Advertisment

വാതില്‍ തകരാര്‍ : കൊച്ചി - മസ്ക്കറ്റ് വിമാനത്തിന്‍റെ യാത്ര മുടങ്ങി, 160 യാത്രാക്കാര്‍ നെടുമ്പാശ്ശേരിയില്‍ കുടുങ്ങി കിടക്കുന്നു

New Update

publive-image

Advertisment

കൊച്ചി∙ വാതില്‍ തകരാറിലായതിനെത്തുടര്‍ന്നു കൊച്ചിയില്‍നിന്നു മസ്കത്തിലേക്കു പോകേണ്ടിയിരുന്ന ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ (ഡബ്ല്യൂവൈ 226) യാത്ര മുടങ്ങി.

രാവിലെ 9.50നു പോകേണ്ടിയിരുന്ന വിമാനത്തിന്റെ തകരാര്‍ വൈകിട്ടും പരിഹരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നു 160 യാത്രാക്കാര്‍ ദുരിതത്തിലായി‍.

കണക്‌ഷന്‍ ഫ്ലൈറ്റില്‍ മസ്കത്തില്‍നിന്നു മറ്റു രാജ്യങ്ങളിലേക്കു പോകേണ്ടവരുടെയെല്ലാം യാത്രമുടങ്ങി. വിമാനക്കമ്പനി അധികൃതര്‍ യാത്രക്കാരെ തൊട്ടടുത്തുള്ള ഹോട്ടലിലേക്കു മാറ്റി.

11.50നു വിമാനം പുറപ്പെടുമെന്നാണ് ഉച്ചയ്ക്ക് അറിയിച്ചതെങ്കിലും അതിനുശേഷം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറഞ്ഞു.

രാവിലെ പത്തു മണിയോടെയാണു വിമാനത്തിന്റെ വാതിലില്‍ തകരാര്‍ ഉണ്ടെന്നു യാത്രക്കാരെ അറിയിച്ചത്. ഒരു മണിക്കൂറിനുശേഷം യാത്രക്കാരെ തൊട്ടടുത്തുള്ള ഹോട്ടലിലേക്കു മാറ്റി.

ഭക്ഷണം ഹോട്ടലില്‍ ഏര്‍പ്പാടു ചെയ്തു. കൊച്ചിയിലുള്ള എന്‍ജിനീയര്‍മാര്‍ക്കു വാതിലിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും പുറത്തുനിന്നുള്ള എന്‍ജിനീയര്‍മാര്‍ ഉച്ചയ്ക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചത്.

പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ല. തുടര്‍ന്നു വെബ്സൈറ്റില്‍നിന്നു നമ്പര്‍ എടുത്തു യാത്രക്കാര്‍ കമ്പനി അധികൃതരെ വിളിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നും രാത്രി പതിനൊന്നരയോടെ തകരാറുകള്‍ പരിഹരിച്ചു യാത്ര തുടങ്ങാന്‍ കഴിയുമെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, എന്‍ജിനീയര്‍മാര്‍ ഇതുവരെ എത്തിയിട്ടില്ലെന്നാണു സൂചന .

തീര്‍ഥാടന യാത്രയ്ക്കായി വിവിധ പാക്കേജുകളില്‍ പോകുന്നവര്‍ വിമാനത്തിലുണ്ട്. ഇവര്‍ക്കെല്ലാം പണം നഷ്ടമാകും. ജോലിക്കു നാളെ ഹാജരാകേണ്ടവരും കുട്ടികളും സ്ത്രീകളുമെല്ലാം യാത്രക്കാരുടെ കൂട്ടത്തിലുണ്ട്.

Gulf
Advertisment