Advertisment

കടക്കു പുറത്തെന്നാകിലും നമുക്കും കിട്ടണം കിറ്റ്! തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഓണക്കിറ്റിലും വിവാദം! 1200 രൂപ വിലവരുന്ന കിറ്റ് നല്‍കുന്നത് മന്ത്രി ഇപി ജയരാജന്‍, മന്ത്രി ലക്ഷങ്ങള്‍ പൊടിച്ചു കിറ്റ് നല്‍കുന്നത് സ്വന്തം കീശയില്‍ നിന്നല്ലെന്നു ഉറപ്പ്! കിറ്റ് വിതരണത്തില്‍ പ്രതിഷേധമുയര്‍ത്തി വിനു വി ജോണ്‍; മറുപടി പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജും; സാധാരണക്കാരന് 500 രൂപയുടെ കിറ്റു നല്‍കി പറ്റിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ 1200 രൂപയുട കിറ്റ് ശരികേട് തന്നെയെല്ലേ ?

New Update

തിരുവനന്തപുരം: തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ ഓണക്കിറ്റിന്റെ പേരിലും തര്‍ക്കം രൂക്ഷം. പതിവുപോലെ തര്‍ക്കം ഇക്കുറിയും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജും ഏഷ്യാനെറ്റ് ന്യൂസിലെ കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി ജോണും തമ്മിലാണ്. സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങുന്നതിനെ വിമര്‍ശിച്ച് വിനു വി ജോണ്‍ ട്വിറ്ററിലും, വിനുവിനെ വിമര്‍ശിച്ച് പിഎം മനോജ് ഫേസ്ബുക്കിലുമാണ് കുറിപ്പുമായി രംഗത്തുവന്നത്.

Advertisment

publive-image

സംസ്ഥാനത്തെ വിവിധ പ്രസ്‌ക്ലബുകള്‍ വഴി സിവില്‍ സപ്ലൈസിന്റെ സഹായത്തോടെ ഓണത്തിന് കിറ്റുകള്‍ വിതരണം ചെയ്യുന്ന പതിവുണ്ട്. പലപ്പോഴും മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ ഇടപെട്ടാണ് ഇത്തരം കിറ്റുകള്‍ ലഭ്യമാക്കുന്നത്. ഇക്കുറിയും പതിവുപോലെ തിരുവനന്തപുരത്ത് പ്രസ് ക്ലബിലും കേസരിയിലും ( കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകം) എല്ലാ അംഗങ്ങള്‍ക്കും കിറ്റ് വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു.

വ്യവസായ മന്ത്രി ഇപി ജയരാജനാണ് ഇത്തവണയും 1200 രൂപ വിലയുള്ള കിറ്റ് തലസ്ഥാനത്തെ പത്രക്കാര്‍ക്ക് നല്‍കുന്നത്. ഈ സന്ദേശം പ്രസ്‌ക്ലബില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് ട്വീറ്റുമായി വിനു രംഗത്തുവന്നത്.

publive-image

കടക്കുപുറത്തെന്നാകിലും നമുക്കും കിട്ടണം കിറ്റ്! എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. സര്‍ക്കാര്‍ സംവീധാനങ്ങളുടെ പങ്കു പറ്റുന്ന പ്രവണതയെ കുറ്റപ്പെടുത്തിതന്നെയായിരുന്നു വിനുവിന്റെ വിമര്‍ശനം. നേരത്തെ പ്രസ്‌ക്ലബിലെ പല നിയമവിരുദ്ധ നടപടികളിലും വിനു കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ള ആളാണ്.

അതിനിടെയാണ് വിനുവിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി രംഗത്തുവന്നത്. പിഎം മനോജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ: 'മാധ്യമ പ്രവര്‍ത്തനം എല്ലാവര്‍ക്കും വലിയ വരുമാനം കിട്ടുന്ന തൊഴിലല്ല. മാസങ്ങളായി ശമ്പളം കിട്ടാത്തവരുണ്ട്. തുച്ഛ വരുമാനവും പെരുത്തുകയറുന്ന കടഭാരവുമായി കഷ്ടപ്പെടുന്നവരുണ്ട്. കോവിഡ് മാധ്യമങ്ങള്‍ക്ക് കൂനിന്‍മേലുള്ള കുരുവാണ്.

publive-image

കഷ്ടപ്പാടനുഭവിക്കുന്ന ആര്‍ക്കും ഒരിറ്റു സഹായം ലഭിക്കുന്നത് കൊടും വേനലിലെ മഴ പോലെയാണ്. ആ സഹായത്തെയും പുച്ഛിക്കുന്ന മനോനില സാധാരണ മനുഷ്യന്റേതല്ല. പാവപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ജീവിച്ചു പോയ്‌ക്കോട്ടേ മാഷേ.... അവര്‍ക്ക് അലര്‍ച്ചയുടെ ഇന്‍സന്റീവും ബോണസുമൊന്നും കിട്ടില്ല.'

നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിക്കുന്നതില്‍ പിഎം മനോജും വിനുവും സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു. എന്തായാലും വിഷയം തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും തര്‍ക്കത്തിനു കാരണമായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 500 രൂപയുടെ കിറ്റാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ തലസ്ഥാനത്തെ 700ലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് 1200 രൂപയുടെ കിറ്റ് വിതരണം ചെയ്യുന്നത് മന്ത്രി ഇപി ജയരാജനാണെങ്കിലും അതിന്റെ പണം നല്‍കുന്നത് മന്ത്രിയുടെ പോക്കറ്റില്‍ നിന്നും ആവില്ലെന്നു ഉറപ്പാണ്.

onam kit onam 2020
Advertisment