Advertisment

ശബരിമല മുറിവുണക്കാന്‍ നിയമനടപടി വേണം: ഉമ്മന്‍ ചാണ്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് ശാശ്വതമായി ഉണക്കാന്‍, വിധിക്കെതിരേ നല്കിയ റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹര്‍ജിയാണ് നല്‍കേണ്ടത്.

1950 ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിലെ വ്യവസ്ഥകള്‍ക്കും 1991 ഏപ്രില്‍ 5-ാം തീയതിയിലെ കേരള ഹൈക്കോടതിയുടെ മഹീന്ദ്രന്‍ കേസിലെ വിധിന്യായവും പരിഗണിക്കാതെയാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാര വിശ്വാസങ്ങള്‍ക്കെതിരേ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

2016 ഫിബ്രുവരി 4-ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മുലത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദര്‍ശനാനുമതി നല്‍കുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് ഹര്‍ജി നിലനില്ക്കില്ലെന്ന് ശക്തിയുക്തം വാദിച്ചിരുന്നു.

എന്നാല്‍, ഹര്‍ജി വാദത്തിനുവന്നപ്പോള്‍ ഇടതു സര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുളള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായും 10-നും 50-നുമിടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്ന നിലപാട് ഹര്‍ജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമമൊരു വിധി ഉണ്ടായത്.

കേസില്‍ അയ്യപ്പ ഭക്തര്‍ക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ സമീപനം സ്വീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടാണ്.

1991 ഏപ്രില്‍ 4-ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ദര്‍ശനാനുമതി നിരോധിച്ചു കൊണ്ടുള്ള നടപടി ഭരണഘടനാ വ്യവസ്ഥകള്‍ക്ക് എതിരല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

1950 ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 31-ാം വകുപ്പനുസരിച്ച് അയ്യപ്പ ക്ഷേത്രത്തിലെ ദൈനംദിന ആരാധന ആഘോഷങ്ങള്‍ ആചാരമനുസരിച്ചായിരിക്കണമെന്നും വ്യക്തമാണ്. ഇവ ഭരണഘടനാ വിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിക്കാത്തിടത്തോളം കാലം നിലനില്‍ക്കും.

അയ്യപ്പക്ഷേത്രത്തില്‍ 10-നും 50-നും ഇടയിലുള്ള സ്ത്രീകള്‍ക്ക് ദര്‍ശനാനുമതി നിയന്ത്രിച്ചുകൊണ്ടുള്ള വ്യവസ്ഥ റദ്ദ് ചെയ്യുന്നതും അയ്യപ്പ വിശ്വാസികള്‍പോലുമല്ലാത്ത ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതും നിയമപരമായി നിലനില്ക്കില്ല. ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ബാധകമല്ല.

സുപ്രീകോടതി വിധിയും പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ നടത്തിയ ശ്രമങ്ങളും കേരളീയ സമൂഹത്തിനും അയ്യപ്പഭക്തര്‍ക്കും മേല്‍ ഏല്പിച്ച മുറിവുണക്കാന്‍ ഇനിയും ഒട്ടും വൈകരുതെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

oommen chandy trivandrum news
Advertisment