Advertisment

മലപ്പുറം സ്വദേശിനിയായ നേഴ്‌സ് ജിദ്ദയിൽ മരണപ്പെട്ടു; ഒരു മാസം മുമ്പ് കോവിഡ് ബാധിച്ച് സുഖപ്പെട്ടിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാവുകയായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലെ ദുഖസംഭവങ്ങളിൽ വിതുമ്പി മലയാളി സമൂഹം

New Update

publive-image

Advertisment

ജിദ്ദ: മലപ്പുറം സ്വദേശിനിയായ നേഴ്‌സ് ജിദ്ദയിൽ ചികിത്സയിലായിരിക്കേ മരണപ്പെട്ടു. എടക്കര മുസ്ലിയാരങ്ങാടി സ്വദേശിയും കിംഗ് ഫഹദ് ആശുപത്രി ജീവനക്കാരിയുമായ നസീമ (43) ആണ് മരിച്ചത്. സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ വെച്ച് ബുധനാഴ്ച രാവിലെ എട്ടു മണിക്കായിരുന്നു അന്ത്യം. സൗദി എടക്കര വെൽഫയർ അസോസിയേഷൻ ജിദ്ദ ചാപ്റ്റർ പ്രസിഡന്റും ഹൈദർ ഹാജിയുടെ മകനുമായ ഷാഹിദ് റഹ്മാൻ എന്ന നാണി ഭർത്താവാണ്. ഒമ്പത് വയസ്സ് പ്രായമുള്ള യാസീൻ ഏക മകനാണ്.

ഒന്നര മാസം മുമ്പ് ബാധിച്ച കോവിഡ് പൂർണമായി ഭേദമായിരുന്നെങ്കിലും മറ്റു ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെയാണ് മരണം. നസീമ ഒരു വർഷം മുമ്പ് കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അതുസംബന്ധിച്ച ശാരീരിക പ്രശനങ്ങൾ മൂലം ഇരുപത് ദിവസങ്ങളായി ആശുപത്രി വെന്റിലേറ്ററിൽ തുടരുകയായിരുന്നു.

കഴിഞ്ഞ 15 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായ നസീമ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. "നസീമയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് അവരുടെ കാരുണ്യത്തിൻ്റെ ഹൃദയം മനസ്സിലായത്. അശരണരേയും അഗതികളേയും പാവപ്പെട്ടവരേയും സഹായിക്കാനുള്ള പോസ്റ്റുകൾ ഷെയർ ചെയ്തതാണ് മിക്കവാറും പോസ്റ്റുകൾ": നസീമയെ അനുസ്മരിച്ചു കൊണ്ട് ഒരാൾ ഫേസ്ബുക്കിൽ രേഖപ്പെടുത്തി.

അടുത്തടുത്ത ദിവസങ്ങളിലായി ഉണ്ടായ രണ്ട് വ്യത്യസ്ത ദുഃഖസംഭവങ്ങളിൽ വിതുമ്പുകയാണ് ജിദ്ദയിലെ മലയാളി സമൂഹം. ചൊവ്വാഴ്ച ഉണ്ടായ കൊലപാതകം സമൂഹത്തിന് നടുക്കം പകർന്നിരുന്നു. മലപ്പുറം കോട്ടക്കൽ സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ആഘാതത്തിൽ നിന്ന് മുക്തമാവും മുമ്പേ തൊട്ടടുത്ത ദിവസം ഉണ്ടായ സങ്കടകരമായ മരണം മൂകത പരത്തുകയാണ്. കോട്ടക്കൽ വലിയപറമ്പ്‌ സ്വദേശി കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്ത് (45) ആണ്‌ കിഴക്കൻ ജിദ്ദയിലെ അൽസാമിർ ഏരിയയിൽ വെച്ച് കൊല്ലപ്പെട്ട നിലയിൽ കാറിൽ കണ്ടെത്തിയത്.

obit news
Advertisment