കഴിഞ്ഞതവണ വിഎം സുധീരനുമായി പോരടിച്ചാണ് ബാബുവിന് ഉമ്മന്‍ചാണ്ടി സീറ്റൊപ്പിച്ചത്.

പക്ഷേ തൃപ്പൂണിത്തുറയില്‍ പരാജയമായിരുന്നു ഫലം. ഇക്കുറിയും തൃപ്പൂണിത്തുറ ലക്ഷ്യമിട്ടാണ് ബാബുവിന്റെ പ്രവര്‍ത്തനം. ജോസഫ് വാഴയ്ക്കന്‍ യുഡിഎഫിന്റെ സ്വന്തം മണ്ഡലം എല്‍ഡിഎഫിന് സമ്മാനിച്ച മിടുക്കനാണ്.

പാര്‍ട്ടി പ്രവര്‍ത്തനത്തേക്കാള്‍ മികവോടെ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്ന വ്യക്തി. ഇദ്ദേഹത്തെ ഒറു മണ്ഡലത്തിലും പരിഗമിക്കരുതെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. വര്‍ക്കല കഹാര്‍, എ ചന്ദ്രശേഖരന്‍ എന്നിവരുടെ കാര്യത്തില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

ചന്ദ്രശേഖരനെതിരെ ഐഎന്‍ടിയുസി നേതാക്കള്‍ക്കുപോലും എതിര്‍പ്പുണ്ട്. അജയ് തറയില്‍, ശൂരനാട് രാജശേഖരന്‍, പന്തളം സുധാകരന്‍, എടി ജോര്‍ജ് എന്നിവര്‍ക്കും സീറ്റ് നല്‍കരുതെന്നാണ് പ്രവര്‍ത്തകരുടെ വികാരം.

കൂട്ടത്തില്‍ യുവനേതാവായ എം ലിജുവിന്റെ പേരും ഉണ്ട്. സ്വന്തം നിയോജക മണ്ഡലത്തില്‍ പോലും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്തികളെ വിജയിപ്പിക്കാന്‍ കഴിയാത്തവരായ നേതാക്കള്‍ക്കെതിരെയാണ് പ്രതിഷേധമേറയും.

ഈ പട്ടിക അപൂര്‍ണമാണെന്നും മത്സരിക്കാന്‍ കൊള്ളില്ലാത്തവരുടെ പട്ടിക ഇതിലേറെയുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഈ പോസ്റ്റിനു കീഴില്‍ കമന്റു ചെയ്യുന്നുണ്ട്.

Advertisment