Advertisment

പ്രവാസി സംഘടനകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; കുവൈത്ത് ഇന്ത്യൻ എംബസിയുടെ നടപടിയിൽ പ്രതിഷേധം ശക്തം

New Update

Related image

Advertisment

കുവൈത്ത്: നിരവധി പ്രവാസി സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ കുവൈത്ത് ഇന്ത്യൻ എംബസിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ഒരാൾക്ക് ഒരു സംഘടനയെന്ന നിബന്ധനയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകാനാണ് പ്രവാസികളുടെ തീരുമാനം.

രണ്ടു മാസം മുമ്പ്‌ നിരവധി സംഘടനകളെ ഒഴിവാക്കി കൊണ്ട്‌ സംഘടനകളുടെ എണ്ണം 69 ആക്കി പരിമിതപ്പെടുത്തി റെജിസ്ടേഷൻ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പുറമെ പുതിയ റെജിസ്ടേഷൻ നടപടികൾക്ക്‌ പുതിയ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് റെജിസ്ട്രെഷൻ നഷ്ടമായ സംഘടനകൾ ചേർന്ന് രൂപം നൽകിയ ഫെഡേറേഷൻ ഓഫ്‌ ഇന്ത്യൻ റെജിസ്റ്റേർഡ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്‌.

ലോക കേരളാ സഭാംഗങ്ങളായ ബാബു ഫ്രാൻസിസ്‌, ശ്രീം ലാൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക്‌ നേതൃത്വം നൽകി. ഒരു സംഘടനയിൽ പ്രവർത്തിക്കുന്ന അംഗത്തിന് മറ്റൊരു സംഘടനയിൽ അംഗമാകാൻ പാടില്ലെന്ന ഇന്ത്യൻ എംബസിയുടെ നിബന്ധന ഭരണ ഘടനാ വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. സമൂഹത്തിൽ ഭിന്നിപ്പ്‌ ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികളാണ് എംബസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

എംബസിയുടെ വിവേചന പരമായ നടപടിക്ക്‌ എതിരെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഓഫീസിൽ സംഘടനയുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്‌. ഇതിനു പുറമേ എം.പി.മാരായ ശശി തരൂർ, എൻ.കെ.പ്രേമ ചന്ദ്രൻ , എന്നിവർ മുഖേന കേന്ദ്ര സർക്കാരിന് ഭീമ ഹരജി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

Advertisment