Advertisment

മത്സ്യത്തൊഴിലാളി ഓര്‍ഡിനന്‍സിനെതിരേ ശക്തമായ പോരാട്ടം നടത്തുമെന്ന് ഉമ്മന്‍ ചാണ്ടി

New Update

കോട്ടയം: കോവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധനത്തിനു കടലിൽ പോകാനുള്ള നിയന്ത്രണങ്ങളും നിലനില്‌ക്കെ മത്സ്യത്തൊഴിലാളികളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്നതാണ് 2020-ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓർഡിനൻസ് എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ കരിനിയമത്തിനെതിരെ ആർഎസ്പിയുടെ പിന്നാലെ യുഡിഎഫും ശക്തമായ പോരാട്ടം നടത്തും.

Advertisment

publive-image

മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ നിന്ന് 5% തുക ഈടാക്കണം എന്നാണ് ഓർഡിനൻസിലെ വ്യവസ്ഥ. ഈ തുക ലേലക്കാർ, മത്സ്യത്തൊഴിലാളി സഹകരണ സംഘം, തദ്ദേശസ്വയംഭരണ സ്ഥാപനം, ഫിഷ് ലാന്റിംഗ് സെന്റർ, മാനേജ്‌മെന്റ് സൊസൈറ്റി, സർക്കാർ എന്നിവർക്ക് വീതിച്ചു കൊടുക്കും. മാനേജ്‌മെന്റ് സൊസൈറ്റികൾ ഇപ്പോൾ തന്നെ യൂസർ ഫീ ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ നിന്ന് നികുതി ഈടാക്കി മാനേജ്‌മെന്റ് സൊസൈറ്റികൾ ഉപയോഗിക്കുന്നതു കൊള്ളയാണ്.

കേരളത്തിൽ പത്ത് ഫിഷിംഗ് ഹാർബറുകളും ഏതാനും ലാന്റിംഗ് സെന്ററുകളും മാത്രമെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. ബാക്കി മത്സ്യത്തൊഴിലാളികളുടെ ആവാസ മേഖലയിൽ യാനങ്ങൾ എത്തിക്കുന്നത് ഓർഡിനസിലൂടെ നിയമ വിരുദ്ധമാക്കി. ഇതു മത്സ്യത്തൊഴിലാളികളോടു കാട്ടുന്ന കൊടുംക്രൂരതയാണ്. സർക്കാരിനു താല്പര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച ലാന്റിംഗ് സെന്റർ, ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റികൾ വഴി മത്സ്യ ബന്ധന മേഖലയാകെ രാഷ്ട്രീയവത്കരിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.

മത്സ്യം നിയമവിധേയമായി പിടിച്ചെടുത്തതാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്ന വിധത്തിൽ മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാർഗ്ഗം മുതലായ വിവരങ്ങൾ അടങ്ങിയ സാക്ഷ്യപത്രം നേടാൻ യാന ഉടമകൾക്ക് അർഹതയുണ്ടായിരിക്കുന്നതാണ് എന്ന വകുപ്പ് അപ്രായോഗികവും മത്സ്യത്തൊഴിലാളിയെ പരിഹസിക്കുന്നതുമാണ്. മത്സ്യബന്ധനം നടത്തി ലഭിക്കുന്ന മത്സ്യത്തിന്റെ നിലവാരം സാക്ഷ്യപ്പെടുത്തൽ എന്ന നിയമത്തിലെ 21-ാം വകുപ്പും അതിന്റെ 3 വരെയുള്ള ഉപവകുപ്പുകളും മത്സ്യത്തൊഴിലാളിയെ ഉപദ്രവിക്കാൻ വേണ്ടിയുള്ളതുമാണ്.

ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ച തീരുമാനത്തിനു എതിരേ അപ്പീൽ നൽകണമെങ്കിൽ മത്സ്യത്തൊഴിലാളി മൊത്തം പിഴത്തുക കെട്ടിവയ്ക്കണം. ഉദേ്യാഗസ്ഥൻ തെറ്റായ തീരുമാനം എടുത്താൽ അയാൾക്കെതിരെ വ്യവഹാരമോ, പ്രോസിക്യൂഷനോ, നിയമ നടപടികളോ പാടില്ല. തികച്ചു ജനാധിപത്യ വിരുദ്ധമായ വ്യവസ്ഥകളാണിവ.

Advertisment