Advertisment

ഗ്രൂപ്പ് ഫോട്ടോയോടെ സഹപാഠി പറന്നകന്നു; അവസാനവർഷ വിദ്യാർത്ഥികളുടെ സോഷ്യൽ നൊമ്പരക്കടലായി...

New Update

publive-image

Advertisment

തൊടുപുഴ: ഗ്രൂപ്പ് ഫോട്ടോയോടെ സഹപാഠി പറന്നകന്നു... അവസാനവർഷ വിദ്യാർത്ഥികളുടെ സോഷ്യൽ നൊമ്പരക്കടലായി. തൊടുപുഴയിൽ നിന്നാണ് ഇങ്ങനെയൊരു സംഭവം. ന്യൂമാൻ കോളേജിലെ അവസാന വർഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികളുടെ സോഷ്യലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച.

അധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള ഗ്രൂപ് ഫോട്ടോ എടുത്തു. മൂന്നു വർഷത്തെ പഠനത്തിനുശേഷം വിടപറയുന്നതിന്റെ ടെൻഷനിലാണെങ്കിലും എല്ലാവരും ആഹ്ളാദം പങ്കുവച്ചു. ഗ്രൂപ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാർ ചേർന്നുള്ള ഫോട്ടോകളും എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

തുടർന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഇവരിൽ നിന്നും ഒരു നിലവിളി ഉയരുന്നത്. സഹപാഠിയായ ട്രീസ തലചുറ്റി വീഴുന്നു. വിദ്യാർത്ഥികൾക്കിടയിൽ തലചുറ്റി വീഴുന്ന സംഭവങ്ങൾ സാധാരണമായതിനാൽ ഇതും അങ്ങനെയേ കരുതിയുള്ളൂ.

publive-image

എന്നാൽ വെള്ളം മുഖത്ത് തളിച്ചിട്ടൊന്നും ട്രീസ ഉണരുന്നില്ലെന്നു കണ്ടതോടെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒട്ടും സമയം കളയാതെ സെന്റ് മേരിസ് ആശുപത്രിയിൽ എത്തിച്ചു. പിന്നീടാണ് ട്രീസ മാരകമായ ഹൃദയ രോഗം ഉള്ള കുട്ടിയാണെന്ന് ഇവർ അറിയുന്നത്. രോഗിയുടെ പരിഗണനയോടെ കൂട്ടുകാരും അധ്യാപകരും കരുത്താതിരിക്കുന്നതിനാണ് രോഗ വിവരം മറച്ചു വച്ചതെന്ന് കൂടി അറിഞ്ഞതോടെ കൂട്ടുകാരുടെ ദുഃഖം ഇരട്ടിയായി.

ഡോക്ടർമാർ 20 വയസുവരെയാണ് ആയുസ് വിധിച്ചതെന്ന കാര്യം കൂടി കേട്ടതോടെ കൂട്ടുകാർ വിങ്ങിപ്പൊട്ടി. അവർ ആശുപത്രിയിൽ കാവൽ ഇരുന്നു. പക്ഷെ ഒടുവിൽ ട്രീസ യാത്രയായി... എല്ലാവര്ക്കും ഒരു നൊമ്പരപ്പൂവായി.

മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട. അധ്യാപികയായ മേഴ്സി ജോസഫിന്റെയും ഏക മകളാണ് ട്രീസ. ക്ലാസ്സ് മുറിയിൽ നിന്നുള്ള വിടവാങ്ങലിനെത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തിൽ നിന്ന് തന്നെ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും. സോഷ്യലിനെടുത്ത ഗ്രൂപ് ഫോട്ടോയും അല്ലാത്ത ഫോട്ടോകളും എന്നും ഈ കൂട്ടുകാർക്കു നൊമ്പരമായി.

വസതിയിലും മുളപ്പുറം സെന്റ് ജൂഡ് പള്ളിയിലും നടന്ന സംസ്ക്കാര ശുശ്രൂഷയിൽ വിദ്യാർത്ഥികളും അധ്യപാകരും സ്കൂൾ വിദ്യാഭ്യാസകാലത്തെ അധ്യാപകരും സഹപാഠികളും ഉൾപ്പെടെജീവിതത്തിന്റെ നാനാതുറകളിലുള്ളവർ എത്തിയിരുന്നു. സന്ദേശം നൽകിയ ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. മാനുവൽ പിച്ചളക്കാട്ട് സോഷ്യൽ ദിവസം ട്രീസയുടെ വിടവാങ്ങലിനെക്കുറിച്ചു പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

രോഗിയാണെന്ന സഹതാപം വേണ്ടായിരുന്നു. എപ്പോഴും സുസ്മേരവദനയായി നടക്കുന്ന കൊച്ചു ട്രീസ. അതായിരുന്നു കലാലയത്തിൽ ട്രീസ എന്ന് ഫാ. മാനുവൽ പറഞ്ഞപ്പോൾ സഹപാഠികൾ പൊട്ടിക്കരഞ്ഞു. ഒരു പാവം കൊച്ച്, ആർക്കും ശല്യമില്ലാതെ എല്ലാവരെയും സ്നേഹിക്കുന്ന വലിയ വ്യക്തിത്വമാണ് കടന്നു പോയത്. ദൈവത്തിന്റെ അനന്തമായ പദ്ധതിക്ക് മുൻപിൽനമുക്ക് ശിരസ് നമിക്കാനെ ആവൂ എന്ന വാക്കുകളോടെയാണ് അനുശോചന സന്ദേശം ചുരുക്കിയത്.

ദൈവത്തിന്റെ അൾത്താര അലങ്കരിക്കുന്ന പുഷ്പ്പമായി ട്രീസയെ ദൈവം തിരികെയെടുത്തു എന്ന ആശ്വാസ വാക്കുകളും എല്ലാവരെയും നൊമ്പരപ്പെടുത്തി. ട്രീസയോടുള്ള ആദര സൂചകമായി സഹപാഠികളായ ആൺകുട്ടികൾ ശവമഞ്ചം ആംബുലൻസിലേയ്ക്ക് എടുത്തു വച്ചപ്പോൾ അവിടെ കൂടിയവരിൽ നിന്നും അലമുറ ഉയർന്നതും സങ്കട കാഴ്ചയായി. സെമിത്തേരിയിൽ എല്ലാ സഹപാഠികളും വെളുത്ത റോസാ പുഷ്പ്പങ്ങൾ സമർപ്പിച്ചു നെടുനിശ്വാസത്തോടെ മടങ്ങി…

thodupuzha news
Advertisment