Advertisment

വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ ന്യുയോർക്കിൽ ദിവംഗതനായി

New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: അവിഭക്ത അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ പ്രമുഖനും, നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ലോങ് അയലൻറ് ലെവിറ്റ് ടൗൺ സെൻറ് തോമസ് മലങ്കര ഓർത്തോഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായ വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ (85) ശനിയാഴ്ച രാത്രി 8.50ന് ന്യുയോർക്കിൽ നിര്യാതനായി. കഴിഞ്ഞ ഏതാനും മാസങ്ങളായി വാർധക്യസഹജമായ അസുഖം മൂലം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

പ്രാരംഭ സംസ്കാര ശുശ്രൂഷകൾ ന്യുയോർക്ക് ലോങ് അയലൻറ് ലെവിറ്റ് ടൗൺ സെൻറ് തോമസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ നോർത്ത് ഈസ്ററ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളവാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടക്കും. തുടർന്ന് മാതൃഇടവകയായ കുമ്പഴ സെൻറ് മേരീസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ദേവാലയത്തിൽ പിന്നീട് നടക്കും.

മധ്യ തിരുവിതാംകൂറിലെ പൗരോഹിത്യ പാരമ്പര്യമുള്ള പുരാതന പ്രസിദ്ധമായ ശങ്കരത്തില്‍ കുടുംബത്തില്‍ കുഞ്ഞുമ്മന്‍ മത്തായിയുടെയും ഏലിയാമ്മയുടെയും ഇളയപുത്രനായി 1936 മാര്‍ച്ച് ഒന്നിന് പത്തനംതിട്ട ജില്ലയിലെ കുമ്പഴയില്‍ ജനിച്ച കുഞ്ഞൂഞ്ഞുകുട്ടി ചരിത്രനിയോഗംപോലെ 1970 സെപ്റ്റംബർ 12 -ന് ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തി. പിന്നീട് ശങ്കരത്തിലച്ചന്‍ നടന്നുപോയ വഴികളിലെല്ലാം ദൈവാനുഗ്രഹത്തിന്റെ നേർവെളിച്ചം നിറഞ്ഞതായിരുന്നു. നാലു സഹോദരന്മാരില്‍ കുഞ്ഞനുജനായിരുന്നു കുഞ്ഞൂഞ്ഞുകുട്ടി. മൂന്നര വയസ്സില്‍ മാതാവിന്റെ ദേഹവിയോഗം. മൂന്നു ജ്യേഷ്ഠസഹോദരന്മാരും പിതാവും കൂടി ഈ ബാലനെ വളര്‍ത്തുന്ന ചുമതല ഏറ്റെടുത്തു. ഇരുപത്തേഴാമത്തെ വയസ്സില്‍ പിതാവിന്റെ ദേഹവിയോഗം.

publive-image

പുത്തന്‍കാവില്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടുകൂടി 12-ാം വയസ്സില്‍ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷയിൽ പ്രവേശിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 1953 ഓഗസ്റ്റ് 29-ന് 17-ാം വയസ്സില്‍ ശെമ്മാശുപട്ടം (കോറൂയോ) നല്‍കി. 1957 ഡിസംബര്‍ എട്ടിന് ഔഗേന്‍ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് യവ്പ്പദിയക്‌നോ പട്ടവും, 1970 ഓഗസ്റ്റ് 16-ന് യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് പൂര്‍ണ്ണ ശെമ്മാശുപട്ടവും സ്വീകരിച്ചു.

