Advertisment

നായക സ്ഥാനത്തുനിന്നും രമേശ് ചെന്നിത്തലയെ തെറിപ്പിച്ചത് ഘടകകക്ഷികളുടെ നിലപാടുതന്നെ ! ഉമ്മന്‍ ചാണ്ടി വരണമെന്ന് വാശി പിടിച്ചത് കുഞ്ഞാലിക്കുട്ടിയും ജോസഫും പ്രേമചന്ദ്രനും ! എന്‍എസ്എസുകൂടി തുണച്ചതോടെ ഉമ്മന്‍ ചാണ്ടി ഒന്നാമനായി. ജോസിനെ പുറത്താക്കി സംരക്ഷിച്ചിട്ടും ചെന്നിത്തലയെ പിന്നില്‍നിന്നു കുത്തി പിജെ ജോസഫ് ! എങ്കിലും പ്രതിപക്ഷനേതാവെന്ന നിലയില്‍ നാലര വര്‍ഷത്തെ ചെന്നിത്തലയുടെ കഠിനാധ്വാനം വെറുതെയാകില്ലെന്നും വിലയിരുത്തല്‍ !

New Update

publive-image

Advertisment

ഡല്‍ഹി: തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ച ഹൈക്കമാന്‍റ് തീരുമാനത്തിനു പിന്നില്‍ മുഖ്യ പ്രേരണയായത് യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ നിലപാടെന്ന് റിപ്പോര്‍ട്ട്.

വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയെ രമേശ് ചെന്നിത്തല നയിച്ചാല്‍ വിജയം ഉണ്ടാകില്ലെന്ന കര്‍ശന നിലപാട് ഹൈക്കമാന്‍റ് പ്രതിനിധികള്‍ക്കു മുമ്പില്‍ നിരത്തിയത് പികെ കു‍ഞ്ഞാലിക്കുട്ടിയും പിജെ ജോസഫും എന്‍കെ പ്രേമചന്ദ്രന്‍ എംപിയുമാണ്. അനൂപ് ജേക്കബ്ബും സിപി ജോണും ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളും ഇതേ അഭിപ്രായമാണ് പറ‍ഞ്ഞത്. എന്‍എസ്എസും ഇതേ നിലപാട് ആവര്‍ത്തിച്ചതോടെ രമേശ് ചെന്നിത്തലയ്ക്കു പകരം ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഹൈക്കമാന്‍റ് തീരുമാനിക്കുകയായിരുന്നു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമെന്ന പഴയ ഫോര്‍മുല തന്നെയാണ് എന്‍എസ്എസ് മുന്നോട്ടു വച്ചത്. ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പ് നയിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി.

publive-image

യുഡിഎഫില്‍ രമേശ് ചെന്നിത്തലയെക്കൊണ്ട് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്‍റെ നിലപാടു മാറ്റമാണ് ഐ ഗ്രൂപ്പിനെ അമ്പരപ്പിച്ചത്. നയിക്കാന്‍ രമേശ് പോരാ, ഉമ്മന്‍ ചാണ്ടി വരണമെന്ന് ജോസഫ് കര്‍ശന നിലപാട് സ്വീകരിച്ചു.

പിജെ ജോസഫിനെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു രമേശ് ചെന്നിത്തല മുന്‍കൈയ്യെടുത്ത് യുഡിഎഫില്‍നിന്നും ജോസ് കെ മാണിയെ പുറത്താക്കി ജോസഫ് വിഭാഗത്തെ മുന്നണിയില്‍ നിര്‍ത്തിയത്. ഇതിന്‍റെ പേരില്‍ ചെന്നിത്തല ഏറെ പഴി കേള്‍ക്കുകയും മുന്നണിക്ക് തിരിച്ചടി ഉണ്ടാകുകയും ചെയ്തു. എന്നിട്ടും ജോസഫ് രമേശിനെ തള്ളിപ്പറയുകയായിരുന്നു.

മുസ്ലിം ലീഗും പികെ കുഞ്ഞാലിക്കുട്ടി എന്ന നേതാവും ഉമ്മന്‍ ചാണ്ടിയുമായി ഏറെ അടുപ്പത്തില്‍ തന്നെയാണ്. അതിനാല്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ആരെയും അദ്ഭുതപ്പെടുത്തിയില്ല. അതേസമയം രമേശ് ചെന്നിത്തലയെ കൈവിടില്ലെന്ന വ്യക്തമായ സന്ദേശം നല്‍കിയാണ് കുഞ്ഞാലിക്കുട്ടി ഇന്ന് രമേശിനെ സന്ദര്‍ശിച്ചത്.

കഴിഞ്ഞ നാലര വര്‍ഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയായിരുന്നു നേതാക്കള്‍ ഒന്നടങ്കം എന്നതും ശ്രദ്ധേയമായി. സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.

സ്പ്രിംഗ്ളര്‍, വെബ്കോ ആപ്പ് ഉള്‍പ്പെടെയുള്ള വിവാദ തീരുമാനങ്ങളെല്ലാം പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ കാരണമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. അതിനാല്‍ തന്നെ മുന്നണിയുടെ തലപ്പത്തുനിന്ന് ചെന്നിത്തലയെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയില്ല. കഠിനാധ്വാനം ചെയ്ത പ്രതിപക്ഷ നേതാവെന്ന ഖ്യാതിതന്നെയാണ് രമേശ് ചെന്നിത്തലയ്ക്ക് മുന്നണിയിലുള്ളത്.

 

 

delhi news
Advertisment