ഓഖി ഇരകളുടെ പെണ്‍മക്കളെ വിവാഹം കഴിച്ചയയ്ക്കാന്‍ മാര്‍ഗ്ഗമില്ല ; 20 ലക്ഷം ദുരിതാശ്വാസഫണ്ട് കുടുംബങ്ങള്‍ പിന്‍വലിക്കുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 13, 2018

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ നാശനഷ്ടം നേരിട്ടവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസഫണ്ട് വിവാഹാവശ്യങ്ങളിലേക്ക് എടുക്കുന്നവരുടെ എണ്ണം കൂടുന്നു. ജില്ലാ കളക്ടര്‍മാരുടെ അനുമതിയോടെ റവന്യൂവിഭാഗമാണ് ഫണ്ട് പിന്‍വലിക്കാന്‍ അനുവാദം നല്‍കുന്നത്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധന ഇരകളുടെ ബന്ധുക്കളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പരിപാടി താറുമാറാക്കുകയും കുടുംബങ്ങളില്‍ ശേഷിക്കുന്നവരുടെ ഉപജീവനത്തെ ബാധിക്കുമോയെന്നും ആശങ്ക ഉയരുന്നുണ്ട്.

മാസാമാസം പലിശ കൊണ്ട് ജീവിക്കുന്ന നിലയില്‍ അഞ്ചു വര്‍ഷത്തേക്കുള്ള പ്രത്യേക ഫിക്‌സഡ് ഡെപ്പോസിറ്റായി ട്രഷറി അക്കൗണ്ടില്‍ കുടുംബത്തിന് 20 ലക്ഷം രുപ വീതമായിരുന്നു സര്‍ക്കാര്‍ ഇരകള്‍ക്ക് അനുവദിച്ചത്. എന്നാല്‍ പെണ്‍മക്കളെ കെട്ടിക്കാന്‍ മാര്‍ഗ്ഗമില്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഒരാള്‍ക്ക് പണം തിരിച്ചെടുക്കാന്‍ അനുവദിച്ചതോടെ എല്ലാം പാളിയിരിക്കുകയാണ്. ഇപ്പോള്‍ അപേക്ഷകരുടെ എണ്ണം കൂടിക്കൂടി വരികയാണ്. തീരദേശത്ത് താമസിക്കുന്ന ഓഖി ചുഴലിക്കാറ്റില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീയ്ക്കായിരുന്നു തുക ഒന്നിച്ചെടുക്കാന്‍ അനുവാദം നല്‍കിയത്. മകന്റെയും മകളുടെയും പേരില്‍ 10 ലക്ഷം വീതം ഇട്ടിരുന്ന പണമാണ് മകളുടെ വിവാഹത്തിന് വേണ്ടി അനുവദിച്ചത്.

സര്‍ക്കാര്‍ അനുമതിയോടെ മകളുടെ വിവാഹത്തിന് തൊട്ടു പിന്നാലെ കിട്ടിയ പണം ഇവര്‍ക്ക് ഗുണകരമാകുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ വീട്ടിലെ പെണ്‍കുട്ടികളുടെ വിവാഹ കാര്യത്തിനായി ഓഖി ഫണ്ടിന് വേണ്ടിയുളള ആവശ്യക്കാരുടെയും അപേക്ഷകളുടെയും എണ്ണം കൂടിയത് സര്‍ക്കാര്‍ സംവിധാനത്തിന് തലവേദനയായി മാറിയിട്ടുണ്ട്. ഇതോടെ പണം പിന്‍വലിക്കാന്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന അനുമതിയില്‍ ശരിയായ അന്വേഷണം നടത്തണമെന്ന ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ ആവശ്യപ്പെട്ടിട്ടുണ്ട്.

×