Advertisment

ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വെ നിര്‍ത്തലാക്കുന്നു

New Update

Image result for ladies compartment

Advertisment

തിരുവനന്തപുരം: ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വെ നിര്‍ത്തലാക്കുന്നു. അതിന് പകരമായി ജനറല്‍കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും. തിരുവനന്തപുരം-ചെന്നൈ മെയില്‍, കൊച്ചുവേളി-ബംഗളൂരൂ എന്നീ ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ ഈ ക്രമീകരണം നടപ്പാക്കിയത്. മറ്റു ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റുകള്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിക്കും. കോച്ചുക്ഷാമമാണ് സീറ്റ് സംവരണ രീതിയിലേക്ക് എത്താന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.

തിരുവനന്തപുരം-ചെന്നൈ മെയില്‍, കൊച്ചുവേളി-ബംഗളൂരൂ എന്നീ രണ്ട് ട്രെയിനുകളിലും നിലവിലുള്ള മൂന്ന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലൊന്നില്‍ ഒന്നുമുതല്‍ 30 വരെയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്കുവേണ്ടി മാറ്റി. മുന്‍കൂര്‍ അറിയിപ്പുനല്‍കാതെ സീറ്റുകള്‍ക്ക് മുകള്‍ഭാഗത്ത് സ്ത്രീസംവരണം എന്നെഴുതി ഒട്ടിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. ടിക്കറ്റ് പരിശോധകരും റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ സീറ്റുകളിലിരിക്കുന്ന പുരുഷന്മാരെ മാറ്റുന്നത്. പലര്‍ക്കും പിഴചുമത്തി.

പുത്തന്‍തലമുറ എല്‍.എച്ച്.ബി. (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ ഉപയോഗിക്കുന്ന ട്രെയിനുകളിലാണ് സ്ത്രീസംവരണ കോച്ചുകള്‍ ഇല്ലാതായത്. പാഴ്‌സല്‍വാന്‍ സൗകര്യമുള്ള എസ്.എല്‍.ആര്‍. (സീറ്റിങ് കം ലഗേജ് റേക്ക്) കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകള്‍ക്ക് മാറ്റിവെച്ചിരുന്നത്. ഈ കോച്ചുകള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ എല്‍.എച്ച്.ബി. കോച്ചുകളില്‍ എസ്.എല്‍.ആര്‍. സംവിധാനമില്ല. പകരം ജനറേറ്ററും ഗാര്‍ഡ് റൂമും ചേര്‍ന്നാണ് വരുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക കോച്ച് ഏര്‍പ്പെടുത്തണമെങ്കില്‍ ഒരു എല്‍.എച്ച്.ബി. കമ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായും മാറ്റേണ്ടിവരും. ഇതിനാവശ്യമായ കോച്ചുകളില്ല. പകുതി കമ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ സ്ത്രീകള്‍ക്കായി മാറ്റിവെയ്ക്കാന്‍ റെയില്‍വേ തയ്യാറുമല്ല.

Advertisment