ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, November 29, 2018

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊച്ചിയിലെ ഹോട്ടല്‍ ഉടമകളുടെ സംഘടന. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍(കെ.എച്ച്.ആർ.എ.)ഡിസംബര്‍ 1 മുതലാണ് അപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഹോട്ടൽ മെനുവിലെ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുകയും, ആപ്പുകൾക്കുള്ള കമ്മീഷനിൽ ഇളവ് നൽകുകയും ചെയ്‌താല്‍ മാത്രമേ സഹകരിക്കൂ എന്നാണ് സംഘടനയുടെ നിലപാട്. ഇന്ത്യയിലുള്ള മറ്റ് ഫുഡ് ഡെലിവറി സ്റ്റാർട്ട് ആപ്പുകളുമായി സഹകരിച്ച് സ്വന്തം നിലയിൽ ഓൺലൈൻ ഫുഡ് ഡെലിവറി തുടങ്ങാനാണ് അസോസിയേഷന്‍റെ തീരുമാനം.

ഹോട്ടലുകളെല്ലാം തന്നെ നേരിട്ട് ഡെലിവറി നടത്തുന്നുണ്ട്. അതിന് ഹോട്ടലുകൾ പ്രത്യേക ഡെലിവറി ചാർജുകൾ ഈടാക്കുന്നില്ല. ഇത്തരം ആപ്പുകൾ വഴി ഓഡർ സ്വീകരിക്കാതെ ഹോട്ടലുകൾ നേരിട്ടുള്ള ഡെലിവറി കൂടുതൽ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

തുടക്കത്തിൽ എറണാകുളം ജില്ലയിൽ മാത്രമായിരിക്കും വിലക്ക്. കോഴിക്കോട് ജില്ലയിൽ ഇതിനോടകം ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തില്‍ പ്രതിദിനം 25,000 പേര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്നു എന്നാണ് കണക്ക്.

40 മുതല്‍ 50 ലക്ഷം രൂപ വരെയുള്ള കച്ചവടമാണ് ഓണ്‍ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ച 200 ഹോട്ടലുകളില്‍ നടക്കുന്നത്. ഹോട്ടലുകളില്‍ നിന്ന് 30 ശതമാനം വരെയാണ് ഓണ്‍ലൈന്‍ ആപ്പുകള്‍ കമ്മീഷന്‍ ഈടാക്കുന്നത്. ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികളാണ് കൊച്ചിയില്‍ വിതരണത്തിനായി രംഗത്തുള്ളത്. മുഴുവന്‍ സമയവും, പാര്‍ട്ട് ടൈമായും ഇതില്‍ ജോലിയെടുക്കുന്ന നൂറുക്കണക്കിന് പേരെ പുതിയ നീക്കം പ്രതികൂലമായി ബാധിക്കും.

 

×