Advertisment

സൂക്ഷിക്കുക !! സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാൽ കടുത്തശിക്ഷ

New Update

Image result for social media

Advertisment

ന്യൂഡൽഹി: ഓൺലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷ ഉറപ്പാക്കാൻ വനിതാ ശിശുക്ഷേമമന്ത്രാലയം നിയമഭേദഗതി കൊണ്ടുവരുന്നു. സാമൂഹികമാധ്യമങ്ങളുൾപ്പെടെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ സ്ത്രീകളെ അമാന്യമായി ചിത്രീകരിക്കുന്നവർക്ക് മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ ഉറപ്പാക്കുംവിധമാണ് ഭേദഗതി

നിലവിൽ ഈ നിയമം അച്ചടിമാധ്യമങ്ങൾക്കുമാത്രമാണ് ബാധകം. രണ്ടുവർഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. പുതിയ വ്യവസ്ഥകളനുസരിച്ച് വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിൽ സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ശിക്ഷിക്കാനാകും. ഇലക്‌‌ട്രോണിക് മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന 2000-ലെ ഐ.ടി. നിയമത്തിലെ വ്യവസ്ഥകൾക്ക്‌ സമാനമാണ് പുതിയ ഭേദഗതി. ‘‘അച്ചടിമാധ്യമങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ഡിജിറ്റൽ മാധ്യമങ്ങളിൽ ഉള്ളടക്കം പ്രചരിക്കുന്നത് വളരെ വേഗമാണ്. അതുകൊണ്ടുതന്നെ നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ഭേദഗതിയുടെ കരട് നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് ഉടൻ അയക്കും’’- വനിതാമന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. 2012-ൽ യു.പി.എ. സർക്കാരിന്റെകാലത്ത് സമാനഭേദഗതികളടങ്ങുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും അംഗീകരിച്ചില്ല. അന്നത്തെ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആറുവർഷത്തെ അനിശ്ചിതത്വത്തിനുശേഷം കരടുരൂപം തയ്യാറാക്കിയത്

Advertisment