Advertisment

ഇടതുസര്‍ക്കാര്‍ വയനാടിനോട് കാട്ടിയത് ക്രൂരത: ഉമ്മന്‍ചാണ്ടി

New Update

publive-image

Advertisment

പടിഞ്ഞാറത്തറ: വയനാടിനോട് ഇടതുസര്‍ക്കാര്‍ ചെയ്തത് വഞ്ചനയും ക്രൂരതയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. പടിഞ്ഞാറത്തറയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ നിന്നും ചികിത്സക്കായി കോഴിക്കോടേക്കുള്ള യാത്രക്കിടയില്‍ മരിച്ചവരുടെ ലിസ്റ്റ് സഹിതം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലക്ക് മെഡിക്കല്‍ കോളജ് അനുവദിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ തറക്കല്ലിട്ട പദ്ധതി പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം തുടര്‍നടപടികളുമായി മുന്നോട്ടുപോയെങ്കിലും അതിന് ശേഷം ആവശ്യമില്ലാത്ത കാര്യങ്ങള്‍ നിരത്തി ഇല്ലാതാക്കുകയായിരുന്നു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യമില്ല. പാവപ്പെട്ടവന് മെച്ചപ്പെട്ട ചികിത്സകിട്ടിയെ മതിയാവൂ. അതുകൊണ്ട് തന്നെ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ

യനാട്ടിലെ കാര്‍ഷികമേഖല നിരവധിയായ പ്രശ്‌നങ്ങളാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയം. ഗാഡ്കില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്ന ഘട്ടത്തില്‍ ജനങ്ങള്‍ ആശങ്കയിലായിരുന്നു. 123 വില്ലേജുകളായിരുന്നു പരിസ്ഥിതിലോലമേഖയില്‍ ഉള്‍പ്പെട്ടിരുന്നത്. പിന്നീട് കൃഷിഭൂമിയും, തോട്ടങ്ങളടക്കമുള്ള സ്ഥലങ്ങളും ജനവാസകേന്ദ്രങ്ങളുമെല്ലാം ഇഎസ്ഐയില്‍നിന്നും ഒഴിവാക്കി.

മാത്രമല്ല, യുഡിഎഫ് സര്‍ക്കാര്‍ ഒരിഞ്ച് പട്ടയഭൂമി പോലും ഇഎസ്ഐയില്‍ ഉള്‍പ്പെടുത്താതെയാണ് കരട് വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു തുടര്‍നടപടികളും പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. വന, വന്യമൃഗ സംരക്ഷണത്തിനൊന്നും യുഡിഎഫ് എതിരല്ല, എന്നാല്‍ മനുഷ്യന് ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. അതുകൊണ്ട് തന്നെ അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ജനങ്ങളുടെ ആശങ്കയകറ്റുന്ന കരട് വിജ്ഞാപനം അന്തിമവിജ്ഞാപനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു വിഷയം വന്യമൃഗ ശല്യമാണ്. വനത്തിനുള്ളില്‍ താമസിക്കുന്നവരെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിലൂടെ പുറത്തേക്കെത്തിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികവിളകള്‍ക്ക് ന്യായമായ വില നല്‍കുമെന്ന് പറഞ്ഞെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന് അതിനും സാധിച്ചില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റബ്ബറിന് 150 രൂപ വരെ താങ്ങുവില നല്‍കിയിരുന്നു. അഞ്ച് കൊല്ലം ഭരണത്തിലിരുന്നിട്ടും അതില്‍ നിന്നും ഒരു രൂപ കൂട്ടി നല്‍കാന്‍ ഈ സര്‍ക്കാരിന് സാധിച്ചില്ല. നെല്ല് ഒഴികെയുള്ള മറ്റ് വിളകളുടെ കാര്യവും വ്യത്യസ്തമല്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്ന വിധത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എന്‍ഡി അപ്പച്ചന്‍, എഐസിസി നിരീക്ഷക വെറോണിക്ക, പിപി ആലി, എംഎ ജോസഫ്, എം മുഹമ്മദ് ബഷീര്‍, മാണി ഫ്രാന്‍സിസ്, പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

oommen chandy wayanad news
Advertisment