അഭിവന്ദ്യ ഔഗേന്‍ മെത്രാപ്പോലീത്തായോടൊപ്പം താമസിച്ച് സുറിയാനി പഠനവും വേദശാസ്ത്ര പഠനവും ആരംഭിച്ചു. 1970 ഓഗസ്റ്റ് 21-ന് തുമ്പമണ്‍ ഭദ്രാസനത്തിന്റെ ദാനിയേല്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ വൈദികപട്ടം നല്‍കി. 1980 ഏപ്രില്‍ 26-ന് പരിശുദ്ധ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ 44-ാം വയസ്സില്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ കോര്‍ എപ്പിസ്‌ക്കോപ്പയായി സ്ഥാനാഭിഷേകം ചെയ്തു. ബസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാബാവായുടെ സെക്രട്ടറിയായും 'മലങ്കരസഭ' മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍നിന്ന് ധനതത്വശാസ്ത്രത്തില്‍ ബി.എ.യും മലയാളത്തില്‍ എം.എ.യും ഡിഗ്രികള്‍. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍നിന്ന് ജി.എസ്.റ്റി. ബിരുദം, ന്യൂയോര്‍ക്കില്‍ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് വേദശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും (STM) എക്യുമെനിക്കല്‍ ഫെലോ ബഹുമതിയും അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് പാസ്റ്ററല്‍ എഡ്യൂക്കേഷന്റെ കീഴില്‍ രണ്ടുവര്‍ഷത്തെ ക്ലിനിക്കല്‍ പാസ്റ്ററല്‍ കൗണ്‍സലിംഗ് അഭ്യസനം.

ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് മാനസിക ചികിത്സാ ശാസ്ത്രത്തിലും കുടുംബ കൗണ്‍സലിംഗിലും മാസ്റ്റര്‍ ബിരുദം (MS). ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എ. ബിരുദം (തെറാപ്യൂട്ടിക് റെക്രിയേഷന്‍) ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്. ബിരുദം (റീ ഹാബിലിറ്റേഷന്‍ കൗണ്‍സലിംഗ്) CW പോസ്റ്റ് കോളേജില്‍നിന്ന് മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ബോധവത്ക്കരണ പരിശീലനം (സര്‍ട്ടിഫിക്കേഷന്‍). വേദശാസ്ത്രഗവേഷണത്തില്‍ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്.

publive-image

ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ സുവിശേഷ പ്രസംഗകരില്‍ ഒരാളും വേദശാസ്ത്രപണ്ഡിതനും ധ്യാന ഗുരുവും മികച്ച സംഘാടകനുമായിരുന്നു ശങ്കരത്തിൽ കോര്‍ എപ്പിസ്‌ക്കോപ്പ. വേദശാസ്ത്രത്തില്‍ ഉപരിപഠനത്തിനായി (STM) ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എക്യുമെനിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച് 1970 സെപ്റ്റംബര്‍ 12-ന് അമേരിക്കയില്‍ എത്തി. പഠനം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് കിഴക്കിന്റെ കാതോലിക്കാ, പരിശുദ്ധ ബസ്സേലിയോസ് ഔഗേന്‍ ബാവാ അമേരിക്കയില്‍ മലങ്കരസഭയുടെ ഇടവകകള്‍ സ്ഥാപിക്കുവാന്‍ 1971 ഓഗസ്റ്റ് 2-ന് നിയമിച്ച് കല്പന നല്‍കി.

1971 ഡിസംബറില്‍ അമേരിക്കയിലെ മലങ്കരസഭയുടെ പ്രഥമ ഔദ്യോഗിക ഇടവകയായ ന്യൂയോര്‍ക്ക് സെന്റ് തോമസ് ഇടവക രൂപീകരിക്കുകയും ബാഹ്യകേരള ഭദ്രാസനത്തില്‍ ഉള്‍പ്പെടുത്തുകയും ആ ഇടവകയുടെ വികാരിയായി 1977 വരെ തുടരുകയും ചെയ്തു. സെന്റ് തോമസ് ചര്‍ച്ച് ന്യൂയോര്‍ക്ക്, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് എല്‍മോണ്ട്, സെന്റ് തോമസ് ചര്‍ച്ച് ഡിട്രോയിറ്റ്, സെന്റ് തോമസ് ചര്‍ച്ച് വാഷിംഗ്ടണ്‍ ഡി.സി., സെന്റ് ജോര്‍ജ് ചര്‍ച്ച്, സ്റ്റാറ്റന്‍ ഐലന്‍ഡ്, സെന്റ് തോമസ് ചര്‍ച്ച് ഫിലാഡല്‍ഫിയ, സെന്റ് തോമസ് ചര്‍ച്ച്, ലോംഗ് ഐലന്‍ഡ്, ന്യൂയോര്‍ക്ക് മുതലായ ഇടവകകളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചു. 1986 മുതല്‍ ലോംഗ് ഐലന്‍ഡ് സെന്റ് തോമസ് ഇടവകയുടെ വികാരിയായി തുടരുന്ന കോര്‍ എപ്പിസ്‌ക്കോപ്പ അമേരിക്കയില്‍ രൂപീകരിച്ച ഏഴു പള്ളികളും ഇന്ന് ഭദ്രാസനത്തില്‍ മികവോടെ നിലകൊള്ളുന്നു.

