മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എക്കാലത്തേക്കും തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല ; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ഡല്‍ഹി : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എക്കാലത്തേക്കും തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ഗ്രാമ വികസ മന്ത്രി നരേന്ദ്ര സിങ് തോമര്‍. ലോക്‌സഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദരിദ്രര്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ് ഇതെന്നും എന്നാല്‍ പദ്ധതി എക്കാലവും തുടരാനാവില്ലെന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. ദാരിദ്ര്യത്തെ ഇല്ലാതാക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇത്തരമൊരു പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതും അതാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറഞ്ഞത് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 2018-19 ബജറ്റ് വിഹിതവുമായാണ് ഇപ്പോഴത്തെ വിഹിതത്തേയും താരതമ്യം ചെയ്യേണ്ടത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ 2018-2019 ല്‍ 55,000 കോടിയായിരുന്നത് 2019-2020 ല്‍ 60,000 കോടിയായി വിഹിതം ഉയരുകയാണ് ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാര്‍ പദ്ധതിയെ കൂടുതല്‍ മെച്ചപ്പെടുത്തിയെന്നും 99 ശതമാനം പേര്‍ക്കും തൊഴിലുറപ്പ് വേതനം ബാങ്കുകള്‍ വഴിയാണ് ലഭിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ഇടനിലക്കാരോ ബ്രോക്കര്‍മാരോ ഇല്ലെന്നും മന്ത്രി പറഞ്ഞു.

×