Advertisment

പരേതനായ ഭര്‍ത്താവിന്റെ ബീജത്തിന്റെ അവകാശം ഭാര്യയ്ക്ക് മാത്രം; ബീജ ബാങ്കില്‍ മകന്റെ ബീജം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അച്ഛന്റെ ഹര്‍ജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

New Update

കൊല്‍ക്കത്ത: പരേതനായ ഭര്‍ത്താവിന്റെ ബീജത്തിന്റെ അവകാശം ഭാര്യയ്ക്ക് മാത്രമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ബീജ ബാങ്കില്‍ മകന്റെ ബീജം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അച്ഛന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മരുമകള്‍ക്കെതിരെ ഉത്തരവിടാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

Advertisment

publive-image

2020 മാര്‍ച്ചിലാണ് അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഡല്‍ഹിയിലെ ബീജബാങ്കില്‍ മകന്റെ ബീജം സൂക്ഷിക്കാന്‍ മരുമകള്‍ അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് അച്ഛന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏകമകന്റെ ബീജം സംരക്ഷിക്കപ്പെടാതെ വന്നാല്‍ കുലം നശിച്ചുപോകുമെന്ന് അച്ഛന്‍ ഭയപ്പെടുന്നതായി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മകന്റെ ബീജം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കാന്‍ അച്ഛന് മൗലികാവകാശം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഭാര്യയ്ക്ക് മാത്രമാണ് ഇതില്‍ അവകാശം. അച്ഛനും മകനുമാണ് എന്ന് കരുതി മകന് സന്തതിപരമ്പര ഉണ്ടാകണമെന്ന് അവകാശപ്പെടാന്‍ അച്ഛന് കഴിയില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ശരീരത്തില്‍ അനിയന്ത്രിതമായി ഹീമോഗ്ലോബിന്‍ രൂപപ്പെടുന്ന അസുഖമായിരുന്നു മകന്. ഡല്‍ഹി ആശുപത്രിയിലായിരുന്നു ചികിത്സ. വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ 2015ലാണ് മകന്‍ വിവാഹം കഴിച്ചതെന്ന് അച്ഛന്റെ ഹര്‍ജിയില്‍ പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്ത മകന്‍ കല്യാണത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് പോയി. അവിടെ കോളജില്‍ പഠിപ്പിക്കുന്നതിനിടെയാണ് മകന്‍ മരിച്ചത്.

മകന്റെ മരണത്തിന് പിന്നാലെയാണ് അച്ഛന്‍ ഡല്‍ഹിയിലെ ബീജ ബാങ്കിനെ സമീപിച്ചത്. കരാര്‍ സമയത്ത് മകന്റെ ബീജം അനുവാദമില്ലാതെ നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ ബീജബാങ്കിന് കത്തയച്ചു.

എന്നാല്‍ 2019ല്‍ വിവാഹം നടന്നു എന്ന് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കാന്‍ ഡല്‍ഹി ആശുപത്രി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മരുമകളോട് എന്‍ഒസി ആവശ്യപ്പെട്ടപ്പോള്‍ തന്നില്ല എന്നതാണ് ഹര്‍ജിയില്‍ പറയുന്നത്.

high court
Advertisment