Advertisment

മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത് ! കോവിഡിതര രോഗികളും പ്രതിസന്ധിയില്‍; 20 കോടി എപി ഫണ്ട് വിനിയോഗിച്ചില്ല !

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് രോഗം കേരളത്തില്‍ ആരംഭിച്ചിട്ട് 9 മാസം പിന്നിട്ടപ്പോള്‍ രാജ്യത്തെ കോവിഡ് സാന്ദ്രത നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറുകയും കോവിഡിതര രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അടിയന്തിര തിരുത്തലുകള്‍ വരുത്തണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കോവിഡ് രോഗ മുക്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് കോവിഡിതര രോഗികള്‍ക്ക് ജീവിതശൈലി രോഗചികിത്സ ഉള്‍പ്പെടെ പലയിടത്തും ചികിത്സ കിട്ടുന്നില്ല. പലരും ആശുപത്രിയില്‍ പോകുന്നതു തന്നെ ഒഴിവാക്കുന്നു.

ധാരാളം പേര്‍ മരിക്കുന്നു. നോണ്‍-കോവിഡ് രോഗികളുടെ ചികിത്സ (ഓപ്പറേഷന്‍, ഡയാലിസിസ് ഉള്‍പ്പെടെ) ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം തയ്യാറാക്കണം.

കോവിഡ്, കോവിഡിതര രോഗികളുടെ ചികിത്സയ്ക്കും ഓപ്പറേഷനും സ്വകാര്യ മേഖലയെ പരമാവധി പ്രയോജനപ്പെടുത്താന്‍ അവരുമായി ചര്‍ച്ച നടത്തണം. സ്വകാര്യ മേഖലയിലെ കോവിഡ് ചികിത്സയ്ക്കുള്ള ചെലവ് ഗവണ്‍മെന്റ് വഹിക്കണം.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കണം. നോണ്‍-കോവിഡ് രോഗികള്‍ക്ക് ഗവണ്‍മെന്റ് മേഖലയില്‍ നല്കുന്ന സൗകര്യം സ്വകാര്യ മേഖലയില്‍ നല്കുകയും ചികിത്സയുടെ സാമ്പത്തിക ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്താല്‍ ചികിത്സാരംഗത്ത് വലിയ ആശ്വാസം കൊണ്ടുവരാനാകും.

മറ്റ് സംസ്ഥാനങ്ങളില്‍ ഹെല്‍ത്ത്, പോലീസ് മറ്റ് അവശ്യ ജീവനക്കാര്‍ക്ക് പ്രതേ്യക ഇന്‍സെന്റീവ് കൊടുക്കുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് സാലറി കട്ട് ഏര്‍പ്പെടുത്തിയത് പുന:രാലോചിക്കണം.

ഐ.എം.എ., സ്വകാര്യ മേഖല ഉള്‍പ്പെടെ എല്ലാ വിദഗ്ധരെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തുകയും അവരെ ഉള്‍പ്പെടുത്തി സംസ്ഥാനതല സമിതി പുന:സംഘടിപ്പിക്കുകയും ചെയ്യണം. സമിതി രണ്ട് ദിവസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ നിര്‍ദ്ദേശിക്കണം.

കോവിഡ് രോഗികള്‍ക്കു വെന്റിലേറ്ററുകള്‍ വാങ്ങുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ 15 വെന്റിലേറ്റര്‍ വാങ്ങുവാന്‍ മാര്‍ച്ച് മാസം അനുവദിച്ചെങ്കിലും ഇതുവരെ ഒരു വെന്റിലേറ്റര്‍ പോലും വാങ്ങിയില്ല.

എം.പി.മാര്‍ 20 കോടിയോളം രൂപ വെന്റിലേറ്റര്‍ വാങ്ങുവാന്‍ നല്‍കിയിട്ടും ഒരെണ്ണംപോലും വാങ്ങാനായില്ല. ഗുരുതരമായ ഈ വിഷയം മുഖ്യമന്ത്രി പ്രതേ്യകം പരിശോധിക്കണം.

കോവിഡ് രോഗ വ്യാപന സാധ്യതയുള്ള ക്ലസ്റ്ററുകള്‍ കണ്ടെത്തി ആ മേഖലകളില്‍ രോഗ നിയന്ത്രണം ഫലപ്രദമാക്കുകയും രോഗ പരിചരണം ലഭ്യമാക്കുകയും വേണം.

കോവിഡ് ടെസ്റ്റ് നിലവിലുള്ളതിന്റ ഇരട്ടിയാക്കണം. കോവിഡ് രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ക്കും പ്രൊഫഷലിനും കൈമാറി വിശകലനവും ഗവേഷണവും പ്രോത്സാഹിപ്പിക്കണം.

9 മാസമായിട്ടും കോവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വളരെ കുറവാണ്. അപൂര്‍വം ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ മാത്രമാണ് പ്രവര്‍ത്തന സജ്ജം.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാര്‍ഡുകള്‍ ക്രമീകരിച്ച് വെന്റിലേറ്റര്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണം. വീടുകളില്‍ കഴിയുന്ന രോഗികളുടെ രോഗ വിവരം മോണിട്ടര്‍ ചെയ്യാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നടപടികള്‍ ഉണ്ടാകണം.

സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന ഗുണനിലവാരം ഉള്ള മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന അണുനശീകരണവും മാലിന്യ സംസ്‌കരണവും ഫലപ്രദമായി നടപ്പിലാക്കണം.

സംസ്ഥാനത്ത് അണുബാധ നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വ്യവസ്ഥാപിതമാക്കണം. അണുബാധ നിയന്ത്രണ കാര്യത്തില്‍ പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള അവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.

പ്രതിപക്ഷ സമരം മൂലമാണ് രോഗവ്യാപനമെന്ന് ആക്ഷേപിച്ച് രക്ഷപ്പെടാന്‍ സര്‍ക്കാരിന് കഴിയില്ല. രോഗം പോസിറ്റീവ് ആയവരില്‍ എത്രപേര്‍ സമരത്തില്‍ പങ്കെടുത്തവരാണെന്ന കണക്കുപോലും ഇല്ലാതെയാണ് ഈ വിമര്‍ശനം ഉയര്‍ത്തുന്നത്.

സമരങ്ങള്‍ നിറുത്തുവാന്‍ പ്രതിപക്ഷം തീരുമാനിച്ചപ്പോള്‍ അതിനെ ഉള്‍ക്കൊള്ളുന്നതിന് പകരം മന്ത്രിമാര്‍ ഉള്‍പ്പെടെ ചിലര്‍ നടത്തിയ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനുള്ള തന്ത്രമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

oommen chandy
Advertisment