Advertisment

ജിദ്ദയിലെ ആദ്യ മലയാളി ഡോക്ടർ ആയിഷാബി ഓർമയായി; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ബംഗലുരുവിൽ

New Update

publive-image

Advertisment

ജിദ്ദ: പഴയകാല ജിദ്ദാ മലയാളികളുടെ ആയിഷാ ഡോക്ടർ നാട്ടിൽ വെച്ച് ചികിത്സയിലായിരിക്കേ ഇഹലോകവാസം വെടിഞ്ഞു. മലപ്പുറം മൂന്നാംപടി സ്വദേശിനിയും ജിദ്ദയിലെ ആദ്യത്തെ മലയാളി ഭിഷഗ്വരയുമായ ഡോ. ആയിഷാബി (65) യാണ് വിടപറഞ്ഞത്.

അനാകിഷ് ഏരിയയിലെ ബദറുദ്ദീന്‍ പോളിക്ലിനിക്കില്‍ രണ്ടു പതിറ്റാണ്ടിലേറെ കാലം സേവനം അനുഷ്ഠിച്ചിരുന്നു. ബംഗളുരുവിലെ ആസ്റ്റർ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ക്യാൻസർ ചികിത്സയിലായിരുന്ന ഇവർക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഡോ. ആയിഷാബിയുടെ ഭർത്താവും ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖനും മുസ്ലിംലീഗ് നേതാവുമായിരുന്ന അഡ്വ. വണ്ടൂര്‍ അബുബക്കർ രണ്ട് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു.

ഏതാണ്ട് പതിനഞ്ച് വർഷം മുമ്പാണ് ഡോ. ആയിഷാബി ജിദ്ദയിലെ സേവനം മതിയാക്കി മടങ്ങിയത്. പിന്നീട് ഖത്തറിലും പ്രവാസിയായിരുന്ന ഇവർ അവസാന കാലത്ത് മകൾ മെഹ്റിനൊപ്പം ബംഗലുരുവിലായിരുന്നു താമസം.

മുന്‍ മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാൻ പരേതനായ ഡോ. അബൂബക്കർ, ജമീല ദമ്പതികളുടെ മകളാണ്. മക്കള്‍: മെഹ്‌റിന്‍ (ബംഗലുരു), ഷെറിന്‍ (ഓസ്‌ട്രേലിയ), ജൗഹര്‍ (ജര്‍മനി), മരുമക്കള്‍: സലീല്‍ (അമേരിക്ക) ശഫീന്‍ (ഓസ്‌ട്രേലിയ), ഷായിസ് (ജര്‍മനി). സഹോദരങ്ങള്‍: പരേതനായ ഡോ.സലീം, റഷീദ, അഷ്‌റഫ്, നസീം സലാഹ്, ലൈല, ഷഫീഖ്, ഡോ.സക്കീര്‍. ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകനായ സലാഹ് കാരാടൻ ഇവരുടെ സഹോദരീ ഭർത്താവാണ്‌.

ആശുപത്രിയെക്കാൾ വളർന്ന പ്രശസ്തിയായിരുന്നു അവിടുത്തെ ജനറൽ പ്രാക്ടീഷണർ ഡോ. ആയിഷാബി അബൂബക്കറിന്റേത്. അവർ സേവനം അനുഷ്ഠിച്ചിരുന്നു കാലത്ത് ബദറുദ്ധീൻ പോളിക്ലിനിക് തന്നെ അറിയപ്പെട്ടിരുന്നത് "ആയിഷാ ഡോക്ടറുടെ ആശുപത്രി" എന്ന വിലാസത്തിലായിരുന്നു.

പ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകനും പ്രമുഖ പ്രാവാസി സംരംഭകനുമായ കെ ടി റബീഉള്ള പിന്നീട് ആയിഷാ ഡോക്ടർ ജോലി ചെയ്തിരുന്ന ബദറുദ്ധീൻ പോളിക്ലിനിക് ഉടമപ്പെടുത്തുകയായിരുന്നു.

ജിദ്ദയിലെ ആരോഗ്യരംഗത്തെ മലയാളികളുടെ ആദ്യ സംരംഭമായിരുന്നു അത്. ഇന്ത്യൻ, മലയാളി ചികിത്സാ കേന്ദ്രങ്ങളോ ഡോക്ടർമാരോ ഇല്ലാതിരുന്ന മുൻകാലങ്ങളിൽ ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന് വലിയ ആശ്രയവും സാന്ത്വനവുമായിരുന്നു ഡോ. ആയിഷാബിയെ പോലുള്ളവർ.

ഡോ. ആയിഷാബി അബൂബക്കറിന്റെ വിയോഗത്തിൽ നിരവധി പ്രവാസി പ്രമുഖരും സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

soudi news
Advertisment