ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയത് ഉപ്പയ്ക്കും ഉമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം കഴിയാന്‍. നിര്‍ധനയായ ദേവിയമ്മക്ക് വീട് നിര്‍മ്മിക്കാന്‍ ഓടി നടന്ന്‍ 70 ചാക്ക് സിമന്റ് എത്തിച്ചത് കഴിഞ്ഞ ദിവസം. ഇന്നലെ 37 വെട്ടില്‍ ഇല്ലാതായത് ജാതിയും മതവും നോക്കാതെ നാടിനെ സ്നേഹിച്ച ചെറുപ്പക്കാരന്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, February 14, 2018

കണ്ണൂർ: ഒരു രാഷ്ട്രീയക്കാരന്‍ മാത്രമായിരിക്കാതെ നാട്ടിലെ സാമൂഹ്യ സേവനങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന പി.ബി. ഷുഹൈബ് എന്ന യൂത്ത്കോണ്‍ഗ്രസ് നേതാവ് ഇല്ലാതായപ്പോള്‍ തകര്‍ന്നത് ഒരു നിര്‍ധനയായ വീട്ടമ്മയുടെ വീട് എന്ന സ്വപ്നം കൂടിയാണ്.

എടന്നൂരിലെ വയോധിക മീത്തെ പാലത്തുംകുന്നിൽ ദേവിയമ്മയുടെ വീട് നിര്‍മ്മാണത്തിന് മുന്നിട്ടു നിന്ന ഷുഹൈബ് കോൺക്രീറ്റിങിനുവേണ്ടി കഴിഞ്ഞ ദിവസമാണ് 70 ചാക്ക് സിമന്റ് സൗജന്യമായി എത്തിച്ചു കൊടുത്തത്.

വീടിന്‍റെ ബാക്കി പ്രവര്‍ത്തനങ്ങളും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു . അതിനാല്‍ തന്നെ ഷുഹൈബ് ഇല്ലാതായതോടെ ദേവിയമ്മയുടെ സ്വപ്നം ഇനി പൂവണിയുമോ എന്ന്‍ കണ്ടറിയണം . ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ സകലര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ഒരു ചെറുപ്പക്കാരന്‍റെ അന്ത്യം ദാരുണമായിരുന്നു.

ആലംബഹീനർക്ക് സൗജന്യ സേവനത്തിനായി കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ ആംബുലൻസ് സർവ്വീസുൾപ്പെടെ ഏർപ്പെടുത്തി ഷുഹൈബിന്റെ നേതൃത്വത്തില്‍ മികച്ച ഒരു കൂട്ടായ്മ തന്നെ നാട്ടിലുണ്ടായിരുന്നു. 37 വെട്ടുകള്‍കൊണ്ട് ഷുഹൈബ് ഇല്ലാതായപ്പോള്‍ നഷ്ടമായത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരേപോലെ ലഭിക്കേണ്ടിയിരുന്ന ആശ്രയമാണ്.

കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയിൽ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഇരുകാലുകൾക്കും ആഴത്തിൽ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. ഷുഹൈബിന്റെ ശരീരത്തിൽ 37 വെട്ടുണ്ടായിരുന്നു

ഗള്‍ഫില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ്സ് കീഴല്ലൂർ മണ്ഡലം പ്രസിഡണ്ട് പി.ബി. ഷുഹൈബ് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം കഴിയാൻ ആഗ്രഹിച്ചാണ് നാട്ടിൽ ചെറിയൊരു കമ്പനി തുടങ്ങി കേരളത്തിലേയ്ക്ക് മടങ്ങിയത്.

ഗള്‍ഫില്‍ ഓ ഐ സി സി അംഗമായിരുന്ന ഇദ്ദേഹം കോൺഗ്രസ്സിന്റെ പ്രവാസി കൂട്ടായ്മയിൽ പ്രധാന പങ്കാളിത്തം വഹിച്ചിരുന്നു . പ്രവാസികളുടെ ഇടയിലും ഈ ചെറുപ്പക്കാരന്‍ പ്രിയങ്കരനായിരുന്നു .

പ്രായമാകുന്ന ഉപ്പ മുഹമ്മദിനും ഉമ്മ റംലക്കും സഹോദരിമാർക്കും മരുക്കൾക്കുമെല്ലാം തുണയായി നാട്ടിൽ കഴിയുകയായിരുന്നു. അതിനിടെ പൊതു പ്രവർത്തനത്തിൽ സജീവമായ ഇടപെടലും. നാട്ടിലെ ഏത് ചടങ്ങിനും സഹോദരിമാരുടെ മക്കളുടെ കൈപിടിച്ചായിരുന്നു ഷുഹൈബ് എത്താറുണ്ടായിരുന്നത്.

ഷമീമ, ഷർമിന, സുമയ്യ എന്നീ മൂന്ന് സഹോദരിമാരാണ് ഷുഹൈബിനുള്ളത്. നാട്ടിൽ ഏത് കാരുണ്യ പ്രവർത്തനത്തിനും മതവും രാഷ്ട്രീയവും നോക്കാതെ ഷുഹൈബ് ഇറങ്ങി തിരിക്കും. അതുകൊണ്ടു തന്നെ ഷുഹൈബിന് ഒട്ടേറെ സുഹൃത്ത് വലയവുമുണ്ട്. മികച്ച സംഘടനാ പാടവം കൊണ്ട് ആരേയും ആകർഷിക്കും.

×