Advertisment

നിയമസഭാ തെരഞ്ഞെടുപ്പിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗത്തില്‍ എല്ലാം ക്രമപ്രകാരം. ചെന്നിത്തലയെ ഒപ്പം നിര്‍ത്തി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി. കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിക്കും. തരൂരും നേതൃനിരയിലേക്ക്. സീറ്റ് വിഭജനത്തിന്റെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെയും നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ ഇനി തര്‍ക്കങ്ങള്‍ക്ക് ഇടവേള !

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങളുടെ ചുക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേല്‍ നോട്ടസമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. സീറ്റ് വിഭജനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം വന്നപ്പോള്‍ മൈക്ക് യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയ ഉമ്മന്‍ ചാണ്ടി അധികര വിഭജനം സംബന്ധിച്ച കൃത്യമായ സന്ദേശം നല്‍കി.

ജനുവരി 31ന് പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. കേരള ഐശ്വര്യ യാത്ര എന്നാണ് യാത്രയുടെ പേര്. യാത്രയുടെ ചുമതല അതത് ലോക്സഭാ മണ്ഡലങ്ങളിലെ എംപിമാര്‍ക്കായിരിക്കും. കോണ്‍ഗ്രസിന് എംപിമാരില്ലാത്ത ജില്ലകളില്‍ മറ്റ് നേതാക്കളെ നിയമിച്ചിട്ടുണ്ട്.

കോട്ടയത്തിന്റെ ചുമതല തനിക്കാണെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. ടി സിദ്ദിഖിനാണ് മലപ്പുറത്തിന്റെ ചുമതല. വയനാടിന്റെയും ആലപ്പുഴയുടെയും ഉത്തരവാദിത്വം കെസി വേണുഗോപാലിനാണെന്നും അദ്ദേഹം അറിയിച്ചു.

ശശി തരൂര്‍ നാല് ദിവസം യുവാക്കളും വിദ്യാര്‍ത്ഥികളുമടക്കം വിവിധ വിഭാഗങ്ങളുമായി സംവദിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ശശി തരൂര്‍ എത്തുക. പ്രകടനപത്രിക കോണ്‍ഗ്രസിന്റെ മാത്രം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രമാവരുത് എന്നുള്ളതുകൊണ്ടാണ് തരൂരിനെ ആളുകളുമായി സംവദിക്കാന്‍ ഉത്തരവാദിത്വപ്പെടുത്തിയിരിക്കുന്നത്.

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം രമേശ് ചെന്നിത്തലയെ ഏല്‍പിച്ചു. ഇത്തവണ പരസ്യ ചര്‍ച്ചകളല്ല നടക്കുകയെന്നും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഘടക കക്ഷികളുമായി അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.

നേമം ഗുജറാത്താണെന്ന കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തോടും അദ്ദേഹം പ്രതികരിച്ചു. നേമം ഗുജറാത്ത് പോലെയാണെന്ന് പറഞ്ഞത് ശരിയാണ്. എല്ലാവിധ മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലമാണ് ഗുജറാത്ത്.

അങ്ങനെയൊരു സ്ഥലമായി നേമത്തെ അദ്ദേഹം വിശേഷിപ്പിച്ചത് നേമത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. നേമം യുഡിഎഫ് പിടിച്ചെടുക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്നോട്ടുപോവുന്നത്. നേമത്ത് നല്ല വിജയപ്രതീക്ഷയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഐശ്വര കേരളം യാത്രയുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും ചെന്നിത്തല വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

കെവി തോമസ് പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തിന് അദ്ദേഹം കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. അദ്ദേഹം കോണ്‍ഗ്രസില്‍ത്തന്നെയുണ്ട്. തുടര്‍ന്നുമുണ്ടാകും. യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ജനാധിപത്യ രീതികളാണുള്ളത്. പാര്‍ട്ടിയില്‍ ആര്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും ചര്‍ച്ച ചെയ്യും. ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവരെ തള്ളിക്കളയുകയല്ല ചെയ്യുക.

അവരെ ഉള്‍ക്കൊണ്ട് അവരുടെ ആവശ്യങ്ങളറിയും. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കും. അതനുസരിച്ച് ജനാധിപത്യ പാര്‍ട്ടി പ്രതികരിക്കേണ്ടതുപോലെ പ്രതികരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

congress oommen chandy
Advertisment