അമേരിക്കന്‍ ഭദ്രാസന രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍, ഭദ്രാസന ക്ലെര്‍ജി അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗമായി അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി കിഴക്കിന്റെ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ അമേരിക്ക സന്ദര്‍ശിച്ച അവസരത്തില്‍ (1979-ല്‍) അതിനുള്ള ക്രമീകരണങ്ങള്‍ ഭദ്രാസന മെത്രാപ്പോലീത്തായോടൊപ്പം ചെയ്തു. സ്വീകരണ കമ്മറ്റിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു.

പന്തളം, തലനാട് കുടുംബയോഗ രക്ഷാധികാരി, വിളയില്‍ ശങ്കരത്തില്‍ ശാഖാ കുടുംബയോഗ പ്രസിഡന്റ്, അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ശങ്കരത്തില്‍ മാത്യൂസ് കോര്‍ എപ്പിസ്‌ക്കോപ്പായുടെ സഹോദരപുത്രനായ ഇദ്ദേഹം ശങ്കരത്തില്‍ കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ കോര്‍ എപ്പിസ്‌ക്കോപ്പയാണ്.

കടമ്പനാട് താഴേതില്‍ മുണ്ടപ്പള്ളില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ റ്റി.ജി. തോമസിന്റെ മകൾ സുപ്രസിദ്ധ കവയിത്രി ശ്രീമതി എല്‍സി യോഹന്നാൻ (റിട്ട. എന്‍ജിനീയര്‍, നാസാ കൗണ്ടി DPW)യാണ് സഹധര്‍മ്മിണി. മാത്യു, തോമസ് എന്നിവരാണ് മക്കൾ. വൈദികന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലും ഓര്‍ത്തഡോക്‌സ് സഭക്കും വന്ദ്യ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പ നൽകിയ സേവനങ്ങളെ കൃതജ്ഞതാപൂർവം സ്മരിക്കുകയും ശങ്കരത്തില്‍ കുടുംബാഗങ്ങളുടെയും ഇടവകാഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുകയും പ്രാർഥനാ പൂർവ്വമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

വെരി റവ.ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ദേഹവിയോഗത്തിൽ അനുശോചനം

അവിഭക്ത അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ ഒരാളായ വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ദേഹവിയോഗത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻ്റെ സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാ മാർ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് ഏബ്രഹാം,, വൈദീക സെക്രട്ടറി ഫാ.മാത്യൂസ് ജോർജ്ജ്, ഓർത്തോഡോക്സ് റ്റിവിക്കു വേണ്ടി മാധ്യമ വിഭാഗം ചെയർമാൻ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത, ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ഫൊക്കാനക്ക് വേണ്ടി പ്രസിഡണ്ട് ജോർജ്ജ് വർഗ്ഗീസ്, സെക്രട്ടറി ഡോ സജിമോൻ ആൻറണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റീ ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവരും, കേരള റ്റയിമ്സിനുവേണ്ടി മാനേജിഗ് ഡയറക്ടർ പോൾ കറുകപ്പള്ളിൽ, ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

-ഫാ. ജോൺസൺ പുഞ്ചക്കോണം

us news
Advertisment