ഞെട്ടിയത് രാഹുല്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലം അവസാനിച്ചെന്ന് വിധിയെഴുതിയവര്‍ ? ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുവയ്പില്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ സമാനതകളേറെ ! ഇനി ഉമ്മന്‍ചാണ്ടിയുടെ കാലമോ ?

കിരണ്‍ജി
Sunday, May 27, 2018

ഡല്‍ഹി : ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള എ കെ ആന്റണിയുടെ 2006 ലെ ചുവടുമാറ്റവും ഇപ്പോള്‍ പൊടുന്നനെ ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി നിയോഗവും തമ്മില്‍ ചില സാമ്യങ്ങളുണ്ട്.

രണ്ടുപേരും തങ്ങളുടെ രാഷ്ട്രീയ ദൗത്യങ്ങളില്‍ കാലിടറിയപ്പോള്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും ഈരണ്ടു വര്‍ഷം വീതം വിശ്രമ കാലാവധി എടുത്തവരാണ്.

രണ്ടുപേരും അന്നന്ന് പറഞ്ഞിരുന്നു ഈ കാലയളവില്‍ ഞങ്ങള്‍ മറ്റു ദൗത്യങ്ങള്‍ ഏറ്റെടുക്കില്ലെന്ന്. 2004 ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോഴായിരുന്നു ആന്റണി സ്വയം ഒരു വിശ്രമ കാലയളവ്‌ പ്രഖ്യാപിച്ചത്. എനിക്കൊരു രണ്ടു വര്‍ഷം വേണം, അതുവരെ ഞാനൊരു ചുമതലയും ഏറ്റെടുക്കില്ല എന്ന് .

2006 ല്‍ അദ്ദേഹത്തെ സോണിയാഗാന്ധി ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു. അന്നുമുതല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തുപോകുന്ന 2014 വരെ അദ്ദേഹം പ്രതിരോധ വകുപ്പില്‍ മന്ത്രിയായി. പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായി. പാര്‍ട്ടിയില്‍ മൂന്നാമനും.

ഇതിനോട് സമാനമാണ് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയവും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് താന്‍ 5 വര്‍ഷത്തേയ്ക്ക് കേരളത്തില്‍ ഒരു പദവിയും ഏറ്റെടുക്കില്ലെന്ന്.

ഇതിനിടെയില്‍ പ്രതിപക്ഷ നേതൃപദവിയും യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും അദ്ദേഹം നിരസിച്ചു.

ഈ കാലയളവില്‍ അദ്ദേഹത്തെ എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് രാഹുല്‍ഗാന്ധി ആലോചിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് ഇപ്പോഴത്തെ ചുമതല. ആഡ്രയില്‍ ചന്ദ്രബാബു നായിഡു കളംമാറ്റി ചവിട്ടിയപ്പോള്‍ അവിടെ കോണ്‍ഗ്രസിന്‍റെ സാധ്യതകള്‍ മനസ്സില്‍ കാണുകയായിരുന്നു രാഹുല്‍.

പക്ഷെ പൂജ്യത്തില്‍ കിടക്കുന്ന ആന്‍ഡ്ര കോണ്‍ഗ്രസിനൊരു വെല്ലുവിളിയാണ്. അതേറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ അതിനു കോണ്‍ഗ്രസില്‍ ഒരേയൊരു പരിഹാരം രാഹുല്‍ കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയിലാണ്. അവിടെ എന്ത് കിട്ടിയാലും കോണ്‍ഗ്രസിന് ലാഭമാണ്.

രാഹുല്‍ഗാന്ധി എ ഐ സി സി അധ്യക്ഷനായപ്പോള്‍ പലരും കരുതിയതാണ് ഉമ്മന്‍ചാണ്ടിയുടെ കാലം അവസാനിച്ചെന്ന്. കാരണം അവര്‍ ഇരുവരും തമ്മില്‍ ചേരില്ലെന്നാണ് വയ്പ്.

കുറച്ചൊക്കെ ശരിയുമാണ്. കൂട്ടത്തില്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി യുവാക്കള്‍ക്ക് പരിഗണന നല്‍കുന്ന രാഹുല്‍ ശൈലിയില്‍ ഉമ്മന്‍ചാണ്ടിയും ഒലിച്ചുപോയെന്ന് കരുതിയവരും ഏറെയാണ്‌.

പക്ഷെ രാഷ്ട്രീയ തന്ത്രജ്ഞതയില്‍ കെ കരുണാകരനെ കടത്തിവെട്ടുന്ന കരവിരുത് സ്വന്തമായുള്ള ഉമ്മന്‍ചാണ്ടിയെ വിലയിരുത്താന്‍ രാഹുലിന് കഴിഞ്ഞെന്നതിന് തെളിവാണ് പുതിയ ദൗത്യം. മാത്രമല്ല ദേശീയ രാഷ്ട്രീയത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞാല്‍ രാഹുല്‍ – ഉമ്മന്‍ചാണ്ടി രസതന്ത്രം തന്നെ മാറിമറിയും.

അതോടെ ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു ഉയര്‍ത്തെഴുന്നേല്‍പ്പായി അത് മാറാനാണ് സാധ്യത. അതേസമയം കേരളത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ ശല്യം തീര്‍ന്നല്ലോ എന്ന് കരുതിയിരിക്കുന്നവരുടെ സന്തോഷത്തിന് അല്പായുസായിരിക്കും എന്നും തീര്‍ച്ച.

അവര്‍ക്ക് ഇനിയും ഉമ്മന്‍ചാണ്ടി മനസിലായിട്ടില്ല. ഒരേ സമയം ഒന്നല്ല പതിനാറു കാര്യങ്ങള്‍ കൈകാര്യം ചെയ്ത് വിരുത് കാട്ടിയ ഒരു പ്രതിഭാസം തന്നെയാണ് ഉമ്മന്‍ചാണ്ടി. അതിനാല്‍ കേരളത്തിലെ കാര്യങ്ങളും കുറച്ചുകൂടി അനായാസകരമായി അദ്ദേഹം സ്വന്തം തോണിയില്‍ ഉറപ്പിക്കും എന്ന് തീര്‍ച്ച.

×